Connect with us

Gulf

ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് യു എ ഇയുമായുള്ള ബന്ധം ദൃഢം

Published

|

Last Updated

ഏഷ്യന്‍ രാജ്യങ്ങളിലെ സ്ഥാനപതിമാരുടെ യോഗത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാമിന് ഉപഹാരം നല്‍കുന്നു

അബുദാബി: യു എ ഇയുമായുള്ള ബന്ധത്തില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സ്ഥാനം ഉയര്‍ന്നു കാണുന്നതില്‍ ഏറെ അഭിമാനം തോന്നുന്നുവെന്ന് യു എ ഇയിലെ ഏഷ്യന്‍ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍.
യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഈ വര്‍ഷം വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇതിന്റെ തെളിവാണെന്നും യു എ ഇയിലെ കസാക്കിസ്ഥാന്‍ സ്ഥാനപതി കൈറത്ത് ലാമ ഷെരീഫ് വ്യക്തമാക്കി. ഏഷ്യന്‍ രാജ്യങ്ങളിലെ സ്ഥാനപതിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യയിലെ 29 രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ അവരുടെ രാജ്യങ്ങളിലെ വിജയകഥകളും വികസന പദ്ധതികളും പരസ്പരം പങ്കിടുന്നതിന് മാസത്തില്‍ രണ്ട് തവണ കൂടുന്ന യോഗത്തിലാണ് തുറന്ന ചര്‍ച്ച നടന്നത്. യോഗങ്ങളില്‍ വ്യത്യസ്ത രാജ്യങ്ങളിലെ സ്ഥാനപതിമാരാണ് ആതിഥേയത്വം സ്വീകരിക്കേണ്ടത്. കഴിഞ്ഞ യോഗത്തില്‍ കസാക്കിസ്ഥാന്‍ സ്ഥാനപതിയുടെ ഊഴമായിരുന്നു. മലേഷ്യന്‍ സ്ഥാനപതി അഹ്മന്‍ അന്‍വര്‍ അദ്‌നാനാണ് ഗ്രൂപ്പ് ചെയര്‍മാന്‍. ലോകത്തിലെ നൂറോളം രാജ്യങ്ങള്‍ക്ക് യു എ ഇയില്‍ സ്ഥാനപതി കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, യു എ ഇയിലെ സേവനം മതിയാക്കി പോവുന്ന ചൈനീസ് സ്ഥാനപതി ചാംഗ് ഹുവ എന്നിവര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍കി. രണ്ട് പ്രമുഖ രാജ്യങ്ങളിലെ പ്രതിനിധികളായ ഇവര്‍ നയതന്ത്ര സമൂഹത്തില്‍ സുപ്രധാന പങ്ക് വഹിച്ചതായി സ്ഥാനപതിമാര്‍ വ്യക്തമാക്കി. ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ചൈനീസ് സ്ഥാനപതി യോഗത്തിനെത്തിയില്ല. ചടങ്ങില്‍ ടി പി സീതാറാമിന് സംഘാടകര്‍ മൊമെന്റോ സമ്മാനിച്ചു.

Latest