Connect with us

Kerala

സഹപാഠികള്‍ക്കായി മലപ്പുറം സ്‌കൂളില്‍ ഒറ്റ രൂപ വിപ്ലവം

Published

|

Last Updated

മലപ്പുറം: അക്ഷരങ്ങള്‍ക്കൊപ്പം കനിവിന്റെ കരസ്പര്‍ശവുമായി മലപ്പുറത്തെ കുട്ടികളുടെ ഒറ്റരൂപാ വിപ്ലവം. മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2,200 കുട്ടികളാണ് കൂട്ടുകാരുടെ വേദനകള്‍ക്ക് മേല്‍ സേവനത്തിന്റെ മരുന്ന് പുരട്ടുന്നത്. സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സഹപാഠികളുടെ പത്ത് കുടുംബങ്ങളെ ദത്തെടുത്ത് സഹായിക്കുകയാണ് കുട്ടികള്‍.
വെള്ളിയാഴ്ചകളില്‍ എല്ലാ കുട്ടികളും ഒരു രൂപയുമായിട്ടാണ് സ്‌കൂളിലെത്തുക. ക്ലാസ് ലീഡര്‍ ഈ പണം ശേഖരിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തി ഓഫീസില്‍ ഏല്‍പ്പിക്കും. ഓണം, പെരുന്നാള്‍, ക്രിസ്തുമസ് പോലുള്ള ആഘോങ്ങള്‍ക്ക് പുത്തന്‍ വസ്ത്രം വാങ്ങുമ്പോള്‍ ഇതില്‍ നിന്ന് പത്ത് രൂപയും കൂട്ടുകാരുടെ കുടുംബത്തിനായി മാറ്റിവെക്കും. ഈ പണം കൊണ്ട് കൂട്ടുകാര്‍ക്കായി പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കും. കനിവെന്ന് പേരിട്ടിരിക്കുന്ന ഈ ഒറ്റ രൂപാ വിപ്ലവത്തിലൂടെ മഹത്തായ സന്ദേശമാണ് വിദ്യാര്‍ഥികള്‍ സമൂഹത്തിന് നല്‍കുന്നത്. വീടിന് സമീപത്തെ കടകളില്‍ നിന്ന് ഓരോ മാസവും ഇവര്‍ക്ക് 1200 രൂപയുടെ സാധനങ്ങള്‍ വാങ്ങാം. ഇതിനുള്ള തുക സ്‌കൂള്‍ അധികൃതര്‍ നേരിട്ട് കടകളില്‍ നല്‍കും. വൃക്കരോഗിയായ ഒരു വിദ്യാര്‍ഥിയുടെ പിതാവിന് 1,700 രൂപ ചെലവ് വരുന്ന ഡയാലിസിസ് ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നതിനുള്ള പണവും ഇവര്‍ കണ്ടെത്തുന്നു. ഗര്‍ഭിണിയായിരിക്കെ കിണറ്റില്‍ വീണ് നട്ടെല്ല് തകര്‍ന്ന് ജീവിതം കിടക്കയിലേക്ക് ചുരുങ്ങിയ കോഡൂര്‍ മങ്ങാട്ടുപുലത്തെ ശ്രീദേവിയും അംഗ വൈകല്യം ബാധിച്ച മകന്‍ സനീഷും ഇവരുടെ സഹായ ഹസ്തത്തിന് നന്ദി പറയുകയാണിപ്പോള്‍. ശ്രീദേവിക്ക് വീല്‍ചെയറും നല്‍കി വിദ്യാര്‍ഥികള്‍. സ്‌കൂളിലെ 72 അധ്യാപകര്‍ വര്‍ഷത്തില്‍ അഞ്ഞൂറ് രൂപ വീതം നല്‍കി വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്നുണ്ട്.

Latest