Connect with us

Editorial

ദളിതരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം

Published

|

Last Updated

രാജ്യത്ത് ദളിത് മുന്നേറ്റം കരുത്താര്‍ജിക്കുകയാണെന്നാണ് ദളിതരുടെ വേറിട്ട സ്വാതന്ത്ര്യ ദിനാഘോഷം നല്‍കുന്ന സൂചന. ചത്ത പശുവിന്റെ തോലുരിച്ചതിന് നാല് ദളിതരെ കെട്ടിയിട്ട് നിഷ്ഠൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഗുജറാത്തിലെ ഉനയിലാണ് ഔദ്യോഗിക ആഘോഷങ്ങളില്‍ നിന്ന് മാറിനിന്ന് വേറിട്ട സ്വാതന്ത്ര്യ ദിനമാചരിച്ചത്. ദളിതര്‍ക്ക് നീതി എന്ന് മുദ്രാവാക്യം ഉയര്‍ത്തി നടന്ന ദശദിന റാലിയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന ഈ അത്യുജ്വല സ്വാതന്ത്ര്യദിന ചടങ്ങില്‍ രോഹിത് വെമുലയുടെ മാതാവാണ് പതാക ഉയര്‍ത്തിയത്. കനയ്യ കുമാറും മുസ്‌ലിംപ്രതിനിധികളും സന്നിഹിതരായി. ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന തലയെടുപ്പുള്ള വ്യക്തികളോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോ സഹായമോ ഇല്ലാതിരുന്നിട്ടും റാലിയിലും സമാപന ചടങ്ങിലും പതിനായിരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
ദളിതര്‍ ഉള്‍ക്കൊള്ളുന്ന ദ്രാവിഡ വിഭാഗമാണ് ഇന്ത്യാ രാജ്യത്തെ ആദിമ സമൂഹമെന്നും വടക്ക് കിഴക്ക് ഇറാനില്‍ നിന്നും മറ്റും കടന്നുവന്നവരാണ് ഇപ്പോള്‍ രാജ്യത്ത് അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബ്രാഹ്മണരെന്നും ചരിത്രം പറയുന്നു. ആര്യന്മാരുടെ വരവോടെയാണ് രാജ്യത്ത് നാഗരിക സംസ്‌കാരം ഉടലെടുത്തതെന്നൊരു പ്രചാരണമുണ്ട്. എന്നാല്‍ അതിന് മുമ്പേ ഇവിടെ മഹത്തായ നാഗരിക സംസ്‌കാരം നിലനിന്നിരുന്നതായി സിന്ധു നദിതടങ്ങളില്‍ നടന്ന ഉത്ഖനനങ്ങളില്‍ കണ്ടെത്തിയ മോഹന്‍ജദാരോയും ഹരപ്പയും സാക്ഷ്യപ്പെടുത്തുന്നു. ദ്രാവിഡന്മാര്‍ തീര്‍ത്ത സംസ്‌കാരമായിരുന്നു അത്. ആര്യന്മാര്‍ ഇന്ത്യയിലെ ആദിമ സമൂഹത്തിന്റെ മേല്‍ അധീശത്വം സ്ഥാപിച്ചതോടെ സമ്പന്നമായ ഹാരപ്പന്‍ സംസ്‌കാരം അവര്‍ നശിപ്പിക്കുകയായിരുന്നു. തങ്ങളുടെ അധീശത്വം നിലനിര്‍ത്തനായി സവര്‍ണ വിഭാഗത്തിന്റെ കുരുട്ടുബുദ്ധിയില്‍ ഉതിച്ച ആശയമാണ് രാജ്യത്തെ ആദിമ വിഭാഗക്കാരെ വിവിധ ജാതിക്കാരായി വിഭജിക്കുന്നതും ബ്രാഹ്മണ വിഭാഗത്തിന് അതിമഹത്വം കല്‍പിക്കുന്നതുമായ വേദ നിയമങ്ങള്‍. അധിനിവേശ സംസ്‌കാരത്തിനെതിരെ ഇന്ത്യയിലെ ആദിമ സമൂഹം ഐക്യപ്പെടാതാരിക്കാനാണ് വിവിധ ജാതി തട്ടുകള്‍ തീര്‍ത്തത്.
