Connect with us

Kozhikode

വേദനയുടെ ലോകത്ത് മനുഷ്യന് മതവും ജാതിയും വര്‍ണവും വര്‍ഗവുമില്ല

Published

|

Last Updated

പേരാമ്പ്ര: വേദനയുടെ ലോകത്ത് മനുഷ്യന് മതവും ജാതിയും വര്‍ണവും വര്‍ഗവുമില്ലെന്ന സന്ദേശമുയര്‍ത്തി ഉദാരമതികളുടെ നിസ്സീമമായ സഹകരണത്തോടെ പേരാമ്പ്രയില്‍ തുടക്കം കുറിച്ച ദയ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് വേണ്ടി വിദേശ മലയാളികള്‍ കൈയ് മെയ് മറന്ന് നടത്തിയ പ്രയത്‌നഫലമായി പടുത്തുയര്‍ത്താന്‍ കഴിഞ്ഞ ദയ ഓഡിറ്റോറിയവും, ഇതോടനുബന്ധിച്ചുള്ള ട്രെയിനിംഗ് സെന്ററും യഥാര്‍ത്ഥ്യമാകുന്നു. ശനിയാഴ്ച കാലത്ത് 10 ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ദയ ജിദ്ദ ചാപ്റ്ററാണ് ഈ സദുദ്യമം സഫലീകരിച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. ബഹ്‌റിന്‍ ചാപ്റ്റര്‍ ഏറ്റെടുത്ത ദയ ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ഇതേ ചടങ്ങില്‍ വെച്ച് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി.അഹമ്മദ് നിര്‍വ്വഹിക്കും. സാന്ത്വന പരിചരണ മേഖലയില്‍ സേവന നിരതമായ 13 വര്‍ഷങ്ങള്‍ പിന്നിടുന്ന ദയ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ ഏതു സമയത്തും സജ്ജരായി നില്‍ക്കുന്ന 40 ഓളം വളണ്ടിയര്‍മാരും, പ്രതിഫലേഛ യില്ലാതെ കാരുണ്യ പ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഡോക്ടമാരും ഇതര വിഭാഗങ്ങളൂമാണ് ദയയുടെ ശ്രദ്ധേയമായ നേട്ടങ്ങളുടെ പിന്നിലെ ചാലകശക്തിയെന്ന് സംഘാടകര്‍ അനുസ്മരിച്ചു. ദയക്ക് വേണ്ടി ആശുപത്രി രണ്ടാഴ്ചക്കാലം അടച്ചു പൂട്ടി വിദേശത്ത് ഫണ്ട് പിരിവിന് പോയ ഡോ.ഒ.മുഹമ്മദിന്റെ വേര്‍പാട് സ്ഥാപനത്തിനും, നാടിനും വരുത്തിയ നഷ്ടവും ഭാരവാഹികള്‍ എടുത്തു പറഞ്ഞു. ദയ ചെയര്‍മാന്‍ കെ. ഇമ്പിച്ചാലി, ഇ.പി.കുഞ്ഞബ്ദുല്ല, വി.പി.മുഹമ്മദ് ശാഫി, സുരേഷ് പാലോട്ട്, ഡോ: ഇസ്മാഈല്‍ മരുതേരി, കെ.എം.ശ്രീനിവാസന്‍, ഡോ: ഷജീം, ആര്‍.കുഞ്ഞബ്ദുല്ല വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.