Connect with us

Malappuram

മോഷ്ടിച്ച എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്ന യുവാവ് പിടിയില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: മോഷ്ടിച്ച എ ടി എം കാര്‍ഡുപയോഗിച്ച് കൗണ്ടറില്‍ നിന്ന് പണം കവര്‍ന്ന യുവാവ് പിടിയില്‍. പട്ടാമ്പി പെരിങ്ങോട് ആമക്കാവ് കണ്ടത്ത് വളപ്പില്‍ അരുണ്‍(21) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ എസ് ഐ ജോബിതോമസും ടൗണ്‍ ഷാഡോ പോലീസും ചേര്‍ന്ന് ചൊവ്വാഴ്ച രാവിലെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പത്താം തീയതി ഉച്ചയോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം വെള്ളരിക്കോണം സ്വദേശിക്ക് എ ടി എം വഴി പണം പിന്‍വലിച്ചതായ സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പേഴ്‌സ് പരിശോധിച്ചതോടെ എ ടി എം കാര്‍ഡ് നഷ്ടപ്പെട്ടതായി മനസിലാക്കി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പണം പിന്‍വലിച്ച ഇന്ത്യന്‍ ബേങ്കിന്റെ എ ടി എം കൗണ്ടര്‍ പോലീസ് പരിശോധിച്ചു. മോഷ്ടാവ് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞതായി കണ്ടെത്തി. വീഡിയോ സാങ്കേതിക മാറ്റങ്ങള്‍ വരുത്തി ചിത്ര രൂപത്തിലാക്കിയതോടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. വലിയങ്ങാടിയില്‍ ആലിക്കല്‍ കോളനിയില്‍ വാടകക്ക് താമസിക്കുന്നയാളാണ് പ്രതിയെന്നും തൊട്ടടുത്താണ് തിരുവനന്തപുരം സ്വദേശി താമസിക്കുന്നതെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പേഴ്‌സില്‍ നിന്ന് എ ടി എം കാര്‍ഡ് മോഷ്ടിക്കുകയായിരുന്നുവെന്നും കാര്‍ഡില്‍ രഹസ്യ പിന്‍നമ്പര്‍ എഴുതി വെച്ചതാണ് പ്രതിക്ക് പണം പിന്‍വലിക്കാന്‍ സഹായകമായതെന്നും പോലീസ് പറഞ്ഞു. 8000 രൂപയാണ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത്. പ്രതിയെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം എസ് ഐക്ക് പുറമേ ഉദ്യോഗസ്ഥരായ പി മോഹന്‍ദാസ്, സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, നിബിന്‍ദാസ്, ദിനേശ്, അനീഷ്, എന്‍ വി ശബീര്‍, എന്‍ ടി കൃഷ്ണകുമാര്‍, അഭിലാഷ്, സന്ദീപ്, ടി സെലീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.