Connect with us

Gulf

ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തിന് തുര്‍ക്കിയില്‍ അടിയന്തര ലാന്‍ഡിംഗ്‌

Published

|

Last Updated

ദോഹ: ദോഹയിലേക്കുള്ള ഖത്വര്‍ എയര്‍വേയ്‌സ് വിമാനം തുര്‍ക്കിയിലെ ഇസ്താംബൂള്‍ അതാതുര്‍ക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് യാത്രക്കാരെ സാധാരണ നിലയില്‍ ഒഴിപ്പിച്ചു. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ക്യുആര്‍ 240 വിമാനം അടിയന്തര ലാന്‍ഡിംഗ് ചെയ്തതെന്ന് ഖത്വര്‍ എയര്‍വേയ്‌സ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
298 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഖത്വര്‍ എയര്‍വേയ്‌സ് പകരം വിമാനം ഇസ്താംബൂളിലേക്ക് അയച്ച് യാത്രക്കാരെ ദോഹയിലെത്തിച്ചു. ടേക്ക് ഓഫ് സമയത്ത് ലാന്‍ഡിംഗ് ഗിയര്‍ അകത്തേക്ക് വലിയാതിരുന്നതാണ് അടിയന്തര ലാന്‍ഡിംഗിന് ഇടയാക്കിയതെന്ന് വിമാനത്താവള ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ എന്‍ജിന് തീ പിടിച്ചെന്ന വാര്‍ത്താ ചാനലായ സി എന്‍ എന്‍ തുര്‍ക്കിന്റെ റിപ്പോര്‍ട്ട് വിമാനത്താവള ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പൈലറ്റ് പാലിച്ചതായി ഖത്വര്‍ എയര്‍വേയ്‌സിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.