Connect with us

International

'ആകാശക്കപ്പലി'ന്റെ ആദ്യ യാത്ര വിജയകരം

Published

|

Last Updated

ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ വിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എയര്‍ലാന്‍ഡര്‍ ടെന്‍ പ്ലസ് അതിന്റെ ആദ്യയാത്ര വിജയകരമായി പൂര്‍ത്തിയാക്കി. എയര്‍ലാന്‍ഡര്‍ ടെന്‍ പ്ലസ് എന്ന ആകാശക്കപ്പല്‍ മധ്യ ഇംഗ്ലണ്ടിലെ കാര്‍ഡിംഗ്ടണ്‍ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയരുമ്പോള്‍ കാഴ്ചക്കാരായി നിരവധി പേര്‍ ഇവിടെ ഒത്തുകൂടിയിരുന്നു. നാല് ദിവസം മുമ്പായിരുന്നു ആദ്യ പറക്കല്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നീട്ടിവെക്കുകയായിരുന്നു. ആകാശക്കപ്പല്‍ എന്ന ഇനത്തില്‍ കൂറ്റന്‍ വിമാനം ഇതിന് മുമ്പ് 1930ലും ഇംഗ്ലണ്ട് പരീക്ഷിച്ചിരുന്നു. എന്നാല്‍ ഈ വിമാനം ഫ്രാന്‍സില്‍ തകര്‍ന്നുവീണ് 48 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം ആകാശക്കപ്പല്‍ എന്ന പദ്ധതി ബ്രിട്ടന്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് 85 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു ഭീമന്‍ വിമാനം ബ്രിട്ടന്‍ നിര്‍മിച്ചിരിക്കുന്നത്.
നിലവില്‍ പറക്കുന്ന വിമാനങ്ങളില്‍ വെച്ചേറ്റവും വലിയതാണ് എയര്‍ലാന്‍ഡര്‍ വിമാനമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍ എന്ന കമ്പനിയാണ് വിമാന നിര്‍മാണത്തിന് പിന്നില്‍. ഈ പദ്ധതിക്കായി ബ്രിട്ടീഷ് സര്‍ക്കാര്‍ മൂന്നര മില്യനിലധികം ഡോളര്‍ കമ്പനിക്ക് അനുവദിച്ചിരുന്നു.

Latest