Connect with us

Kerala

അസ്ലം വധം: പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു

Published

|

Last Updated

കോഴിക്കോട്: നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് തിരിച്ചറിഞ്ഞു. അക്രമി സംഘം സഞ്ചരിച്ച ഗോള്‍ഡന്‍ കളര്‍ കെ എല്‍ 13 സെഡ് 9091 നമ്പര്‍ ഇന്നോവ കാര്‍ കോഴിക്കാട് ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ടണ്ട്. ബേപ്പൂര്‍ സ്വദേശിയില്‍ നിന്നും പ്രദേശവാസിയായ യുവാവ് വാടകക്ക് എടുക്കുകയായിരുന്നു. ഇയാളെ പറ്റി വിവരങ്ങള്‍ ലഭിച്ചതായി റൂറല്‍ എസ് പി എന്‍ വിജയകുമാര്‍ പറഞ്ഞു. അക്രമി സംഘത്തില്‍ ഡ്രൈവറടക്കം ആറോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ അക്രമിസംഘത്തിന് വാഹനം കൈമാറാനുണ്ടായ സാഹചര്യം പൊലീസ് അന്വേഷിക്കുകയാണ്. അതേസമയം വാഹനം രണ്ടോ മൂന്നോ തവണ കൈമാറ്റം ചെയ്യപ്പെട്ടതായാണ് വിവരം.

അക്രമത്തിന് പിന്നില്‍ പിന്നില്‍ ആറംഗ സംഘമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതില്‍ അഞ്ചു പേരാണ് കൊലപാകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ഒരാള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ െ്രെഡവറായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നിലുള്ളത് ചൊക്ലിയില്‍ നിന്നുളളവരാണെന്നും പൊലീസിന് നേരിയ സൂചനയുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഇതില്‍ മൂന്ന് പേരാണ് കാറില്‍ നിന്നിറങ്ങി അസലമിനെ വെട്ടിയത്. ഇന്നോവ കാര്‍ കൊണ്ട് ബൈക്കിനെ ഇടിച്ച് വീഴ്ത്തിയ ശേഷം റോഡിലേക്ക് തെറിച്ച് വീണ അസലമിനെ വടി വാള്‍ കൊണ്ട് നിര്‍ത്താതെ വെട്ടുകയായിരുന്നു. റോഡില്‍ അപകടം ആണെന്നായിരിന്നു സമീപ വാസികള്‍ ആദ്യം കരുതിയത്.ശബ്ദം കേട്ട് ഓടി വരുന്നതിനിടയില്‍ കാറില്‍ നിന്നിറങ്ങിയവര്‍ അസ്‌ലമിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ തട്ടി മാറ്റി വെട്ടുകയായിരുന്നു. ചെറുതും വലുതുമായ 74 ഓളം മുറിവുകളാണ് ഇയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. മുഖം തിരിച്ചറിയാനാകാത്ത വിധം ആഴത്തിലുള്ള മുറിവുകളായിരുന്നു.

വലത് കൈയുടെ പാതി ഭാഗം മുറിഞ്ഞ് തൂങ്ങിയ നിലയിലും കാല്‍ പാദം പകുതി വേര്‍പ്പെട്ട നിലയിലും ആയിരുന്നു. എ എസ് പി ആര്‍ കറുപ്പസാമിയുടെ നേതൃത്വത്തില്‍ കുറ്റിയാടി സി ഐ ടി സജീവന്‍ അന്വേഷണ ഉദ്യേഗസ്ഥനായി രണ്ട് എസ് ഐ മാര്‍ അഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരും സിവില്‍ പോലീസ് ഉദ്യോഗസ്ഥരും റൂറല്‍ എസ് പിയുടെ കീഴിലുളള ക്രൈംസ്വകാഡ് ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് അന്വേഷണ സംഘം.

പ്രദേശത്ത് സമാധാനശ്രമങ്ങള്‍ തുടരുന്നതിനായ് കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന് ചേരുന്നുണ്ട്. അസ്ലമിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ നാദപുരത്തെ ചില മേഖലകളില്‍ ഒറ്റപെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഐഎം പ്രവര്‍ത്തകരുടെ വീടിന് നേരേയും കടകള്‍ക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്. ലീഗ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും വിലാപയാത്ര പോലുള്ള അനുശോചനങ്ങള്‍ ഒഴിവാക്കണമെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദ്രലി ശിഹാബ് തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കൊലപാതകത്തിനു പിന്നില്‍ സിപിഐഎം ആണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടാലും, തങ്ങള്‍ വെറുതേ വിടില്ലെന്ന് സിപിഐഎം നേതാക്കള്‍ പരസ്യമായ ഭീഷണി മുഴക്കിയിരുന്നുവെന്നും ലീഗ് ആരോപിച്ചിട്ടുണ്ട്. സിപിഐഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് യൂത്ത് ലീഗും ആരോപിക്കുന്നു.