Connect with us

Ongoing News

100 മീറ്ററില്‍ സ്വര്‍ണം: വേഗ രാജാവ് ബോള്‍ട്ട് തന്നെ

Published

|

Last Updated

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് ട്രാക്കിനെ വിസ്മയിപ്പിച്ച് ജമൈക്കന്‍ ഇതിഹാസം വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട്. പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനലില്‍ 9.81 സെക്കന്റ് സമയത്തിലാണ് ബോള്‍ട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്. 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക് സ്വര്‍ണമാണ് ഉസൈന്‍ ബോള്‍ട്ട് റിയോയില്‍ സ്വന്തമാക്കിയത്.

തുടക്കത്തില്‍ ഒരല്‍പം പതറിയെങ്കിലും അതിവേഗ ചുവടുകളാല്‍ ഫിനിഷിങ്ങ് ലൈനിലേക്ക് ഉസൈന്‍ ബോള്‍ട്ട് കുതിച്ചെത്തുകയായിരുന്നു. 9.89 സെക്കന്റ് രേഖപ്പെടുത്തി ജസ്റ്റിന്‍ ഗാട്ട്‌ലിനും, 9.91 സെക്കന്റ് രേഖപ്പെടുത്തി ആന്ദ്രേ ദെ ഗ്രാസ്സും യഥാക്രമം രണ്ടും മുന്നും സ്ഥാനം നേടി ബോള്‍ട്ടിന് പിന്നിലായി നിലകൊണ്ടു. ജസ്റ്റിന്‍ ഗാട്ട്‌ലിന് മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും, ബോള്‍ട്ടിന്റെ മുന്നേറ്റത്തെ തടുക്കാന്‍ ഗാട്ട്‌ലിന്‍ സാധിച്ചില്ല. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ 9.68 സെക്കന്റിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 9.63 സെക്കന്റ് സമയത്തിലും ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നത്.

നേരത്തേ, പരിക്കിനെ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ബോള്‍ട്ടിന്റെ ഒളിമ്പിക് പങ്കാളിത്തം പോലും അനശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ ആ നിശ്ചയദാര്‍ഢ്യത്തിനൊപ്പം ഓടിയെത്താന്‍ പരിക്കുകള്‍ക്കാവുമായിരുന്നില്ല എന്നതാണ് റിയോയിലെ ട്രാക്കില്‍ കാണാന്‍ സാധിച്ചത്. ലോക റിക്കാര്‍ഡും ഒളിമ്പിക് റിക്കാര്‍ഡും സ്വന്തം പേരിലുള്ള ഈ ജമൈക്കക്കാരനു മുമ്പില്‍ ട്രാക്ക് എന്നും തലകുനിച്ചിട്ടേയുള്ളൂ. തന്റെ നേട്ടം, ജമൈക്കന്‍ ജനതയ്ക്ക് വേണ്ടിയാണ് എന്ന ട്വീറ്റും മത്സരത്തിന്റെ പിന്നാലെ ബോള്‍ട്ട് നല്‍കി.

Latest