Connect with us

Kozhikode

ഈ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് മഴയുടെ ജീവനെ കാണാം

Published

|

Last Updated

കോഴിക്കോട്: മഴയുടെ വിവിധ ഭാവങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുകയാണ് കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ആറംഗ സംഘം. പെയ്‌തൊഴിയാതെ മഴ വര “വര്‍ണപ്പെയ്ത്ത്” എന്ന പ്രദര്‍ശനത്തിലൂടെ മഴയുടെ വര്‍ണ വൈവിധ്യങ്ങളെ പ്രദര്‍ശനത്തിനും വില്‍പ്പനക്കും വെച്ചിരിക്കുകയാണ് ഈ കലാകാരന്‍മാര്‍. മുനീര്‍ അഗ്രഗാമി, ആസാദ് ഉള്ള്യേരി, ഡോ. മുഹമ്മദ്കുട്ടി, കാര്‍ട്ടൂണിസ്റ്റ് കരുണാകരന്‍ പേരാമ്പ്ര, ദിനേഷ് മഞ്ചേരി, പി കെ നീതു എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശത്തിനൊരുക്കിയത്.

മഴയെ മുഖ്യ വിഷയമായെടുത്ത് മഴയുടെ വിവിധ നിമിഷങ്ങളെയും സന്ദര്‍ഭങ്ങളെയും പ്രദേശത്തിനും സമയത്തിനും അടിസ്ഥാനപ്പെടുത്തിയാണ് ക്യാന്‍വാസില്‍ വരച്ചിട്ടത്. ഗ്രാമത്തിലെയും നഗരത്തിലെയും മഴ അതിന്റെ പ്രദേശത്തിനും പ്രകൃതിക്കുമനുസരിച്ച് എങ്ങനെ വ്യത്യാസപ്പെട്ടു കിടക്കുന്നു എന്ന് ഓരോ ആസ്വാദകര്‍ക്കും മനസ്സിലാക്കിത്തരുന്നു. മഴ, മഴക്ക് മുമ്പ്, മഴപെയ്തതിനു ശേഷം എന്നിങ്ങനെ മഴയുടെ വ്യത്യസ്ത ചിത്രങ്ങളിലൂടെ മഴയുടെ ജീവനെ കാണിച്ചു തരാനും ഈ ചിത്രങ്ങള്‍ക്ക് സാധിക്കുന്നു.

മഴയത്ത് വീണു പോയ വഴിയാത്രികരെ കൈ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതും കടലിലേക്ക് പോയ തോണിയില്‍ മഴ പെയ്യുന്നതും മഴയത്ത് മുളക്കുന്ന വിത്തുകളും മഴക്കാല ജീവിതങ്ങളെ ആവിഷ്‌കരിക്കുന്നു. ഡാന്‍സിംഗ് റൈന്‍, റോമാന്‍സ് ഇന്‍ ദി റൈന്‍, മിസ്റ്റിക്ക് റൈന്‍, റൈന്‍ ഇന്‍ ഫഌഡ്, ത്രൂ ഔട്ട് ദ റൈന്‍, ദ നൈറ്റ് റൈന്‍ എന്നിങ്ങനെ മഴയെ കുറിച്ച് കഥ പറയുന്ന 42 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 5000 മുതല്‍ 10,000 വരെയാണ് ചിത്രങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്. മഴയെ വരക്കുന്ന ചിത്രകാരന്‍മാരെ ഒന്നിപ്പിച്ച് ചൈല്‍ ഏജാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രൊഫ ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം നാളെ സമാപിക്കും.

Latest