Connect with us

Editorial

കേന്ദ്ര സര്‍ക്കാറും പരമോന്നത കോടതിയും

Published

|

Last Updated

ന്യായാധിപന്‍മാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് നടത്തിയ രൂക്ഷമായ വിമര്‍ശം ഭരണ നിര്‍വഹണ വിഭാഗവും നീതിന്യായ വിഭാഗവും തമ്മില്‍ കുറച്ച് കാലമായി നിലനില്‍ക്കുന്ന ഭിന്നതയുടെ ഏറ്റവും പുതിയ നിദര്‍ശനമാണ്. അങ്ങേയറ്റം സൂക്ഷ്മതയോടെ നിര്‍വഹിക്കേണ്ടതും ജനങ്ങള്‍ വളരെയേറെ പ്രതീക്ഷാപൂര്‍വം നോക്കിക്കാണുന്നതുമായ ദൗത്യമാണ് കോടതികള്‍ നിര്‍വഹിക്കുന്നത്. വൈകി ലഭിക്കുന്ന നീതി അനീതിക്ക് തുല്യമാണെന്നും ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും തത്വദീക്ഷ പുലര്‍ത്തുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ കോടതികളില്‍ മതിയായ തോതില്‍ ന്യായാധിപര്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. നിയമനം ജനങ്ങള്‍ക്കും ജനപ്രതിനിധികളാല്‍ നിര്‍മിതമായ പാര്‍ലിമെന്റിനും ബോധ്യപ്പെടുന്ന മാര്‍ഗത്തിലൂടെയായിരിക്കണമെന്ന് മാത്രം.

ജഡ്ജിമാരുടെ നിയമനകാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വം ഉദാസീനത പുലര്‍ത്തുകയാണെങ്കില്‍ തടസ്സം നീക്കാന്‍ അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. “കോടതിയെ സര്‍ക്കാര്‍ എന്തിനാണ് ഇത്രയും അവിശ്വസിക്കുന്നത്? കൊളീജിയം ശിപാര്‍ശ ചെയ്ത ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം പോലും ഇതുവരെ അംഗീകരിച്ചിട്ടില്ല. തടസ്സമൊഴിവാക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയെ പ്രേരിപ്പിക്കരുത്”–ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ച് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാറിനെതിരെ തുറന്നടിച്ചു. ജഡ്ജിമാരുടെ അഭാവത്തില്‍ കോടതികള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാക്കരുതെന്നും ചീഫ് ജസ്റ്റിസ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.

രൂക്ഷമായ ഭാഷയാണ് ബഞ്ച് ഉപയോഗിച്ചത്. കൊളീജിയം ശിപാര്‍ശകള്‍ അടങ്ങിയ ഫയല്‍ നിലവില്‍ ആരുടെ പക്കലാണുള്ളത്? ഫയലിന് മേല്‍ ഏക്കാലവും അടയിരിക്കാനാണ് ഭാവമെങ്കില്‍, അത് നടക്കില്ലെന്നും ബഞ്ച് തുറന്നടിക്കുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി മുതല്‍ 75 പേരുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഈ പേരുകളില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ സര്‍ക്കാറിന് ഫയലുകള്‍ തിരിച്ചയക്കാവുന്നതാണ്. കൊളീജിയം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കൊളീജിയം നല്‍കിയ പട്ടിക ദീര്‍ഘകാലം പരിഗണിക്കാതെ വെക്കാന്‍ കഴിയില്ല. ജഡ്ജിമാരില്ലാതെ കോടതികള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ മുകുല്‍ റോത്തഗിയോട് ജസ്റ്റിസ് ഠാക്കൂര്‍ പറഞ്ഞു.

ന്യായാധിപരുടെ നിയമനത്തില്‍ ഇക്കാലം വരെ തുടര്‍ന്നുവന്ന കൊളീജിയം സമ്പ്രദായം അവസാനിപ്പിക്കാനായി പാര്‍ലിമെന്റ് 2015 ഒക്ടോബറില്‍ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്‍ (എന്‍ ജെ എ സി) പാസ്സാക്കിയതോളം നീളുന്നതാണ് ഇപ്പോഴത്തെ വടംവലിയുടെ തായ്‌വേര്. ഈ ബില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് റദ്ദാക്കുകയായിരുന്നു. ഇതിന് ശേഷം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അംഗങ്ങളായ കൊളീജിയം സംവിധാനത്തോട് കേന്ദ്ര സര്‍ക്കാര്‍ നിസ്സഹകരണ മനോഭാവം പുലര്‍ത്തുന്നുവെന്ന് പറയേണ്ടി വരും. ജഡ്ജ് നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയ്യാറാക്കിയ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍ (എം ഒ പി) സുപ്രീം കോടതി തള്ളിയതും സര്‍ക്കാറിനെ ചൊടിപ്പിച്ചു. രാജ്യസുരക്ഷ മുന്‍നിര്‍ത്തി കൊളീജിയം ശിപാര്‍ശ തള്ളാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നത് ഉള്‍പ്പെടെ എം ഒ പി വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതി നിലപാട്.

ഇതിനെതിരെ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കി സുപ്രീം കോടതിക്ക് നിയമമന്ത്രി കത്തയച്ചിരുന്നു. ഏതായാലും ഈ അഭിപ്രായഭിന്നത ന്യായാധിപ നിയമനത്തില്‍ സ്തംഭനാവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. 24 ഹൈക്കോടതികളില്‍ 477 ഒഴിവുകള്‍ നികത്താനുണ്ട്. 40 ലക്ഷത്തോളം കേസ് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നു. ഈ സാഹചര്യം തനിക്കുണ്ടാക്കുന്ന മാനസിക സമ്മര്‍ദം വിശദീകരിക്കവേ പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ചീഫ് ജസ്റ്റിസ് വിങ്ങിപ്പൊട്ടിയത് ഈ വിഷയത്തിലേക്ക് രാജ്യത്തിന്റെയാകെ ശ്രദ്ധ ക്ഷണിക്കുന്നതിന് കാരണമായിരുന്നു. ഇത്തരുണത്തില്‍ നീതിന്യായ വിഭാഗവും സര്‍ക്കാറും തമ്മില്‍ നിരന്തര ചര്‍ച്ചകളിലൂടെ സമവായത്തിലെത്തുകയാണ് വേണ്ടത്. കോടതികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതും കേസുകള്‍ കെട്ടിക്കിടക്കുന്നതും ഗുരുതരമായ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക.