Connect with us

International

ദ. സുഡാന്‍ പ്രതിപക്ഷ നേതാവ് റീക് മച്ചര്‍ രാജ്യം വിട്ടു

Published

|

Last Updated

ജുബ: സംഘര്‍ഷഭരിതമായ ദക്ഷിണ സുഡാനിലെ മുന്‍ വൈസ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ റീക് മച്ചര്‍ അയല്‍ രാജ്യത്തേക്ക് കടന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സൈന്യവുമായി മച്ചറുടെ അനുയായികള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത പോരാട്ടത്തിലായിരുന്നു. ഇതിനിടെ തലസ്ഥാന നഗരമായ ജുബയില്‍ നിന്ന് മച്ചര്‍ പിന്‍വാങ്ങിയിരുന്നു. മച്ചര്‍ രാജ്യം വിട്ടുവെന്ന് അറിയിച്ച അദ്ദേഹത്തിന്റെ വക്താവ് ജെയിംസ് ഗാട്ഡറ്റ് ഡാക്, മച്ചര്‍ എവിടെയാണ് ഉള്ളതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. മേഖലയിലെ സുരക്ഷിതമായ ഒരിടത്തേക്ക് മാറിയെന്നാണ് സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി- ്രപതിപക്ഷ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഒരു കാലത്ത് പ്രസിഡന്റ് സല്‍വാ കിറിനൊപ്പം ദക്ഷിണ സുഡാന്‍ രൂപവത്കരണത്തിനായി പ്രവര്‍ത്തിച്ച റീക് മച്ചര്‍ പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു. വിരുദ്ധ ഗോത്രങ്ങളില്‍ നിന്നുള്ള ഈ നേതാക്കള്‍ക്കിടയില്‍ അധികാര വിഭജനം നടത്തിയതിലെ പാകപ്പിഴയാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. എസ് പി എല്‍ എ പിളരുകയും ചെയ്തു. ഇതോടെ ദക്ഷിണ സുഡാന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പു കുത്തുകയായിരുന്നു.
രണ്ട് വര്‍ഷത്തിലേറെ പ്രസിഡന്റിന്റെ സൈന്യവുമായി ഏറ്റമുട്ടിയ മച്ചറിന്റെ സൈന്യം 2015 ആഗസ്റ്റിലെ സമാധാന കരാറിലെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഇരു വിഭാഗവും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. ജൂലൈ മധ്യത്തിലാണ് മച്ചര്‍ ജുബയില്‍ നിന്ന് പിന്‍വാങ്ങിയത്. കഴിഞ്ഞ ആഴ്ച യു എന്‍ രക്ഷാ സമിതി 4,000 സമാധാന പാലന സൈനികരെക്കൂടി ദക്ഷിണ സുഡാനില്‍ നിയോഗിച്ചിരുന്നു. ഡുഡാനില്‍ നിന്ന് പാശ്ചാത്യ പിന്തുണയോടെ വേര്‍പെട്ട ദക്ഷിണ സുഡാനില്‍ ഒരിക്കല്‍ പോലും സമാധാനം പുലര്‍ന്നിട്ടില്ല.

Latest