Connect with us

National

പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാന്‍ അനുമതി തേടി ഇന്ത്യന്‍ കമ്പനികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍  പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇന്ത്യന്‍ വിമാന കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. എയര്‍ ഇന്ത്യ,ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനകമ്പനികളാണ് അപേക്ഷയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.

അഹമ്മദാബാദില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളാണ് പ്രധാനമായും പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കുന്നത്. പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യ കമ്പനികള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നുണ്ടെന്നും സുരക്ഷാ പ്രശ്‌നങ്ങളുമാണ് വ്യോമപാത മാറ്റാനായി പ്രധാനമായും കമ്പനികള്‍ ഉന്നയിക്കുന്ന കാരണങ്ങള്‍.

ഇന്ത്യയുടെ വ്യോമനാവിക സേനകള്‍ക്ക് അനുവദിച്ചിരിക്കുന്ന വ്യോമപാത ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പൈസ് ജെറ്റ് കേന്ദ്രത്തിന് പ്രത്യേകം അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ പാത വിമാനക്കന്പനികള്‍ക്ക് കൂടി ലഭ്യമാക്കിയാല്‍ ഇന്ധനം ലാഭവും, റൂട്ട് നേവിഗേഷനിലൂടെ കൂടുതല്‍ വരുമാനം രാജ്യത്തിന് ആര്‍ജിക്കാമെന്നും സ്‌പൈസ് ജെറ്റ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, വിമാനങ്ങള്‍ പുറന്തുള്ളുന്ന കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ആഗോള പരിസ്ഥിതിയെ സംരക്ഷിക്കാമെന്നും സ്‌പൈസ് ജെറ്റ് കേന്ദ്രത്തിന് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട്.

എന്നാല്‍, വിഷയത്തില്‍ കേന്ദ്രം ഇനിയും തീരുമാനമെടുത്തിട്ടില്ല. സ്വകാര്യ വിമാന കമ്പനികള്‍ പ്രവേശനം ആവശ്യപ്പെടുന്ന വ്യോമപാതകളില്‍ സുരക്ഷാപരമായി അതീവ പ്രാധാന്യമുള്ള മേഖലകളും ഉള്‍പ്പെടുന്നതിനാലാണിത്.