Connect with us

Gulf

ദോഹ മെട്രോ പാതകളില്‍ യാത്രാരംഭം 2020 അവസാനം

Published

|

Last Updated

ദോഹ: നിര്‍മാണത്തിലിരിക്കുന്ന ദോഹ മെട്രോയുടെ മൂന്നു ലൈനുകളിലും ലുസൈല്‍ ലൈറ്റ് റയില്‍ ട്രാന്‍സിറ്റിലും 2020 അവസാനത്തോടെ യാത്രക്കാര്‍ക്കു വേണ്ടി ട്രെയ്‌നുകള്‍ ഓടിത്തുടങ്ങുമെന്ന് ഖത്വര്‍ റയില്‍ മാനേജ്‌മെന്റ്. ദോഹ മെട്രോയുടെ ഒന്നാംഘട്ടമാണ് 2020 അവാസാനത്തോടെ തുറക്കുകയെന്ന് ഖത്വര്‍ റയല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈഈ പറഞ്ഞു. ഓക്‌സ്‌ഫോഡ് ബിസിസനസ് ഗ്രൂപ്പിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലുസൈല്‍ ട്രാമും ഇതേ സമയത്തു തന്നെ സര്‍വീസ് തുടങ്ങും.
ദോഹ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പൂര്‍ണതയിലും വേഗതയിലും നടന്നു വരികയാണ്. 32,000 ജോലിക്കാരാണ് മെട്രോയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. മെട്രോക്കു വേണ്ടിയുള്ള 111 കിലോമീറ്റര്‍ തുരങ്കങ്ങളില്‍ 100 കിലോമീറ്റര്‍ ജൂണില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ടണല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലുസൈല്‍ ട്രാമിനു വേണ്ടിയുള്ള ടണല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 37 മെട്രോ സ്റ്റേഷനുകള്‍ക്കു വേണ്ടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ആന്‍ഡ് പ്ലിംബിംഗ് കരാറുകള്‍ ഈ വര്‍ഷം നല്‍കിയിരുന്നു. ആര്‍ക്കിടെക്ചറള്‍ ഉപകരാറുകളും ഈ വര്‍ഷം നല്‍കി. മെട്രോ ട്രെയ്‌നുകളുടെയും ട്രാമിന്റെയും സമ്പൂര്‍ണ മാതൃക ഈവര്‍ഷം തന്നെ ദോഹയിലെത്തും. രണ്ടിന്റെയും രൂപകല്പനകള്‍ നേരിത്തേ ഖത്വര്‍ റയില്‍ പുറത്തുവിട്ടിരുന്നു.
നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നിശ്ചിത സമയത്തു തന്നെ പൂര്‍ത്തിയാക്കുന്നതിനും വെല്ലുവിളികളെ അതിജയിക്കുന്നതിനും രാജ്യത്തെ പ്രധാന പദ്ധതി മാനേജ്‌മെന്റുകളുമായും ഇതര രാജ്യങ്ങളിലെ റയില്‍ പദ്ധതി നിര്‍വാഹകരുമായും ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിയാണ് മുന്നോട്ടു പോകുന്നത്. നിര്‍മാണം നേരത്തേ പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രീതിയില്‍ ആനുകൂല്യം പ്രഖ്യാപിച്ച് നിര്‍മാണ പദ്ധതി നടത്തുന്ന മേഖലയിലെ ആദ്യത്തെ സംരംഭമാണ് ദോഹ മെട്രോ എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ജി സി സി റയിലുമായി ബന്ധിപ്പിക്കുന്നതിനുള്ള ദീര്‍ഘദൂര ട്രെയിന്‍ പദ്ധതി ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടാണ് മുന്നോട്ടു പോകുന്നതെന്നും രാജ്യത്തിനകത്തും ഇതര ജി സി സി രാജ്യങ്ങള്‍ക്കിടയിലും യാത്രാ രംഗത്ത് വലിയ സാധ്യതകളുള്ള പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ചരക്കു ഗതാഗത രംഗത്തും വ്യാപാരമേഖലയിലും ഈ പദ്ധതി നിര്‍ണായക പങ്കുവഹിക്കും. ജി സി സി രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരത്തില്‍ ഇപ്പോള്‍ പ്രതിവര്‍ഷം അഞ്ചു ശതമാനത്തിന്റെ വളര്‍ച്ചായാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചാല്‍ വളര്‍ച്ചാ തോത് ഉയരും. ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്താന്‍ ആസൂത്രണം ചെയ്യുന്ന ചരക്കു ട്രെയിനുകളില്‍ 300നും 400നുമിടയില്‍ ട്രക്കുകളുടെയത്രയും ഭാരം വഹിക്കാനാകും.
ഖത്വറിലെ ദീര്‍ഘദൂര റയില്‍പാത നിര്‍മാണം 2019 അവാസാന പാദത്തോടെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒന്നാംഘട്ട നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ അടുത്ത വര്‍ഷം ആരംഭിക്കും. മെട്രോയും ട്രാമും സര്‍വീസ് ആരംഭിക്കുന്നതോടെ രാജ്യത്തെ പൊതുഗത സംവിധാനത്തില്‍ വലിയ മാറ്റം വരുമെന്ന് അദ്ദേഹം അറിയിച്ചു. സ്റ്റേഷനുകളിലെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ എളുപ്പമായിരിക്കും.
യാത്രക്കാര്‍ക്ക് നടന്നെത്തുന്നതിനും സൈക്കിളില്‍ വരുന്നതിനും സൗകര്യമൊരുക്കും. സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഫീഡര്‍ ബസ് സര്‍വീസുകളുണ്ടാകും. യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിലുള്ള ടിക്കറ്റിംഗ് സംവിധാനമായിരിക്കും മെട്രോയില്‍ ആവിഷികരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest