Connect with us

Gulf

മീഡിയ പോലീസിംഗും പോലീസിലെ വര്‍ഗീയതയും വെല്ലുവിളികളാകുന്നുവെന്ന് പി ടി കുഞ്ഞുമുഹമ്മദ്

Published

|

Last Updated

ദോഹ: മീഡിയകളുടെ പോലീസ് പ്രവര്‍ത്തനവും പോലീസിലെ കമ്യൂണല്‍ വത്കരണവും സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളാണെന്ന് സംവിധായകനും ഇടതു സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി ടി കുഞ്ഞുമുഹമ്മദ്. ആരെയും ഭീകരവാദിയോ തീവ്രവാദിയോ ആക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. സ്വയം പ്രൂവ് ചെയ്യേണ്ടി വരികയും മതേതര പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പോലും അത് പ്രയാസകരമായിത്തീരുകയും ചെയ്യുന്നു. കന്‍ഹയ്യ കുമാറിനു പോലും ദേശസ്‌നേഹവും മതേതരത്വവും തെളിയിക്കേണ്ടി വന്നു. പോലീസും മാധ്യമങ്ങളും ഇത്തരം സന്ദര്‍ഭങ്ങളില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. ദോഹയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സ്വയം പ്രൂവ് ചെയ്യാന്‍ പറ്റാത്ത ലോകത്ത് ജീവിക്കുന്ന ഒരാളുടെ കഥ പറയുന്ന വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമയുടെ പണിപ്പുരയിലാണ്. സമകാലിക ഇന്ത്യന്‍ അവസ്ഥയാണ് അതില്‍ പറയാന്‍ ശ്രമിക്കുന്നത്. ലോകത്ത് എല്ലായിടത്തും ന്യൂനപക്ഷങ്ങള്‍ സ്വത്വ പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകളില്‍നിന്നു വ്യത്യസ്തമല്ല പാകിസ്ഥാനിലെ ഹിന്ദുവിന്റെ അവസ്ഥ. എന്നാല്‍ മതേതരത്വം മാത്രമാണ് ബദല്‍ എന്ന് സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പറഞ്ഞു തരുന്നു. അല്ലെങ്കില്‍ എന്തുകൊണ്ട് മുസ്‌ലിം രാജ്യങ്ങളില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടക്കുന്നു. 1492നു ശേഷമുള്ള വലിയ കുടിയേറ്റമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കൃസ്തുമതത്തിലധിഷ്ഠിതമായ ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മുസ്‌ലിംകള്‍ കുടിയേറുന്നത്. കുടിയേറ്റത്തിന്റെ വലിയ മൂല്യം സെക്യുലറിസം ആണെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്.

ഇന്ത്യയില്‍ 30 കോടി ദളിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു സാക്ഷ്യം വഹിക്കുകയാണ്. ദളിതര്‍ ആദ്യമായാണ് ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കുന്നത്. ദളിതര്‍ സ്വത്തുത്പാദനത്തില്‍ തമസ്‌കരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ദളിതരുടെ ഒരു ചായക്കട പോലും കേരളത്തിലില്ല. ജനിക്കുമ്പോള്‍ തന്നെ ബ്രാന്‍ഡ് ചെയ്യപ്പെടുന്ന ദളിതര്‍ക്ക് അതു മറികടക്കാന്‍ സാധിക്കുന്നില്ല. ഇന്ത്യയില്‍ ജാതി ഒരു യാഥാര്‍ഥ്യമാണ്. സെക്രട്ടേറിയറ്റില്‍ പോയി ഗോപാലകൃഷ്ണന്‍ എന്നു പറഞ്ഞാല്‍ എന്തു ഗോപാലകൃഷ്ണന്‍ എന്നു ചോദിക്കും. കേരളത്തിലെ മുസ്‌ലിം സമുദായം ഉത്തരേന്ത്യയില്‍ നിന്നും വിഭിന്നമാണ്.

കലയിലും സംഗീതത്തിലും ആധിപത്യമുള്ള സമൂഹമായിരുന്നു ഉത്തരേന്ത്യന്‍ മുസ്‌ലിം. അറേബ്യയില്‍നിന്നും നേരിട്ടു പകര്‍ത്തിയ മുസ്‌ലിം സമൂഹമാണ് കേരളത്തിലേത്. മലയാളം പഠിക്കന്‍ വരെ വിസമ്മതിച്ചു അവര്‍. ബഷീറിനെപ്പോലുള്ളവര്‍ വന്നപ്പോഴാണ് വലിയ മാറ്റം വന്നത്. എന്നാല്‍ 80കള്‍ക്കു ശേഷം മുസ്‌ലിം സമൂഹത്തില്‍ വലിയ മാറ്റം വന്നു. ഇത്രയും സാംസ്‌കാരിക നിക്ഷേപം നടത്തിയ സമൂഹം വേറെയില്ല.

70കളോടെ കേരളത്തില്‍ ഫ്യൂഡലിസം തകര്‍ന്നു. കൂട്ടുകുടുംബവും തകര്‍ന്നു. അതിന്റെ നഷ്ടമുണ്ടായത് മുന്നോക്കക്കാര്‍ക്കാണ്. പിന്നീടുണ്ടായ കലാസൃഷ്ടികളിലെല്ലാം അതിന്റെ പ്രതിഫലനമുണ്ടായി. ദളിത് പിന്നാക്ക വിഭാഗങ്ങളില്‍നിന്നു സിനിമയുള്‍പ്പെടെയുള്ള കലാസൃഷ്ടികളില്‍പോലും അതിന്റെ സ്വാധീനമുണ്ടായി. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സാമൂഹിക സന്തുലിതാവസ്ഥ മതേതര സാഹചര്യം നിലനില്‍ക്കാന്‍ സഹായിക്കുന്നുണ്ട്. കേരളത്തില്‍ ഈഴവരും മുസ്‌ലിംകളും സമ്പന്നരാണ്. സാമൂതിരിമാരാണ് കേരളത്തില്‍ മതേതരത്വത്തിന്റെ അടിത്തറ പാകിയത്. നവകേരളത്തിന്റെ കേന്ദ്രം മലപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ നാടിനെക്കുറിച്ച് ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിനു പകരം പ്രവാസികളെക്കുറിച്ചു തന്നെ ചര്‍ച്ച ചെയ്യണം. നാട്ടിലുള്ളവരെ കൊണ്ടുവന്ന് അവാര്‍ഡും ഉപഹാരങ്ങളും കൊടുക്കുന്നത് നിര്‍ത്തണമെന്നും പ്രവാസികളെക്കുറിച്ച് ഒരക്ഷരം പറയാന്‍ തയാറല്ലാത്തവരെ പരിഗണിക്കുന്നത് നിര്‍ത്തണമെന്നും പി ടി അഭിപ്രായപ്പെട്ടു.

Latest