Connect with us

National

രാജസ്ഥാനില്‍ പാക് ചാരന്‍ പിടിയില്‍

Published

|

Last Updated

ജയ്പൂര്‍: പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടുമായി ചാരവൃത്തിക്ക് ഇന്ത്യയിലെത്തിയ ആള്‍ പിടിയില്‍. നന്ദലാല്‍ മഹാരാജ് എന്നയാളാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പിടിയിലായത്. ഇന്ത്യയില്‍ സ്‌ഫോടനം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് നന്ദലാല്‍ മഹാരാജ് എത്തിയതെന്ന് ഇന്റലിജന്‍സ് ഏജന്‍സി വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്‌ഫോടകവസ്തുവായ ആര്‍ഡിഎക്‌സും ചാരപ്രവൃത്തിയുടെ വിവരങ്ങള്‍ അടങ്ങിയ ഡയറിയും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്താനാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. സ്‌ഫോടനങ്ങള്‍ക്കായി കൊണ്ടുവന്ന 35 കിലോഗ്രാം ആര്‍ഡിഎക്‌സ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഡയറിയില്‍ ചാരപ്രവര്‍ത്തനങ്ങളുടെ വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു.

പല തവണയായി നടത്തിയ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്‌ഐയില്‍ നിന്ന് 10000 രൂപ മുതല്‍ 70000 രൂപ വരെ ഇയാള്‍ക്ക് ലഭിച്ചതായി ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. ഹിന്ദുമത വിശ്വാസിയായ നന്ദലാല്‍ മഹാരാജിന്റെ കുടുംബം പാകിസ്ഥാനിലാണെന്നും അവിടെ വസ്ത്രവ്യാപാരശാല നടത്തുന്നയാളാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

Latest