Connect with us

Kerala

പ്രയാര്‍ ഗോപാലകൃഷ്ണന്റെ നടപടി പദവിക്ക് യോജിക്കാത്തത്; ദേവസ്വം മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിന്റിനെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി രംഗത്ത്. മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നടപടി പദവിക്ക് യോജിക്കാത്ത തരത്തിലായിരുന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രിയോട് തട്ടിക്കയറിയത് കൂടാതെ ശബരിമലയില്‍ ഉപവാസം നടത്തിയത് സുപ്രീം കോടതിയുടെ വിധിയുടെ ലംഘനമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രയാര്‍ ഗോപാല കൃഷ്ണന്‍ കടുത്ത വര്‍ഗീയ വാദിയെന്നും ശബരിമല അവലോകന യോഗത്തില്‍ പ്രയാര്‍ ആക്രോശിച്ചത് മാധ്യമ ശ്രദ്ധ ലഭിക്കാനാണെന്നും കുറ്റബോധം കൊണ്ടാണ് ഇപ്പോള്‍ രാജി സന്നദ്ധത പ്രകടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച വിഷയത്തില്‍ സന്നിധാനത്ത് ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തിയതും ഉചിതമായില്ല. സന്നിധാനം സമരവേദിയാക്കാനനുവദിക്കില്ല. അതിന് ബോര്‍ഡ് പ്രസിഡന്റ് നേതൃത്വം നല്‍കരുതായിരുന്നെന്നും മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം പ്രസിഡന്റ് അഭിപ്രായം പറയേണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ തുറന്നടിച്ചു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന കാര്യം അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തീരുമാനിക്കേണ്ട കാര്യമാണ്. അത് രാഷ്ട്രീയ നിയമനവുമാണ്. ലക്ഷക്കണക്കിന് ഭക്തരുടെ ക്ഷേമത്തെ സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കേണ്ടതിന് പകരം എതിര്‍ത്ത് സംസാരിച്ചത് അപമാനകരമാണ്. എട്ട് വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകനയോഗത്തില്‍ ബഹളമുണ്ടാക്കേണ്ടെന്ന് കരുതിയാണ് യോഗ വേദിയില്‍ വച്ച് പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വികസനത്തിന് പണം കണ്ടെത്താനും അതില്‍ ഭക്തരെ പങ്കാളികളാക്കാനും ക്ഷേത്ര വികസനത്തിന് പരിഗണിക്കാവുന്ന കാര്യങ്ങള്‍ മുന്നോട്ട് വയ്ക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. അതിനോട് തന്ത്രിമാരാണ് പ്രതികരിച്ചതെങ്കില്‍ മനസിലാക്കാം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് യോഗവേദിയില്‍ രാഷ്ട്രീയ നിലപാടെടുക്കുകയും മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചതും സാമാന്യമര്യാദകള്‍ പോലും പരിഗണിക്കാതെയാണ്. ബോര്‍ഡ് പ്രസിഡന്റിന്റെ രാഷ്ട്രീയ സമീപനമുണ്ടാക്കിയ ഭരണതലത്തിലെ അസ്വസ്ഥത ഒരുതരത്തിലും വരുന്ന ശബരിമല തീര്‍ത്ഥാടനക്കാലത്തെ ബാധിക്കില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. പത്തോളം വകുപ്പുകളുടെ ഏകോപനത്തോടെ മികച്ച രീതിയില്‍ തീര്‍ത്ഥാടനക്കാലം മികച്ചതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Latest