Connect with us

Gulf

അബുദാബിയിലെ ടാക്‌സി ജീവനക്കാര്‍ പണിമുടക്കില്‍

Published

|

Last Updated

അബുദാബി:അബുദാബിയിലെ ടാക്‌സി ജീവനക്കാര്‍ പണിമുടക്കില്‍. ഞായറാഴ്ച മുതലാണ് പണിമുടക്ക് ആരംഭിച്ചത്. അമിത ജോലി,അനിയന്ത്രിതമായ പിഴ, നാട്ടിലേക്ക് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ മാനേജ്‌മെന്റിന്റെ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. ഷിഫ്റ്റ് സമ്പ്രദായത്തിലും, നിര്‍ത്താതെയുമുള്ള രീതിയിലുമായാണ് ടാക്‌സിക്കാരുടെ ജോലി സമയം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒന്ന് പന്ത്രണ്ട് മണിക്കൂര്‍ ഇടവിട്ടുള്ളതും, മറ്റൊന്ന് നിര്‍ത്താതെ 16 മുതല്‍ 17 മണിക്കൂര്‍ ജോലിയുമാണ്. ഇതില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ക്ക് പരമാവധി 250 ദിര്‍ഹത്തിന്റെ ഓട്ടമോടിയാല്‍ മാത്രമാണ് മാസം 2500 ദിര്‍ഹമെങ്കിലുമുണ്ടാക്കാന്‍ കഴിയുകയുള്ളു. എട്ട് മണിക്കൂര്‍ മാത്രമാണ് കൃത്യമായി ജോലി ചെയ്യാന്‍ ലഭിക്കുന്നതും. ഇതില്‍ 700 ദിര്‍ഹം ഭക്ഷണത്തിനായി ചിലവാകും. എങ്ങനെപോയാലും ദിവസവും ട്രാന്‍സിന്റെ പിഴലഭിക്കാത്ത ഒരാള്‍ പോലുമുണ്ടാവില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഇത് അഞ്ഞൂറോ, അറുന്നൂറോ ദിര്‍ഹമാവാം.

മൂന്ന് സ്ഥലത്തായാണ് എമിറേറ്റ്‌സ് ടാക്‌സി ഡ്രൈവര്‍മാര്‍ താമസിക്കുന്നതും, വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും. ബനിയാസിലെ ചൈന ക്യാമ്പും, മുസഫ ഡ്രൈവിംഗ് സ്‌കൂള്‍ പരിസരവും, ഐക്കാട് സിറ്റിയുമാണ് ഇവരുടെ കേന്ദ്രങ്ങള്‍. യാത്രക്കാരില്ലാത്ത ടാക്‌സി സ്പീഡ് ട്രാക്കില്‍ പ്രവേശിക്കരുതെന്ന നിയമമുള്ളതിനാല്‍ രാവിലെ നഗരപരിധിക്ക് പുറത്തുള്ള ഈ താമസകേന്ദ്രങ്ങളില്‍ നിന്നും അബുദാബിയിലേക്ക് വരുന്ന ടാക്‌സി വേഗം കുറഞ്ഞ ട്രാക്കില്‍ ട്രക്കുകളുടെയും ലോറികളുടെയും പിറകില്‍ മെല്ലെ വരാന്‍ നിര്‍ബന്ധിതരാവുന്നു. ഈ യാത്രയില്‍ വേഗം കൂടിയ ട്രാക്കില്‍ പ്രവേശിച്ചാല്‍ 200 ദിര്‍ഹമാണ് പിഴ.

അബുദാബി നഗരത്തിലെ അര കിലോമീറ്റര്‍ അകലത്തിലുള്ള സിഗ്‌നലുകളില്‍ പോലും യാത്രക്കാരില്ലെങ്കില്‍ വേഗം കുറഞ്ഞ ട്രാക്കില്‍ സഞ്ചരിച്ച് സിഗ്‌നലുകളില്‍ ഇടത് ഭാഗത്തേക്ക് കടക്കേണ്ടിവന്നാല്‍ ബുദ്ധിമുട്ടാറുണ്ടെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. പതിനാറ് മണിക്കൂര്‍ ജോലിചെയ്യുന്നവര്‍ക്ക് ദിവസം എണ്‍പത് ദിര്‍ഹത്തിന് എണ്ണയടിച്ച് അഞ്ഞൂറ് ദിര്‍ഹത്തിന്റെ ഓട്ടമോടിയാലാണ് കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ നടക്കുക. എന്നാല്‍ വേഗം കുറഞ്ഞ ട്രാക്കുകളിലും മറ്റും ഏറെ നേരം ചിലവഴിക്കേണ്ടിവരുമ്പോള്‍ ഇരുപതോ, മുപ്പതോ ദിര്‍ഹം കൂടുതല്‍ സ്വന്തം കയ്യില്‍ നിന്നും പെട്രോളിന് ചിലവാക്കേണ്ടിയും വരാറുണ്ട്

ഏതാണ്ട് തൊള്ളായിരത്തിലധികം ടാക്‌സികളാണ് ഈ കമ്പനിയുടേതായി നിരത്തുകളിലോടുന്നത്. ഇതില്‍ തൊണ്ണൂറ് ശതമാനം ഡ്രൈവര്‍മാരും സമരത്തില്‍ അണിനിരന്നിരിക്കുകയാണെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഉഗാണ്ട, ഫിലിപ്പൈന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കമ്പനിയിലെ ഡ്രൈവര്‍മാര്‍. കമ്പനിയുടെ ഭാഗത്ത് നിന്നുള്ളതും, അല്ലാതെയുമായ പിഴയീടാക്കലുകള്‍ കഴിഞ്ഞാല്‍ വെറും തുച്ഛമായ പണമാണ് ഡ്രൈവര്‍മാര്‍ക്ക് മാസാവസാനം ലഭിക്കുന്നത്. ഇതാണ് പ്രധാനമായും ഡ്രൈവര്‍മാരെ പണിമുടക്കിലേക്ക് നയിച്ച മറ്റൊരു കാരണം.

Latest