Connect with us

Eranakulam

കമ്മീഷന്‍ ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ഉടന്‍ ലഭ്യമാക്കാനാകില്ലെന്ന് വോഡാഫോണ്‍ അധികൃതര്‍

Published

|

Last Updated

കൊച്ചി: സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട വിവരങ്ങളുടെ വിശദാംശങ്ങള്‍ ഉടന്‍ ലഭ്യമാക്കാനാകില്ലെന്ന് വോഡാഫോണ്‍ അധികൃതര്‍. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജിക്കുമോന്‍, സലിം രാജ് എന്നിവരുടെയുള്‍പ്പെടെ മൂന്ന് നമ്പറുകളുടെ 2011 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെയുള്ള ഫോണ്‍ വിശദാംശങ്ങള്‍ ആര്‍ക്ക് നല്‍കിയെന്നും ആരാണ് അതിന് അപേക്ഷിച്ചിരുന്നതെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മറുപടിയാവശ്യപ്പെട്ട് കമ്മീഷന്‍ വോഡാഫോണ്‍ അധികൃതരെ സമീപിച്ചിരുന്നു. മൂന്ന്‌വര്‍ഷം മുമ്പുള്ള രേഖകളായതിനാല്‍ അതിന്റെ മറ്റ് വിവരങ്ങളെല്ലാം തങ്ങള്‍ നിയമപരമായ ആവശ്യങ്ങള്‍ക്കായി ഫയലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് തുറക്കാനാകാത്ത നിലയിലാണെന്നുമാണ് വോഡാഫോണ്‍ അധികൃതര്‍ വ്യാഴാഴ്ച കമ്മീഷനെ അറിയിച്ചത്. കമ്മീഷന്‍ നിശ്ചയിക്കുന്ന സൈബര്‍ വിദഗ്ധനെക്കൊണ്ട് കമ്പനിച്ചെലവില്‍ ഈ ഫയല്‍ തുറപ്പിക്കുന്നതിന് തങ്ങള്‍ ഒരുക്കമാണെന്നും വോഡഫോണ്‍ നോഡല്‍ ഓഫീസര്‍ എന്‍ജിനീയര്‍ മുഖേന കമ്മീഷനില്‍ സമര്‍പ്പിച്ച മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് 2011 ജൂണ്‍ മുതല്‍ 2013 ജൂണ്‍വരെ ചിലര്‍ ഉപയോഗിച്ചിരുന്ന നമ്പറിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കമ്മീഷന്‍ വിവിധ സേവനദാതാക്കളെ സമീപിച്ചിരുന്നു.