Connect with us

National

കാശ്മീരിലെ സ്ഥിതിയില്‍ ഉത്കണ്ഠയുണ്ടെന്ന് രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി:കാശ്മീരിലെ സ്ഥിതിയില്‍ ഉത്കണ്ഠയുണ്ടെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ജമ്മു കാശ്മീരില്‍ നിന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘത്തെയാണ് രാഷ്ട്രപതി ഉത്കണ്ഠ അറിയിച്ചത്. എത്രയും പെട്ടെന്ന് താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് പറഞ്ഞ രാഷ്ട്രപതി ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. കഴിഞ്ഞ 43 ദിവസമായി കാശ്മീരില്‍ തുടരുന്ന സംഘര്‍ഷം പരിഹരിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ടാണ് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ട് ചര്‍ച്ച നടത്തിയത്.

രാഷ്ട്രപതി ഭവനില്‍ ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കാശ്മീരില്‍ സൈനിക മേധാവികള്‍ നടത്തുന്ന ഇടപെടലുകളും വിഷയമായി. സംഘം വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനവും രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കില്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ ഇതിലും ഗുരുതരമാകുമെന്നും നിവേദനത്തില്‍ പറയുന്നുണ്ട്. കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാണ് സംഘം രാഷ്ട്രപതിയോട് പ്രധാനമായും ആവശ്യപ്പെട്ടത്. കാശ്മീരില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാറിന്റെ നിസ്സംഗ മനോഭാവമാണ് കാശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കിയതെന്നും സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു.
ഇതിനിടെ വിഘടനവാദികള്‍ ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തണമെന്ന് ഉത്തരമേഖല സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ ആവശ്യപ്പെട്ടു. എല്ലാവരുമായും ചര്‍ച്ച ചെയ്താണ് പ്രശ്‌നപരിഹാരമുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് എല്ലാ രാഷ്ട്രീയ നേതാക്കളെയും വിളിച്ച് ചര്‍ച്ച നടത്തണം. പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണാതെ കേന്ദ്രം ഒഴിഞ്ഞു മാറുന്നത് താഴ്‌വരയിലെ സമാധാനത്തിനും സ്ഥിരതക്കും വെല്ലുവിളിയാണ്. സംഘര്‍ഷത്തെ ഭരണസ്വാധീനം ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.