Connect with us

Gulf

ഉത്പന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സ്മാര്‍ട് സംവിധാനം

Published

|

Last Updated

ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്തയും സിക്പ കമ്പനി ചെയര്‍മാന്‍ ഫിലിപ്പ് ആമോണും കരാറിലൊപ്പുവെക്കുന്നു

ദുബൈ: കുടിവെള്ള ബോട്ടിലിന്റെ സുരക്ഷിതത്വത്തിനും ഹലാല്‍ ഉത്പന്നമാണോയെന്ന് നിര്‍ണയിക്കാനും ദുബൈ നഗരസഭ സ്മാര്‍ട് സംവിധാനം ആരംഭിച്ചതായി ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.

അഞ്ച് ഗ്യാലന്‍ വെള്ളം ഉള്‍കൊള്ളുന്ന ബോട്ടിലിന്റെ പഴക്കം നിര്‍ണയിക്കാന്‍ പുതിയ സംവിധാനത്തിന് കഴിയും. ബോട്ടിലിന്റെ പുറത്ത് സ്മാര്‍ട് ലോഗോ പതിപ്പിച്ചുകൊണ്ടാണിത്. ഉപഭോക്താവ് കുടിവെള്ളം വാങ്ങുമ്പോള്‍ മൊബൈല്‍ ഫോണില്‍ ലോഗോ സ്‌കാന്‍ ചെയ്താല്‍ ബോട്ടില്‍ അംഗീകൃതമാണോ എന്ന് മനസ്സിലാക്കാന്‍ കഴിയും. സ്വിസ് കമ്പനിയായ സിക്പയുമായി ചേര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പെടുത്തുന്നത്.

ഇതിന്റെ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. ബോട്ടിലിന്റെ പുറത്ത് പതിപ്പിക്കേണ്ട സ്റ്റിക്കര്‍ നഗരസഭ കുടിവെള്ള വിതരണ കമ്പനികള്‍ക്ക് നല്‍കും. ഇത്തരം ബോട്ടിലുകള്‍ 35 തവണയിലധികം കമ്പനികള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. കമ്പോളത്തില്‍ നിന്ന് വെള്ളം വാങ്ങുമ്പോള്‍ ബോട്ടിലിന്റെ പുറത്തുള്ള ലോഗോ മൊബൈല്‍ ഫോണില്‍ സ്‌കാന്‍ ചെയ്താല്‍ ഉത്പാദന തിയതിയടക്കം എല്ലാ വിവരങ്ങളും ലഭിക്കും.

ഹലാല്‍ ഉത്പന്നങ്ങള്‍ക്ക് നിലവില്‍ വ്യത്യസ്ത ലോഗോകളാണ് ഉള്ളത്. ഉപഭോക്താക്കള്‍ പലപ്പോഴും സംശയത്തോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. യഥാര്‍ഥ ഹലാല്‍ ഉത്പന്നമാണോ എന്ന് പലപ്പോഴും വ്യക്തമാകാറില്ല. ഇതിനൊരു മാറ്റം വരുത്താന്‍ പുതിയ സംവിധാനത്തിന് കഴിയും. ഹലാല്‍ ഉത്പന്നങ്ങളുടെ ആഗോള വിതരണ കേന്ദ്രം ദുബൈ ആക്കി മാറ്റാനുള്ള ശ്രമത്തിന്റെ തുടക്കമാണിതെന്നും എന്‍ജി.ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. നഗരസഭയും സിക്പ കമ്പനിയും തമ്മിലുള്ള കരാറില്‍ ഹുസൈന്‍ നാസര്‍ ലൂത്തയും സിക്പ കമ്പനി ചെയര്‍മാന്‍ ഫിലിപ്പ് ആമോണും ഒപ്പുവെച്ചു.

 

Latest