Connect with us

Sports

അര്‍ബുദത്തെ തോല്‍പ്പിച്ച താരം

Published

|

Last Updated

സാന്റിയാഗോയെ അഭിനന്ദിക്കാന്‍ മക്കള്‍ നീന്തിയെത്തിയപ്പോള്‍

റയോഡിജനീറോ: ശ്വാസകോശാര്‍ബുദത്തെ അതിജീവിച്ച മനക്കരുത്തുമായി അര്‍ജന്റീനയുടെ സെയ്‌ലിംഗ് താരം റിയോയില്‍ പായക്കപ്പലുമായി കുതിച്ചത് സ്വര്‍ണത്തിലേക്ക്.
മിക്‌സഡ് നാക്ര 17 വിഭാഗത്തില്‍ സെസിലിയ കരാന്‍സ സരോലിക്കൊപ്പം ചാമ്പ്യനാകുമ്പോള്‍ സാന്റിയാഗോയുടെ പ്രായം 54. മുമ്പ് അഞ്ച് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള സാന്റിയാഗോ രണ്ട് തവണ വെങ്കലമെഡലുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍, സരോലിക്കിത് കന്നി ഒളിമ്പിക് മെഡലാണ്. മൂന്ന് തവണ ഒളിമ്പിക്‌സില്‍ നേരത്തെ പങ്കെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം കാന്‍സര്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാഴ്‌സലോണയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു സാന്റിയാഗോ. ആറ് മാസം മുമ്പായിരുന്നു ഇത്. അതിന് ശേഷം അധികകാലം വിശ്രമിക്കാന്‍ നിന്നില്ല.
സൈക്ലിംഗ് പരിശീലനം തുടങ്ങി, പതിയെ സെയ്‌ലിംഗിലേക്ക് തിരിച്ചെത്തി. അഞ്ച് ഒളിമ്പിക്‌സുകളില്‍ പങ്കെടുത്തതിന്റെ ആത്മവിശ്വാസം കൈമുതലാക്കി ലാറ്റിനമേരിക്കയിലെ പ്രഥമ ഒളിമ്പ്യാഡില്‍ മത്സരിക്കാന്‍ സാന്റിയാഗോ തയ്യാറെടുത്തു.
കാന്‍സറിനെ കുറിച്ച് ചിന്തിച്ചതേയില്ല. അസുഖത്തെ ഓര്‍ത്തിരുന്നാല്‍ നാം നിഷ്‌ക്രിയരാകും. അത്‌ലറ്റിക് പരിശീലനത്തില്‍ മാത്രം ശ്രദ്ധയൂന്നി. അസുഖം എന്നത് വഴിയില്‍ കിടക്കുന്ന കല്ലാണ്. അതിനെ നമുക്ക് മറികടന്ന് പോകേണ്ടതുണ്ടെന്ന ചിന്തയാണ് വേണ്ടത്. ഞാനതിനാണ് ശ്രമിച്ചത് – സാന്റിയാഗോ പറഞ്ഞു.
2004 ഏഥന്‍സിലും 2008 ബീജിംഗിലും കാര്‍ലോസ് എസ്പിനാളോയ്‌ക്കൊപ്പം ടൊര്‍നാഡോ ക്ലാസ് സെയ്‌ലിംഗില്‍ സാന്റിയാഗോ വെങ്കലം നേടിയിരുന്നു. റിയോയില്‍ പക്ഷേ ആ ഇനത്തിന് പകരം നാക്ര ഇനമാണുള്ളത്.
പുതിയ പങ്കാളിയെ കണ്ടെത്തുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. ഒരു വനിതക്കൊപ്പം മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ലായിരുന്നു.
നാക്ര ഇനം പുതിയ അനുഭവമായിരുന്നു. കരാന്‍സ സരോലി എനിക്ക് വലിയ ആശ്വാസവും പ്രചോദനവുമായി കൂടെ നിന്നു.
ഇരുപത്തൊമ്പത് വയസുകാരിയുടെ പിന്തുണയെ ഏറെ വിലമതിക്കുന്നുവെന്ന് സാന്റിയാഗോ പറഞ്ഞു.
ഇരുവരും ഫിനിഷിംഗ് പോയിന്റിലെത്തിയപ്പോള്‍ സാന്റിയാഗോയുടെ മക്കളായ യാഗോയും ക്ലോസും ബോട്ടിനടുത്തേക്ക് നീന്തിയെത്തി ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നത് റിയോ ഗെയിംസിന്റെ മായാകാഴ്ചയായി.

---- facebook comment plugin here -----

Latest