Connect with us

Ongoing News

ഓണത്തിന് 1350 പച്ചക്കറി വിപണന സ്റ്റാളുകള്‍ തുറക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍

Published

|

Last Updated

മലപ്പുറം: കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറി വിപണനം നടത്തുന്നതിന് ഓണത്തോടനുബന്ധിച്ച് 1350 പച്ചക്കറി വില്‍പന സ്റ്റാളുകള്‍ തുറക്കുമെന്ന് കാര്‍ഷിക വികസന – കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. “ഫാം ട്രസ്റ്റ് വെജിറ്റബിള്‍ ഓഫ് കേരള” ബ്രാന്‍ഡിലാണ് പച്ചക്കറികള്‍ വിപണിയിലെത്തിക്കുക. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ സ്റ്റാളുകള്‍ വഴിയും ജൈവ പച്ചക്കറി വിപണിയിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ ഓണം വിപണി ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന 100 ഏക്കറിലധികം പച്ചക്കറി കൃഷിയുടെ വിളവെടുപ്പും കര്‍ഷക സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ പച്ചക്കറി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളിലൊന്ന് വിപണന സൗകര്യങ്ങളില്ലാത്തും വിലക്കുറവുമാണ്. നാട്ടിലെ കര്‍ഷകര്‍ വിപണി കിട്ടാതെ അലയുമ്പോഴാണ് മൂന്ന് ലക്ഷം വരെ പലിശ രഹിത വായ്പ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. 500 കൃഷിഭവനുകളില്‍ കൂടി നാളികേര സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങും. കേരഫെഡ് മുഖേനയുള്ള നാളികേര സംഭരണത്തിലെ വീഴ്ചകള്‍ പരിഹരിച്ച് വരികയാണ്. കേര കര്‍ഷകരുടെ കുടിശിക തീര്‍ക്കുന്നതിനും നാളികേര സംഭരണം വിപുലപ്പെടുത്തപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി ജുവൈരിയ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോഷ്‌നി കെ ബാബു, വൈസ് പ്രസിഡന്റ് എം കെ അബ്ദുന്നാസര്‍, മറ്റ് ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മുഹമ്മദ് വാക്കേത്ത്, വണ്ടൂര്‍ കൃഷി ഓഫീസര്‍ കെ സുബൈര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പച്ചക്കറി കൃഷിയില്‍ സംയോജിത രോഗ കീട നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ച് കൃഷി ഓഫീസര്‍ കെ പി സുരേഷ് ക്ലാസെടുത്തു. വണ്ടൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ 40 ഏക്കറില്‍ ജൈവ പച്ചക്കറി കൃഷി നടത്തുന്ന കര്‍ഷകനായ എ പി മധുസൂദനന്റെ തോട്ടത്തിലാണ് മന്ത്രി പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഓണത്തിന് 45 ടണ്‍ പച്ചക്കറി ഇവിടെ ഉത്പാദിപ്പിച്ചതായും ഈ വര്‍ഷം 60 ടണ്‍ വിളവ് പ്രതീക്ഷിക്കുന്നതായും കൃഷി ഓഫീസര്‍ കെ സുബൈര്‍ ബാബു പറഞ്ഞു. വണ്ടൂര്‍ പഞ്ചായത്തില്‍ മൊത്തം 60 ഹെക്ടര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയുണ്ട്.