Connect with us

Articles

ഹജ്ജ് തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ടത്

Published

|

Last Updated

ഹജ്ജ് യാത്ര സംബന്ധമായി പ്രത്യേകം ലഭിച്ച നിര്‍ദേശങ്ങള്‍ തീര്‍ഥാടകര്‍ മടക്കയാത്ര വരെയും പാലിക്കേണ്ടതാണ്. യാത്രയുടെ ഏത് സമയത്തും തീര്‍ഥാടകര്‍ പരിശോധനക്ക് വിധേയമാകുവാന്‍ സാധ്യതയുള്ളതിനാല്‍ അനിസ്‌ലാമികമായതോ സഊദി സര്‍ക്കാറിനോ ഇന്ത്യക്കോ എതിരായിട്ടുള്ളതോ ആയ ഒന്നും കൈവശം വെക്കരുത്. തീര്‍ഥാടകര്‍ക്ക് വിമാനത്തില്‍ ഹാന്‍ഡ് ബാഗ് കൈവശം വെക്കാന്‍ അനുവാദം ഉണ്ടങ്കിലും ഇതില്‍ ആയുധമായി കണക്കാക്കുന്ന ചെറിയ കത്തി, ബ്ലെയ്ഡ് തുടങ്ങിയവ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സഊദിയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് ഉണ്ടായിരിക്കും. അതിന് ശേഷം മാത്രമായിരിക്കും എമിഗ്രേഷന്‍ നടപടികള്‍ തുടങ്ങുക. ഇതിനോട് തീര്‍ഥാടകര്‍ പൂര്‍ണമായും സഹകരിക്കേണ്ടതാണ്. തീര്‍ഥാടന സമയത്തെ യാത്രക്കിടയില്‍ ആശയ വിനിമയത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. അതുകൊണ്ട് ഹജ്ജ് തീര്‍ഥാടകര്‍ എന്ത് ആവശ്യത്തിനും വളണ്ടിയര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. വളണ്ടിയര്‍മാരല്ലാത്തവരുമായി ബന്ധപ്പെട്ടാല്‍ പ്രശ്‌നങ്ങള്‍ ഏറെയാകാന്‍ സാധ്യതയുണ്ട്. യാത്രക്കിടയില്‍ കൂട്ടംതെറ്റി പോകാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധ അനിവാര്യം.
യാത്രക്കിടയില്‍ മുത്വവ്വഫിന്റെ നമ്പര്‍ കൈവശം വെക്കാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഒറ്റക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണം. യാത്രക്ക് ആവശ്യമായ എല്ലാ രേഖകളുടെയും കൂടെ ഒരു സെറ്റ് പകര്‍പ്പ് തീര്‍ഥാടകര്‍ കൈവശം സൂക്ഷിക്കേണ്ടതാണ്. മറ്റൊരു സെറ്റ് വീട്ടില്‍ ബന്ധുക്കളെ ഏല്‍പ്പിക്കുക. യഥാര്‍ഥ രേഖകള്‍ നഷ്ടപ്പെട്ടാല്‍ കൈവശമുള്ള രേഖകളുടെ പകര്‍പ്പ് ഉപകാരപ്രദമായിരിക്കും.
സഊദിയിലെ നിയമമനുസരിച്ച് ആറ് മാസമെങ്കിലും അവിടെ താമസിച്ചവര്‍ക്ക് മാത്രമേ മറ്റൊരു രാജ്യത്തേക്ക് സ്വര്‍ണം കൊണ്ടുപോകാന്‍ പാടുള്ളൂ. ഇതറിയാതെ ബന്ധുക്കളോ മറ്റുള്ളവരോ സഊദിയില്‍ നിന്ന് സമ്മാനമായി തരുന്ന സ്വര്‍ണവുമായി തിരിച്ചുപോരാതിരിക്കാന്‍ ശ്രദ്ധയുണ്ടാകണം. കൊച്ചി അന്താരാഷട്ര വിമാനത്താവളത്തിലും സഊദി വിമാനത്താവളത്തിലും പരിചയമില്ലാത്ത വ്യക്തികള്‍ തരുന്ന ഒരു പാക്കറ്റും വാങ്ങരുത്.
തീര്‍ഥാടകര്‍ക്കുള്ള സംസം വെള്ളം സഊദി എയര്‍ലൈന്‍സ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. അതുകൊണ്ട് തീര്‍ഥാടകരാരും സഊദിയില്‍ നിന്ന് സംസം വെള്ളം വാങ്ങേണ്ടതില്ല.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വളണ്ടിയര്‍മാര്‍ അറിയിക്കുമ്പോള്‍ തീര്‍ഥാടകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഹജ്ജ് ക്യാമ്പുകളില്‍ ഹജ്ജിന്റെ മഹാത്മ്യം മനസ്സിലാക്കി ഒരോ തീര്‍ഥാടകനും പ്രവര്‍ത്തിക്കേണ്ടതാണന്നും ഹജ്ജ് കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങളില്‍ ഉണ്ട്.

Latest