Connect with us

Editorial

ആംനസ്റ്റി ഇന്റര്‍നാഷനലിന് കൂച്ചുവിലങ്ങ്

Published

|

Last Updated

അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ പാക് അനുകൂല മുദ്രാവാക്യം ഉയര്‍ന്നുവെന്ന എ ബി വി പിയുടെ പരാതിയിന്മേലാണ് സര്‍ക്കാര്‍ ജെ എന്‍ യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ നിരന്തരം വേട്ടയാടുന്നത്. ഇപ്പോഴിതാ കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ബെംഗളൂരുവില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നുവെന്ന എ ബി വി പിയുടെ തന്നെ പരാതിയില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍ര്‍നാഷനലിനെതിരെ കര്‍ണാട സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. രാജ്യദ്രോഹത്തിന് പുറമേ കലാപത്തിന് ആഹ്വാനം, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

സംവാദത്തിനിടെ ഒരു സംഘമാളുകള്‍ കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. ആംനസ്റ്റി ഇത് നിഷേധിക്കുകയും വിഭാഗീയതക്കും ശത്രുതക്കും അക്രമത്തിനും കാരണമാകാത്ത തരത്തില്‍, രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ക്കു കീഴിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്‌തെങ്കിലും കേസുമായി മുന്നോട്ട് പോകാനാണ് കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം.

ഇതിന് തൊട്ടു പിന്നാലെ ആംനസ്റ്റി ഇന്ത്യയുടെ ഫണ്ട് വരവിന് തടയിടാന്‍ കേന്ദ്ര സര്‍ക്കാറും നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആംനസ്റ്റി ഇന്ത്യന്‍ ഘടകത്തിന്റെ ഫണ്ട് വരവ് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരിക്കയാണ്. വിദേശത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ് ആര്‍ സി എ) അനുസരിച്ചുള്ള രജിസ്‌ട്രേഷന് ആംനസ്റ്റി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ വിദേശത്തുനിന്ന് സഹായം ലഭിച്ചതായി തെളിഞ്ഞാല്‍ തദടിസ്ഥാനത്തില്‍ സംഘടനയുടെ ഫണ്ട് വരവ് തടയാനാകും. ഈ ലക്ഷ്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഊര്‍ജിത അന്വേഷണം.
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ആംനസ്റ്റിക്ക് 162 രാജ്യങ്ങളിലായി 7,500ലധികം കീഴ്ഘടകങ്ങളും പത്ത് ലക്ഷത്തിലധികം അംഗങ്ങളുമുണ്ട്.

ആംനസ്റ്റിയുടെ വരുമാനത്തില്‍ ഏറിയ പങ്കും ലോകമാസകലമുള്ള അംഗങ്ങളില്‍ നിന്ന് പിരിക്കുന്ന വരിസംഖ്യയും സഹകാരികളില്‍ നിന്നുള്ള സംഭാവനകളുമാണ്. ഒരു ചേരിചേരാസംഘടനയായതുകൊണ്ട് സര്‍ക്കാറുകളില്‍ നിന്നോ, സര്‍ക്കാര്‍ സംഘടനകളില്‍ നിന്നോ സംഘടന സംഭാവന സ്വീകരിക്കാറില്ല. അന്യായമായ തടവ് ശിക്ഷ, ലോക്കപ്പ് മര്‍ദനങ്ങള്‍, പോലീസിന്റെയും സൈന്യത്തിന്റെയും ക്രൂരതകള്‍, ഭരണകൂട ഭീകരത തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തി അതിനെതിരെ പ്രവര്‍ത്തിക്കുകയാണ് 1961ല്‍ സ്ഥാപിതമായ ഈ സംഘടനയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ലോകത്തെങ്ങുമുള്ള ഭരണകൂടങ്ങളുടെ കണ്ണിലെ കരടാണ് ആംനസ്റ്റി. നിസ്സാര പ്രശ്‌നത്തെ ചൊല്ലി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് സൃഷ്ടിക്കാന്‍ ഭരണ കൂടങ്ങള്‍ ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമാണ് ഇന്ത്യയില്‍ ആംനസ്റ്റിക്ക് എതിരെ നടക്കുന്ന നീക്കങ്ങളെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

പ്രത്യേകാധികാരത്തിന്റെ മറവില്‍ കാശ്മീരില്‍ സൈന്യം നടത്തുന്ന കൊടുംക്രൂരതകളും വ്യാജ ഏറ്റുമുട്ടല്‍ കൊലകളും ആഗോള സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുന്നത് ആംനസ്റ്റിയാണ്. ഇന്ത്യയില്‍ ദളിതുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും ലിംഗ-ജാതീയ വിവേചനവും പൗരത്വ നിഷേധവും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ വിരുദ്ധ സമരമുഖത്തുള്ളവരെയും അന്യായമായി തടങ്കലിലാക്കുന്ന പ്രവണതയും തുറന്നു കാട്ടുന്ന റിപ്പോര്‍ട്ട് 2016 ഫെബ്രുവരിയില്‍ സംഘടന പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നു വരുന്നതിനെതിരെയും കാശ്മീരിലെ പെല്ലറ്റ് പ്രയോഗത്തിനെതിരെയും ആംനസ്റ്റിയുടെ റിപ്പോര്‍ട്ട് വന്നത് അടുത്തിടെയാണ്.

മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്നതായും ധ്രുവീകരണ പ്രസംഗങ്ങളിലൂടെ നേതാക്കള്‍ സ്പര്‍ധ വളര്‍ത്തുന്നതും അഭിപ്രായം തുറന്നു പറയുന്നവരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ വേട്ടയാടുന്ന കാര്യവും ഈ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് എഴുത്തുകാരും ശാസ്ത്രജ്ഞരും കലാകാരന്‍മാരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നത് എടുത്തുപറയുന്ന റിപ്പോര്‍ട്ടില്‍ 2015ല്‍ ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന നിരവധി സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടുന്നു.

ഇത് ഇന്ത്യാ സര്‍ക്കാറിന് അലോസരം സൃഷ്ടിക്കുക സ്വാഭാവികമാണ്.
മഹത്തായ സേവനമാണ് ആംനസ്റ്റി പോലെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ചെയ്യുന്നത്. ഓരോ പൗരനും അന്തസ്സും സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം നേടിക്കൊടുക്കുകയാണ് അവരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നടക്കുന്ന പൗരനിഷേധവും പീഡനങ്ങളും ചൂണ്ടിക്കാട്ടുമ്പോള്‍ അതുള്‍ക്കൊണ്ട് പരിഹാരം കാണുന്നതിന് പകരം അത് ചൂണ്ടിക്കാട്ടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും കൂച്ചുവിലങ്ങിടാനൊരുമ്പെടുന്നത് ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ചേര്‍ന്നതല്ല.