Connect with us

International

മോദിയെ പിന്തുണച്ച ബലൂചിസ്ഥാന്‍ നേതാക്കള്‍ക്കെതിരെ കേസ്

Published

|

Last Updated

ഇസ്‌ലാമാബാദ്: സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ ബലൂചിസ്ഥാനക്കുറിച്ച് പറഞ്ഞ വാക്കുകളെ പിന്തുണച്ചതിന് ബലൂചിസ്ഥാനിലെ മൂന്ന് നേതാക്കള്‍ക്കെതിരെ പാക്കിസ്ഥാന്‍ അധികൃതര്‍ കേസെടുത്തു. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അഞ്ച് കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇബ്‌റാഹിംദാഗ് ബുഗ്തി, ഹര്‍ബിയാര്‍ മാരി, ബനൂക് കരിമ ബലോച് എന്നിവര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ ഖുസ്ദാര്‍ മേഖലയിലെ പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നതെന്ന് മുതിര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുറ്റം മറച്ചുവെക്കല്‍, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കല്‍, പൊതുജന സേവകരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലേയും പാക്കിസ്ഥാന്‍ കൈയടക്കിവെച്ചിരിക്കുന്ന കശ്മീരിലേയും ജനങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചതിന് ഇവിടങ്ങളിലെ ജനങ്ങള്‍ തന്നോട് നന്ദി പറഞ്ഞിട്ടുണ്ടെന്ന് ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു. ബലൂചിസ്ഥാനെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെ മോദിയുടെ വാക്കുകള്‍ അതിര്‍വരമ്പുകള്‍ ലംഘച്ചുവെന്നും അടുത്ത മാസം നടക്കുന്ന യു എന്‍ പൊതു സഭാ സമ്മേളനത്തില്‍ കശ്മീര്‍ വിഷയും നിര്‍ബന്ധപൂര്‍വം ഉയര്‍ത്തിക്കാട്ടുമെന്നും പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു. ബലൂചിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് കഴിഞ്ഞ ആഴ്ച ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സനാഉല്ല സെഹ്‌രി കുറ്റപ്പെടുത്തിയിരുന്നു.