Connect with us

Kerala

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: എട്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയില്‍ വിജിലന്‍സ് എട്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. നേരത്തെ എടുത്ത ആറു കേസുകള്‍ക്ക് പുറമേയാണിത്. മുന്‍ ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ ജയകുമാറടക്കം ഏഴു പ്രതികളാണ് കേസുകളിലുള്ളത്. എട്ടു കേസുകളിലും ജയകുമാര്‍ പ്രതിയാണ്. കൂടാതെ കാഷ്യര്‍, ഡ്രൈവര്‍, പച്ചക്കറി വിതരണക്കാര്‍ എന്നിവരും ഈ കേസുകളില്‍ പ്രതികളാണ്.

സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന നീതി നന്മ സ്‌റ്റോറുകള്‍ എങ്ങനെ പൊളിഞ്ഞു എന്നതിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്.ധൂര്‍ത്തും ക്രമക്കേടും വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടായെന്നും നീതി, നന്മ സ്‌റ്റോറുകളുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നും പ്രാഥമികാന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തി.

ഓണചന്തകളിലേക്ക് പച്ചക്കറി വാങ്ങിയതില്‍ മാത്രം രണ്ടര കോടി രൂപയുടെ ക്രമക്കേട് നടന്നു. ജീവനക്കാരുടെ യോഗത്തിന് വേണ്ടിയുള്ള ഭക്ഷണച്ചെലവ് രണ്ടര ലക്ഷമാണ്. സെയില്‍സ് പ്രമോഷന് വേണ്ടിയുള്ള ഇന്‍സന്റീവ് ചെലവാക്കിയത് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ഫര്‍ണീച്ചര്‍ വാങ്ങിക്കാനാണെന്നും വിജിലന്‍സ് എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

സര്‍ക്കാര്‍ വാഹനമുണ്ടായിട്ടും സ്വാകാര്യ വാഹനങ്ങള്‍ വാങ്ങി ഉപയോഗിച്ചതിലും നഷ്ടമുണ്ടാക്കി. നീതി, നന്മ സ്‌റ്റോറുകളില്‍ മോടി പിടിപ്പിക്കുന്നതിലും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിലും ഉദ്യോഗസ്ഥരുടെ മൊബൈലില്‍ റീച്ചാര്‍ജ്ജ് ചെയ്തതില്‍ പോലും അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും മുന്‍ എംഡിയും പ്രതികളായിരുന്നു.

Latest