Connect with us

Editorial

റെയില്‍വേ ബജറ്റ് പൊതുബജറ്റിലാകുമ്പോള്‍

Published

|

Last Updated

റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചു പൊതുബജറ്റിന്റെ ഭാഗമാക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക ബജറ്റ് വേണ്ടെന്നാണ് റെയില്‍വേ മന്ത്രാലത്തിന്റെ നിലപാട്. ഇത് അംഗീകരിച്ച ധനമന്ത്രാലയം ഇരു ബജറ്റുകളും ലയിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഞ്ചംഗ സമിതിക്ക് രുപം നല്‍കി. സമിതി ഈ മാസം 31നകം റിപ്പോര്‍ട്ട് നല്‍കും. റെയില്‍ ബജറ്റ് ആവശ്യമാണോ എന്നത് സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ പ്രധാനമന്ത്രി നീതി ആയോഗിനോടു ആവശ്യപ്പെട്ടിരുന്നു. ആയോഗ് അംഗം ബിബേക് ദേബ്‌റോയ് അധ്യക്ഷനായി നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ആശയത്തെ സാധൂകരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കിയത്.
റെയില്‍വേയുടെ സാമ്പത്തിക നഷ്ടമാണ് തീരുമാനത്തിലേക്ക് ഭരണ തലപ്പത്തുള്ളവരെ എത്തിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധി തുടര്‍ന്നാല്‍ ഭാവിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും കഴിയാതെ വരുമെന്നാണ് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ ആശങ്കപ്പെടുന്നത്. ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലായതോടെ റെയില്‍വേക്ക് 4,000 കോടിയുടെ അധിക ബാധ്യത വന്നിട്ടുണ്ട്. സബ്‌സിഡി ഇനത്തിലുള്ള 32,000 കോടിയുടെ അധിക ചെലവിന് പുറമെയാണിത്. പദ്ധതികളുടെ കാലതാമസം കാരണം 1.07 ലക്ഷം കോടിയുടെ നഷ്ടവും സംഭവിക്കുന്നുണ്ട്.
റെയില്‍വേ ബജറ്റ് പരാജയപ്പെട്ട പരീക്ഷണമാണെന്നും പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് നീതി ആയോഗിന്റെ നിര്‍ദ്ദേശം. കേവലം പുതിയ പ്രഖ്യാപനങ്ങള്‍ക്കായി മാത്രം റെയില്‍ ബജറ്റ് മാറുകയാണ്. പൊതു ബജറ്റുമായി ഇതിനെ സംയോജിപ്പിക്കുന്നതാണ് അഭികാമ്യം. ഭരണഘടന അനുസരിച്ച് റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നത് നിര്‍ബന്ധമല്ല. റയില്‍വേയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെ, കേവലം പ്രഖ്യാപനങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കുന്നതാണ് ഇപ്പോഴത്തെ ബജറ്റ്. റെയില്‍വേ വാര്‍ഷിക റിപ്പോര്‍ട്ടും വാര്‍ഷിക പദ്ധതികളും നയപ്രഖ്യാപനവും പൊതു ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. റെയില്‍വേയുടെ വന്‍ പദ്ധതികള്‍ റെയില്‍ ബജറ്റിലാണ് ഇപ്പോള്‍ പ്രഖ്യാപിന്നത്. എന്നാല്‍, പദ്ധതിപ്രഖ്യാപനങ്ങളും നയപ്രഖ്യാപനങ്ങളുമൊക്കെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായി ചുരുക്കുന്നത് ശരിയല്ല. റെയില്‍വേ വേഗം മുന്നേറേണ്ട കാലമായതിനാല്‍ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും വേഗം വേണം. ബജറ്റ് ഒഴിവാക്കുന്നത് ഇതിന് അനുകൂല സാഹചര്യമൊരുക്കുമെന്നും–റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റ് ഇല്ലാതാക്കുന്നതിനൊപ്പം വൃദ്ധജനങ്ങള്‍ക്കും രോഗികള്‍ക്കുമൊക്കെ അനുവദിക്കുന്ന നിരക്ക് ഇളവുകള്‍ ഒഴിവാക്കണമെന്നും നീതി ആയോഗ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. വരുമാന നഷ്ടത്തിന് സബ്‌സിഡികള്‍ ഒരു മുഖ്യഘടകമാണെന്നതാണ് പറയുന്ന ന്യായം.
സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് ബജറ്റുകള്‍ ലയിപ്പിക്കുന്നത്. 92 വര്‍ഷമായി നിലനിന്നുവരുന്ന ഈ സമ്പ്രദായം നിര്‍ത്തലാക്കുന്നത് ജനദ്രോഹ നടപടിയാണെന്ന അഭിപ്രായവും ശക്തമാണ്. നിരക്ക് അടിക്കടി വര്‍ധിപ്പിക്കാനും സ്വകാര്യവത്കരണം തീവ്രമാക്കാനും ഇത് വഴിവെക്കും. ലാഭം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന മറ്റേതൊരു വ്യവസായവും പോലെ റെയില്‍വേ മാറുന്നത് സാധാരണക്കാരെയാകും ഏറ്റവും ബാധിക്കുക. ബജറ്റുകളുടെ ലയനം വരുന്നതോടെ റെയില്‍വെ മന്ത്രാലയത്തിന്റെ ധനവിനിയോഗം ധനമന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും. ഇതോടെ മറ്റ് വകുപ്പുകള്‍ക്ക് ലഭിക്കുന്ന പരിഗണന മാത്രമേ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന് ലഭിക്കൂ.
ഏകദേശം 5,000 കോടി യാത്രക്കാരും 650 ദശലക്ഷം ടണ്‍ ചരക്കും ഓരോ വര്‍ഷവും ഇന്ത്യയിലെ റെയില്‍ പാളങ്ങളിലൂടെ നീങ്ങുന്നുണ്ട്. ജീവനക്കാരും മറ്റ് തൊഴിലാളികളും അടക്കം രാജ്യത്തെ കോടിക്കണക്കിന് ആളുകളാണ് റെയില്‍വേയെ ആശ്രയിച്ചു കഴിയുന്നത്.~ഒരു സേവന മേഖല കൂടിയാണിത്. നീതിആയോഗിന്റെ ശിപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ റെയില്‍വേക്ക് സേവനത്തിന്റെ മുഖം പാടേ നഷ്ടമാകും. നീതിആയോഗ് വിലയിരിത്തിയത് പോലെ സബ്‌സിഡിയോ സേവന മുഖമോ അല്ല കെടുകാര്യസ്ഥതയും അഴിമതിയുമാണ് റെയില്‍വേയെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചത്. സുരക്ഷിതത്വ പ്രശ്‌നം, കൃത്യനിഷ്ഠയില്ലായ്മ, വൃത്തിക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം വലിയൊരു വിഭാഗം യാത്രക്കാര്‍ റെയില്‍വേയെ കൈയൊഴിയുന്നുണ്ട്. ഇവ പരിഹരിക്കുന്നതിലൂടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കാനും സാധിക്കും. രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സ്ഥാപനത്തെ കേവലം ബിസിനസ് സ്ഥാപനം മാത്രമാക്കി യാത്രക്കാര്‍ക്ക് നല്‍കി വരുന്ന ഇളവുകളും ആനുകൂല്യങ്ങളും നിര്‍ത്തലാക്കരുത്.

Latest