ബി സി 1200നും 1400നും ഇടയിലാണ് വൈദിക കാലഘട്ടം ആരംഭിക്കുന്നത്. അന്ന് മുതലേ ജാതീയ മേലാളന്മാരില്‍ നിന്ന് കൊടിയ അവഗണനയും പീഡനവും അനുഭവിച്ചു കൊണ്ടിരിക്കുകയാണ് കീഴ് ജാതിക്കാര്‍. ഹരിയാനയില്‍ രണ്ട് കുഞ്ഞുങ്ങളെ ചുട്ടുകൊന്നത് സമീപകാലത്താണ്. സവര്‍ണര്‍ കുട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊന്ന് കെട്ടിത്തുക്കിയ ദളിത് യുവതികള്‍, നഗ്നരായി പൊതുനിരത്തുകളിലൂടെ നടക്കേണ്ടിവന്ന ദളിത് സ്ത്രീകള്‍, രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം എന്നിങ്ങനെമനുഷ്യ മനഃസാക്ഷി മരവിച്ചുപോകുന്ന ഏത്രയെത്ര സംഭവങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്.
മോദി സര്‍ക്കാറിന്റെ അധികാരാരോഹണത്തോടെ ശക്തിയാര്‍ജിച്ച സവര്‍ണ ഫാസിസത്തിന്റെ ചെയിതികളാണ് ദളിതരിലും പീഡിത വിഭാഗങ്ങളിലും പുതിയൊരു അവബോധം സൃഷ്ടിച്ചത്. കാലങ്ങളായി പിന്നാക്കം നില്‍ക്കുന്ന ദളിത് സമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റവും ഈ ഉണര്‍വിന് സഹായകമായിട്ടുണ്ട്. ജെ എന്‍ യു, ഹൈദരാബാദ് യൂനിവേഴ്‌സിറ്റി, മദ്രാസ് ഐ ഐ ടി സര്‍വകലാശാല തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രബുദ്ധരായ വിദ്യാര്‍ഥികളും ദളിത് സംഘടനകളുമാണ് പുതിയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍. ശുദ്രന് അറിവ് വിലക്കിയിരുന്ന ബ്രാഹ്മണിസത്തിന്റെ തിട്ടൂരങ്ങളെ വലിച്ചെറിഞ്ഞു പുതിയ ദളിത് തലമുറ വിദ്യാഭ്യാസപരമായും ചിന്താപരമായും വന്‍മുന്നേറ്റം നടത്തിക്കൊണ്ടിരിക്കയാണ്. അതിന്റെ പരിണതിയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചു രുപപ്പെടുന്ന ദളിത് വിമോചന പ്രസ്ഥാനങ്ങള്‍.
ഉനയിലെ ദളിതരുടെ വേറിട്ട സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങ് ജാതിവിമോചനത്തിന്റെ പ്രഖ്യാപനമായാണ് വിലയിരുത്തുന്നത്. ഉനയിലോ ഗുജറാത്ത് സംസ്ഥാനത്തോ മാത്രം ഒതുങ്ങുന്നതല്ല അതിന്റെ അനുരണനങ്ങള്‍. രാജ്യമൊട്ടാകെയുള്ള ദളിതരുടെ കൂടി സ്വാന്ത്യ പ്രഖ്യാപനമായിരുന്നു അവിടെ ഉയര്‍ന്നുകേട്ടത്. ഉനയിലെ ദളിത് മുന്നേറ്റത്തില്‍ നിന്ന് പ്രചോദിതമായി മറ്റു സംസ്ഥാനങ്ങളിലും ജാതീയ വിവേചനത്തിന്റെ മതില്‍കെട്ടുകള്‍ക്കുള്ളില്‍ നിന്ന് പുറത്തുകടക്കാന്‍ പിന്നാക്ക വിഭാക്കാര്‍ സംഘടിത നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിനും അവരുടെ നയങ്ങള്‍ക്കുമെതിരായ പ്രതിഷേധമല്ല, ഇതിനുമപ്പുറം ഹിന്ദുത്വ ഫാസിസത്തെ പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ അധീശത്വത്തിനെതിരായ പോരാട്ടമാണിതെല്ലാം. അതുകൊണ്ട് തന്നെ ബി ജെ പിമാത്രമല്ല, ഹിന്ദുത്വത്തെ തലോടുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും സവര്‍ണ ഫാസിസത്തിന്റെ പ്രചാരകരായ മുഖ്യധാരാ മാധ്യമങ്ങളും ഈ മുന്നേറ്റങ്ങളെ അതീവ ഭീതിയോടെയാണ് കാണുന്നത്.

---- facebook comment plugin here -----

Latest