Connect with us

Gulf

ദുഖാന്‍ ഹൈവേ സെന്‍ട്രലിന്റെ പുതിയ ഭാഗം തുറന്നു

Published

|

Last Updated

ദോഹ: ദുഖാന്‍ ഹൈവേ സെന്‍ട്രലിന്റെ പുതിയ ഭാഗം അശ്ഗാല്‍ തുറന്നു. ഇരു ദിശകളിലേക്കും ഗതാഗതമുള്ള ഭാഗമാണ് തുറന്നത്. ഇതോടെ ദോഹക്കും അല്‍ ശീഹാനിയ്യക്കും ഇടയിലും സുരക്ഷിതവും എളുപ്പത്തിലുമുള്ള ഗതാഗതത്തിന് സാധിക്കും. ടെംപററി ട്രക്ക് റൂട്ടിനും അല്‍ വജ്ബ ഇന്റര്‍ചേഞ്ചിനും ഇടയില്‍ 3.3 കിലോമീറ്റര്‍ ദൂരമാണ് തുറന്നത്. അല്‍ ജഹാനിയ്യ ഇന്റര്‍ചേഞ്ചിന്റെയും ഓര്‍ബിറ്റല്‍ ഹൈവേയുടെയും പാലങ്ങള്‍ക്ക് അടിയിലൂടെയാണ് ഈ ഭാഗം വരുന്നത്. ഇതോടെ താത്കാലിക ലോക്കല്‍, സര്‍വീസ് റോഡുകളില്‍ നിന്ന് നാല് വരി പാതയിലൂടെ കടന്നുപോകാം.

ഈ വര്‍ഷം അവസാനത്തോടെ അല്‍ ജഹാനിയ്യ ഇന്റര്‍ചേഞ്ച് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ വ്യാണിജ്യ, പാര്‍പ്പിടയിടങ്ങളിലേക്ക് കൂടുതല്‍ സൗകര്യത്തോടെയെത്താം. ഫിഫ ലോകകപ്പ് വേദിയായ അല്‍ റയ്യാന്‍ സ്റ്റേഡിയത്തിലേക്കും എളുപ്പത്തില്‍ എത്താം. പുതിയ ഭാഗത്ത് മണിക്കൂറില്‍ 80 കിലോമീറ്ററാണ് വേഗപരിധി. ദുഖാന്‍ ഹൈവേയുടെ മറ്റ് സ്ഥലങ്ങളിലെയും ന്യൂ ഓര്‍ബിറ്റല്‍ ഹൈവേയുടെയും ട്രക്ക് റൂട്ടിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.ദുഖാന്‍ ഹൈവേ സെന്‍ട്രല്‍ പദ്ധതിയുടെ ഭാഗമായി സെലിബ്രേഷന്‍ റോഡിനെ ദുഖാന്‍ ഹൈവേയുമായി ബന്ധിക്കുന്ന മൂന്ന് ഫ്‌ളൈഓവറുകളുടെയും റോഡിന്റെയും നിര്‍മാണം ഈ വര്‍ഷമാദ്യം അശ്ഗാല്‍ പൂര്‍ത്തിയാക്കിയിരുന്നു.

എക്‌സ്പ്രസ് വേ പുതുക്കിപ്പണിയല്‍ പദ്ധതിയുടെ ഭാഗമായ ദുഖാന്‍ ഹൈവേ സെന്‍ട്രല്‍, ദോഹയുടെ പടിഞ്ഞാറ് ഭാഗത്തെ അല്‍ ശീഹാനിയ്യയുമായി ബന്ധിക്കുന്ന 15 കിലോമീറ്റര്‍ വരുന്ന പദ്ധതിയാണ്. രണ്ട് വര്‍ഷം മുമ്പ് ഇതിന്റെ ഒമ്പത് കിലോമീറ്റര്‍ ഭാഗം തുറന്നിരുന്നു.
ഓരോ ദിശയിലേക്കും രണ്ട് ലൈനുകളുള്ള പഴയ ദുഖാന്‍ ഹൈവേക്ക് പകരമാണ് ഇത്. മൊത്തം 980 കിലോമീറ്റര്‍ ഭാഗങ്ങളും പതിനായിരത്തിലധികം കിലോമീറ്റര്‍ പാതകളും 240 ഇന്റര്‍സെക്ഷനുകളും വരുന്ന വന്‍ പദ്ധതിയാണ് എക്‌സ്പ്രസ്‌വേ. ഇത് പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ നവീനവും വിപുലവുമായ റോഡ് ശൃംഖലയുള്ള രാഷ്ട്രമായി ഖത്വര്‍ മാറും.

Latest