Connect with us

Kerala

തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു

Published

|

Last Updated

കൊച്ചി:പ്രശസ്ത തിരക്കഥാകൃത്തും, സംവിധായകനുമായ ടി.എ.റസാഖ് (58) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുറക്കല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍  നടന്നു. ഒദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ നടത്തിയത്.

1958 ഏപ്രില്‍ 25ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കലിലാണ് ജനിച്ചത്.പിതാവ് ടി എ ബാപ്പുവും മാതാവ് വാഴയില്‍ ഖദീജയും ആണ്. അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ടി എ ഷാഹിദ് സഹോദരനാണ്. കൊളത്തൂര്‍ എ എം എല്‍ പി സ്‌ക്കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.എട്ടാം ക്ലാസ്സു മുതല്‍ തന്നെ റസാഖ് നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചന, സംവിധാനം നിര്‍വ്വഹിച്ച അദ്ദേഹം വര എന്ന സമാന്തര പ്രസിദ്ധീകരണത്തിനു് തുടക്കം കുറിച്ചു. കെ എസ് ആര്‍ ടി സി യില്‍ ക്ലാര്‍ക്ക് ആയിരുന്നു.

എ ടി അബുവിന്റെ ധ്വനിയില്‍ സഹസംവിധായകനായാണ് സിനിമയിലെത്തിയത്. ജി.എസ് വിജയന്‍ സംവിധാനംചെയ്ത “ഘോഷയാത്ര”യിലാണ് ആദ്യം തിരക്കഥ രചിച്ചത്. വിഷ്ണുലോകം, താലോലം, സ്‌നേഹം, ബസ് കണ്്ടക്ടര്‍, പെണ്‍പട്ടണം, പരുന്ത്, ഗസല്‍, കാണാക്കിനാവ്, നാടോടി, വേഷം, ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ് കാണാക്കിനാവ്, പെരുമഴക്കാലം എന്നിവയുടെ രചനയ്ക്ക് സംസ്ഥാന, ദേശീയ അവാര്‍ഡും ആയിരത്തില്‍ ഒരുവന്‍ എന്ന രചനയ്ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനം തിരക്കഥ എഴുതിയ ചിത്രം.