Connect with us

Malappuram

സമ്പൂര്‍ണ ശൗചാലയ പഞ്ചായത്താണ്; പ്രാഥമിക കാര്യത്തിന് പോലും സൗകര്യമില്ല

Published

|

Last Updated

കല്‍പകഞ്ചേരി: പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ ശൗചാലയ പഞ്ചായത്തായി പ്രഖ്യാപിച്ചപ്പോഴും പ്രധാന വാണിജ്യ കേന്ദ്രമായ വൈലത്തൂരിലെത്തുന്നവര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലെന്ന് പരാതി. രണ്ട് മാസം മുമ്പാണ് പഞ്ചായത്തിനെ സമ്പൂര്‍ണ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ പഞ്ചായത്തായി പ്രഖ്യാപിച്ചത്. എന്നാല്‍ ഫ്രീ ഡെഫിക്കേഷന്‍ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെടുന്നതിന്റെ മുമ്പ് പൊതു ശൗചാലയം നിര്‍മിക്കണമെന്ന നിര്‍ദേശം ഇതോടെ അധികൃതര്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. ടൗണിലെ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണ സമയത്ത് ഇതിനോടനുബന്ധിച്ച് മത്സ്യ വില്‍പന സ്ഥലത്തിന് പിറകിലായി കംഫര്‍ട്ട് സ്റ്റേഷന് വേണ്ടി സൗകര്യമൊരുക്കിയിരുന്നെങ്കിലും പൊതുജനങ്ങളുടെ പ്രാഥമിക കാര്യങ്ങള്‍ക്കായി ഈ മുറികള്‍ ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. ഇതോടെ നഗരത്തിലെത്തുന്നവര്‍ കെട്ടിടങ്ങള്‍ക്ക് സമീപത്തെ ആളൊഴിഞ്ഞ തുറസ്സായ സ്ഥലങ്ങളിലെത്തി കാര്യങ്ങള്‍ നിര്‍വഹിക്കേണ്ട ദുര്‍ഗതിയിയാണ്.