Connect with us

National

പുനഃസംഘടന: ഗ്രൂപ്പുകള്‍ക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: ഗ്രൂപ്പുകള്‍ക്ക് വഴങ്ങാതെ കോണ്‍ഗ്രസ് പുനഃസംഘടന നടത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം. സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് കെ പി സി സി പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നും അധ്യക്ഷ സ്ഥാനത്ത് വി എം സുധീരന് തുടരാമെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സുധീരന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുനഃസംഘടന നടത്തണം. സംഘടനാ തിരഞ്ഞെടുപ്പിനും പുനഃസംഘടനക്കും നേതൃത്വം നല്‍കുന്നതിനായി രാഷ്ട്രീയകാര്യ സമിതി തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകാനും ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി സുധീരന്‍ പറഞ്ഞു. കേരളാ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ തിരഞ്ഞെടുപ്പ്, പുനഃസംഘടന എന്നിവ സംബന്ധിച്ചു കഴിഞ്ഞയാഴ്ച സംസ്ഥാന നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടത്താന്‍ ഈ ചര്‍ച്ചയില്‍ ഏകദേശ ധാരണയാകുകയും ചെയ്തിരുന്നു.
ഈ ചര്‍ച്ചയിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് വി എം സുധീരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി തനിച്ച് കൂടിക്കാഴ്ച നടത്തിയതില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് സുധീരന്‍ പ്രതികരിച്ചു.

Latest