Connect with us

Alappuzha

ഭജനമഠം മാറ്റുന്നതുമായുള്ള തര്‍ക്കത്തില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു

Published

|

Last Updated

രജികുമാര്‍

ചേര്‍ത്തല: ഭജനമഠം മാറ്റുന്നതുമായുള്ള തര്‍ക്കത്തില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് 15ാം വാര്‍ഡ് മുട്ടത്തിപറമ്പ് കിഴക്കേ നാരായണവെളി രവീന്ദ്രനാഥിന്റെ മകന്‍ അഡ്വ.ആര്‍ രജികുമാര്‍ (43) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കണിച്ചുകുളങ്ങര മാവുങ്കലിലായിരുന്നു സംഭവം. രജികുമാറിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്തു സ്ഥാപിച്ച ഭജനമഠം മാറ്റുന്നതിനെ ചൊല്ലി പ്രദേശത്തെ ചിലരുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഭാര്യയുടെ കുടുംബ ഓഹരിയില്‍ സ്ഥിതിചെയ്യുന്ന ഈ ഭജനമഠം ഇതേ സ്ഥലത്തുതന്നെ വസ്തുവിന്റെ ഒരു വശത്ത് മാറ്റിതരാമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു കൂട്ടര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഈ സംഭവം ഒത്തുതീര്‍പ്പാക്കാനും ഭജനമഠം മാറ്റിസ്ഥാപിക്കാനുമായി രജികുമാര്‍ ജെസിബിയുമായാണ് ഇവിടെ എത്തിയത്. എന്നാല്‍ ഇത് പ്രദേശവാസികള്‍ ചോദ്യം ചെയ്യുകയും തര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെയാണ് രജികുമാര്‍ അടിയേറ്റു വീണത്. ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രജികുമാര്‍ മരിച്ചിരുന്നു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടറുടെ മൊഴിയും വിലയിരുത്തിയശേഷമെ യഥാര്‍ത്ഥമരണ കാരണം കണ്ടെത്താനാകുക യുള്ളുവെന്നും മാരാരിക്കുളം പോലീസ് പറഞ്ഞു. ചേര്‍ത്തല ബാറിലെ അഭിഭാഷകനായ രജികുമാര്‍ മുട്ടത്തിപ്പറമ്പില്‍ ഹാര്‍ഡ്‌വെയര്‍ സ്ഥാപനവും നടത്തുന്നുണ്ട്. ഭാര്യ: സുദിജ കണിച്ചുകുളങ്ങര ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍: അനന്തരത്‌നം,അനന്തലക്ഷ്മി.

രജികുമാര്‍

Latest