Connect with us

National

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താന്‍ നിര്‍ത്തണം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ പാകിസ്താന് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താന്‍ നിര്‍ത്തണം.പാകിസ്താന്‍ ഭീകരതയെ മഹത്വവത്കരിക്കുകയാണെന്ന് മോദി പറഞ്ഞു. എന്നാല്‍, ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ ഒരിക്കലും മുട്ടുകുത്തില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതാദ്യമായി, ബലൂചിസ്ഥാന്‍ വിഷയം ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചതും ശ്രദ്ധേയമായി. പാക് അധീന കാശമീരിലേയും ബലൂചിസ്ഥാനിലേയും ജനങ്ങള്‍ ഇന്ത്യന്‍ നിലപാടിനോട് നന്ദി രേഖപ്പെടുത്തിയെന്നായിരുന്നു മോദിയുടെ വെളിപ്പെടുത്തല്‍. താന്‍ തിരിച്ചും അവരോടും നന്ദി പ്രകടിപ്പിച്ചു. കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ പാകിസ്ഥാന്‍ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് മനസില്‍ വച്ചു കൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. എന്നാല്‍, 90 മിനിട്ട് നീണ്ട പ്രസംഗത്തില്‍ മോദി, കാശമീരിലെ സ്ഥിതിഗതികളെ കുറിച്ച് പരാമര്‍ശിച്ചില്ല.

ഇന്ത്യയെ മഹത്തരമാക്കുകയാണ് നമ്മുടെ കടമയെന്നും സ്വരാജ്യത്തില്‍ നിന്നും സുരാജ്യത്തിലേക്ക് മാറുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭരണം ജനവികാരം മാനിച്ച് ആയിരിക്കണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 125 കോടി തലച്ചോറുകള്‍ ഉണ്ട് ഇതുപയോഗിക്കണമെന്നും സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി മോദി സുദീര്‍ഘമായ പ്രസംഗമാണ് നടത്തിയത്. ഏകദേശം രണ്ടുമണിക്കൂറിനടുത്ത് ദൈര്‍ഘ്യം വന്ന പ്രസംഗം ചെങ്കോട്ടയില്‍ നടന്നിട്ടുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങളില്‍ ഏറ്റവും സമയമെടുത്ത പ്രസംഗങ്ങളില്‍ ഒന്നായിരുന്നു.

ഭരണം കാര്യക്ഷമമാക്കുന്നതില്‍ പുരോഗതി വരിച്ചെന്നും സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനായി. ഊര്‍ജ്ജോത്പാദനത്തിനും സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിലും വന്‍ കുതിപ്പുണ്ടായി.
എന്‍ഡിഎ സര്‍ക്കാര്‍ നിലവില്‍വന്ന ശേഷം റെയില്‍വേ, പാസ്‌പോര്‍ട്ട് വിതരണം എന്നിവ മെച്ചപ്പെടുത്തി. ആധാറുമായി 70 കോടി ജനങ്ങളെ ബന്ധിപ്പിച്ചു. ഊര്‍ജോത്പാദനത്തിലും സൗരോര്‍ജ ഉത്പാദനത്തിലും വന്‍ കുതിപ്പാണ് ഉണ്ടായത്. വൈദ്യുതി ഇല്ലാത്ത 10000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചതായും സര്‍ക്കാരിന്റെ നേട്ടമായി മോദി ചൂണ്ടിക്കാട്ടി.

എല്ലാവരും നല്ല രാജ്യത്തിനായി പ്രതിബദ്ധതയോടെ മുന്നോട്ട് പോകണം. തീവ്രവാദത്തിലേക്ക് ആകൃഷ്ടരായ യുവാക്കള്‍ മുഖ്യധാരയിലേക്ക് കടന്നുവരണം. അവരുടെ മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞു. പാകിസ്താനില്‍ കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ കരഞ്ഞവരാണ് ഇന്ത്യയിലെ കുട്ടികള്‍. ഇന്ത്യയുടെ മനസ്സ് അങ്ങിനെയാണ്. എന്നാല്‍ തീവ്രവാദത്തിനും മാവോയിസ്റ്റുകള്‍ക്കും മുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനികളുടെ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും. പോരാളികളുമായി ബന്ധപ്പെട്ട മ്യുസിയം തുറക്കുമെന്നു പ്രഖ്യാപനവും നടത്തി. സംസ്ഥാനത്തും വിപുലമായ ആഘോഷമാണ് നടന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി.കനത്ത സുരക്ഷാ സംവിധാനമാണ് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയത്. 500 ഓളം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്ക് വിനിയോഗിച്ചത്. ഇതിനൊപ്പം വിവിധ ജില്ലാ കേന്ദ്രങ്ങളിലും പ്രമുഖര്‍ പതാക ഉയര്‍ത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.

Latest