Connect with us

International

കണ്ണുനനയാതെ കാണാന്‍ കഴിയില്ല ഈ രംഗം; ശരീരത്തില്‍ നിന്നും രക്തമൊലിച്ചിറങ്ങിയിട്ടും കണ്ണുനീര്‍ പൊഴിക്കാതെ പിഞ്ചു ബാലന്‍

Published

|

Last Updated

ബെയ്‌റൂത്ത്: നെറ്റിയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നു. മുഖം മുഴുവന്‍ വെളുത്ത പൊടികൊണ്ട് നിറഞ്ഞിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആംബുലന്‍സിന്റെ പിന്‍സീറ്റില്‍ തനിച്ചിരിക്കുമ്പോഴും ഒരിറ്റ് കണ്ണുനീര്‍ പൊഴിയുന്നില്ല. നിശ്ശബ്ദനാണെങ്കിലും ഈ അഞ്ച് വയസ്സുകാരന്റെ കണ്ണുകള്‍ ലോകത്തോട് ഒരുപാട് വിളിച്ചുപറയുന്നു. സിറിയയിലെ അലെപ്പോ നഗരത്തില്‍ നടന്ന സ്‌ഫോടനത്തിനു ശേഷം സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയ ഇംറാന്‍ ദഖ്‌നീശ് ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ മനസ്സില്‍ നോവായി മാറിയിരിക്കുന്നു. ഐലാന്‍ കുര്‍ദിക്ക് പിന്നാലെ സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ മറ്റൊരു പ്രതീകം.
അലപ്പൊയില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തിനു ശേഷം സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയ ഇംറാന്റെ വീഡിയോ ദൃശ്യം ബുധനാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. ആയിരക്കണക്കിന് ആളുകളാണ് ഈ ദൃശ്യം ഫേസ്ബുക്കിലും ട്വിറ്ററിലുമായി പങ്കുവെച്ചത്. മറ്റ് മൂന്ന് കുട്ടികള്‍ക്കൊപ്പം ബുധനാഴ്ചയാണ് ഇംറാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സിറിയന്‍ സിവില്‍ ഡിഫന്‍സിലെ പ്രവര്‍ത്തകനായ ഖാലിദ് ഖാലിദ് പറയുന്നു.
സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രാത്രിയാണ് ഇംറാനെ രക്ഷപ്പെടുത്തിയത്. മുഖത്തേക്ക് ഒഴുകിയ രക്തം കൈകൊണ്ട് തുടച്ചുമാറ്റുമ്പോഴും കരയാന്‍ പോലും ഈ അഞ്ച് വയസ്സുകാരന്‍ തയ്യാറായില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേല്‍ക്കാതിരുന്ന ഇംറാനെ പിന്നീട് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.
ഒരു വര്‍ഷം മുമ്പ് തുര്‍ക്കി ബീച്ചില്‍ കമഴ്ന്നു കിടന്ന അയ്‌ലാന്‍ കുര്‍ദിയും ഇപ്പോള്‍ ഇംറാനും ആഭ്യന്തര യുദ്ധത്തിന്റെ രണ്ട് മുഖങ്ങളായി മാറുകയാണ്. സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്ന് കുടുംബത്തോടൊപ്പം യൂറോപ്പിലേക്ക് പലായനം ചെയ്യുന്നതിനിടെ മെഡിറ്ററേനിയന്‍ കടലില്‍ അകപ്പെട്ടാണ് അയ്‌ലാന്‍ കുര്‍ദി രക്തസാക്ഷിയായത്. അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ നാല് ലക്ഷത്തോളം പേര്‍ മരിക്കുകയും സിറിയയിലെ പകുതിയിലധികം പേരും മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നതായും യു എന്നിന്റെ പ്രത്യേക ദൂതന്‍ സ്റ്റഫാന്‍ ഡ മിസ്റ്റുര പറയുന്നു.


ബോംബേറില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നാണ് ഒംറാനെ സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുന്നത്. മുഖത്ത് ധാരാളം മുറിവുകള്‍, മുറിവുകളില്‍ നിന്ന് രക്തം ഒലിച്ചിറങ്ങി വസ്ത്രത്തിലും, ശരീരത്തിലാകമാനം രക്തക്കറ. വസ്ത്രത്തിലും ശരീരത്തിലും പൊടിപടലങ്ങളില്‍ മുങ്ങിക്കുളിച്ചാണ് ഒംറാനെ സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

സന്നദ്ധപ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കൊണ്ടുപോയി ഇരുത്തിയെങ്കിലും മനസ് മരവിച്ച ഒരേയിരുപ്പായിരുന്നു. അവന്റെ കണ്ണുകളിലേക്ക് നേരെ നോക്കൂ..മിണ്ടാട്ടമില്ലാത്ത അവന്റെ ചുണ്ടുകളില്‍ നിശ്ബദമായി എന്തൊക്കെയോ അവന്‍ മന്ത്രിക്കുന്നുണ്ട്. ധാരാളം കാര്യങ്ങള്‍ അവന് ലോകത്തോട് പറയാനുണ്ട്, കൊടും ഭീകരതയെ കുറിച്ച്, ആ കണ്ണുകളില്‍ നിന്ന് അത് വ്യക്തമാകും…കണ്ണീര്‍പൊഴിക്കാന്‍പോലുമാകാതെയുള്ള ദൃശ്യങ്ങള്‍ കാണുമ്പോള്‍ മനസില്‍ വല്ലാത്തൊരു വേദനതോന്നിക്കും. ശരീരമാസകലം രക്തവും പൊടിപടലവുമായി പേടിയോട് കൂടിയുള്ള ആ നോട്ടം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുമ്പോഴും തലങ്ങുംവിലങ്ങും നോക്കുകയയായിരുന്നു ഒംറാന്‍. റഷ്യന്‍ ബോംബാക്രമണത്തിലാണ് ഒംറാനിന് പരിക്കേറ്റത്. ആക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം എട്ട് പേര്‍ മരിച്ചിരുന്നു. ഒംറാനെപോലെ നിരവധി കുട്ടികളെയാണ് സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്.

Latest