Connect with us

National

കശ്മീര്‍: പ്രതിപക്ഷ സഹകരണം തേടി മോദി

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്നര മാസമായി സംഘര്‍ഷം തുടരുന്ന കശ്മീരിലെ പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം തേടി. താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നീങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തന്നെ കാണാനെത്തിയ കശ്മീരിലെ പ്രതിപക്ഷകക്ഷി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. കശ്മീര്‍ പ്രശ്‌നത്തിന് ഭരണഘടനക്കുള്ളില്‍ നിന്നുള്ള ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരം കാണണം. കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.
അതേസമയം, കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. ജുഡീഷ്യല്‍ ഇടപെടലുകള്‍ കൊണ്ട് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കശ്മീര്‍ സംഘര്‍ഷം സംബന്ധിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
സംഘര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ രാജ്യത്തിന്റെ ഭാഗം തന്നെയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കളുടെ സംഘമാണ് ഇന്നലെ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സംഘം കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ യുവാക്കളും പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുമ്പോള്‍ ഒരേ ദുഃഖമാണ് ഉണ്ടാകുന്നതെന്നും മോദി പറഞ്ഞു. കശ്മീര്‍ സംഘര്‍ഷം പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതോടെയാണ് കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതുവരെ എഴുപത് പേര്‍ക്ക് മരിച്ചു. അയ്യായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കശ്മീരിലെ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായും പ്രതിപക്ഷ സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.