Connect with us

Palakkad

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ പാസാക്കുന്നതിലെ കാലതാമസം: ജില്ലാ ടൗണ്‍ പ്ലാനര്‍ക്കെതിരെ നടപടി വേണമെന്ന് നഗരസഭ

Published

|

Last Updated

പാലക്കാട്: കെട്ടിട നിര്‍മ്മാണ, ഭവന നിര്‍മ്മാണ അപേക്ഷകളില്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കാലതാമസം വരുത്തുന്ന ജില്ലാ ടൗണ്‍ പ്ലാനര്‍ക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഏഴ് മാസക്കാലമായി നഗരസഭയില്‍ സെക്രട്ടറിയില്ലാത്ത അവസ്ഥയും അസി എന്‍ജിനീയര്‍മാരില്ലാത്ത അവസ്ഥയും പരിഹരിക്കുന്നതിന് നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കെട്ടിട, ഭവന നിര്‍മ്മാണ അപേക്ഷകളില്‍ മുന്‍സിപ്പല്‍ നിയമപ്രകാരം ചുരുക്കം ചില അപേക്ഷകളിലേ നഗരസഭാ സെക്രട്ടറി ഒപ്പിടേണ്ടതുള്ളൂവെന്നിരിക്കേ സെക്രട്ടറിയുടെ ഒപ്പില്ലെന്ന കാരണം പറഞ്ഞ് ജില്ലാ ടൗണ്‍ പ്ലാനര്‍ അപേക്ഷകള്‍ നിരസിക്കുന്നതായി യോഗത്തില്‍ സെക്രട്ടറി അറിയിച്ചു. മുന്‍സിപ്പല്‍ നിയമപ്രകാരം 1500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമേ നഗരസഭാ സെക്രട്ടറിയുടെ ഒപ്പ് ആവശ്യമുള്ളൂ. അതിനു താഴെയുള്ള അപേക്ഷകളില്‍ അസി. എഞ്ചിനീയറുടെ ഒപ്പ് മാത്രമേ പതിക്കേണ്ടതുള്ളൂ. എന്നാല്‍ മുന്‍കാലങ്ങളില്‍ അതിന് വിപരീതമായി എല്ലാ കെട്ടിട നിര്‍മാണ, ഭവന നിര്‍മ്മാണ അപേക്ഷകളിലും സെക്രട്ടറി ഒപ്പുവെച്ചിരുന്നു. എന്നാല്‍ നഗരസഭയില്‍ പുതിയ സെക്രട്ടറി ചാര്‍ജ്ജെടുത്ത ശേഷം ഇതിന് മാറ്റം വരുത്തുകയും 1500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള അപേക്ഷകളില്‍ മാത്രം ഒപ്പുവെക്കുകയും ചെയ്തു. എന്നാല്‍ എല്ലാ അപേക്ഷകളിലും സെക്രട്ടറിയുടെ ഒപ്പ് വേണമെന്ന് ജില്ലാ ടൗണ്‍ പ്ലാനര്‍ ശാഠ്യം പിടിക്കുകയാണെന്ന് നഗരസഭാ സെക്രട്ടറി യോഗത്തെ അറിയിച്ചു.നഗരസഭയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ടൗണ്‍ പ്ലാനര്‍ക്കെതിരെ നടപടി വേണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ഭവന നിര്‍മ്മാണ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടിയതായി ചെയര്‍പേഴ്‌സണ്‍ യോഗത്തെ അറിയിച്ചു.
അമൃത് പദ്ധതിയുടെ ഈ വര്‍ഷത്തെ മാസ്റ്റര്‍ പ്ലാനിന് യോഗം അംഗീകാരം നല്‍കി. അമൃത് പദ്ധതിക്കായി സംസ്ഥാന വാര്‍ഷിക ആക്ഷന്‍ പ്ലാനില്‍ 75.3 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിയിലെ ശുദ്ധജല വിതരണം, മലിനജല സംസ്‌കരണം, നഗരഗതാഗതം എന്നിവക്കുള്ള തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് യോഗത്തില്‍ അസി എഞ്ചിനീയര്‍ സ്മിത യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ അധ്യക്ഷത വഹിച്ചു. സെയ്തലവി, വി നടേശന്‍, ഭവദാസ്, കുമാരി, എസ് ആര്‍ ബാലസുബ്രഹ്മണ്യം സംസാരിച്ചു.