Connect with us

Gulf

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദം; ദുബൈയില്‍ ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിന് ദുബൈയിലുള്ള തൃശൂര്‍ സ്വദേശി ബിനീഷ് പോനങ്കല്‍ അറുമോദ(35)നെ പോലീസ് അറസ്റ്റ് ചെയ്തതായി ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ പി അബ്ദുസ്സലാം ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് വേറൊരു സ്ഥാപനം നടത്തിയ ആഘോഷത്തിന്റെ ചിത്രം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനാണ് ബിനീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ദുബൈ മുറഖബാദ് പോലീസില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പരാതി നല്‍കിയിരുന്നു. ബിനീഷ് ഫെയ്‌സ്ബുക്കില്‍ കമന്റുകളോടുകൂടി വ്യാജഫോട്ടോ പോസ്റ്റ് ചെയ്തുവെന്നതാണ് കേസ്. “”മാതൃരാജ്യത്തെ വഞ്ചിച്ച”” കമ്പനിയെ ബഹിഷ്‌കരിക്കണമെന്നും ബിനീഷ് ആഹ്വാനം ചെയ്തുവെന്ന് കണ്ടെത്തി.
പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് പാക്കിസ്ഥാനികള്‍ക്ക് വേണ്ടി ഓണ്‍ലൈനില്‍ ക്വിസ് മത്സരം നടത്തിയിരുന്നു. ഒരു ദിവസത്തേക്കാണ് ചെയ്തത്. യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആഗോള കമ്പനിയെന്ന നിലയില്‍ പാക്കിസ്ഥാനികളും മലബാര്‍ ഗോള്‍ഡിന്റെ ഇടപാടുകാരാണ്. യു എ ഇയിലെ പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ ഇത്തരത്തില്‍ പ്രമോഷന്‍ നടത്തിയിട്ടുണ്ട്. ഇതിനപ്പുറം മലബാര്‍ ഗോള്‍ഡ് ഒന്നും ചെയ്തിട്ടില്ല. പാക്കിസ്ഥാന്‍ പതാക ആലേഖനം ചെയ്ത കേക്ക് മുറിക്കുന്ന ചിത്രം മറ്റൊരു കമ്പനിയുടേതാണെന്ന് വ്യക്തമായിട്ടും മലബാര്‍ ഗോള്‍ഡില്‍ ആരോപിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. അറസ്റ്റിലായ ബിനീഷ് മലബാര്‍ ഗോള്‍ഡിന്റെ മുന്‍ ജീവനക്കാരനാണ്. 2015ല്‍ ജോലി രാജി വെച്ച് പോയ ആളാണ്. ഇയാളുടെ പിന്നില്‍ വേറെയും ചില ആളുകളുണ്ടെന്നാണ് സംശയിക്കുന്നത്. മറ്റൊരു ബിനീഷിനെ കുറിച്ചും അന്വേഷണം നടക്കുന്നു. ഇയാളാണ് പോസ്റ്റ് സൃഷ്ടിച്ചതെന്നാണ് സംശയം.
യു എ ഇ നിയമമനുസരിച്ച് തെറ്റായ വാര്‍ത്ത സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതും അതിന് കമന്റിടുന്നതും ലൈക്ക് അടിക്കുന്നതും കുറ്റകരമാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ വരുന്നതിനെതിരെ ഏവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്.
മലബാര്‍ ഗോള്‍ഡിന്റെ തുടക്കം 1993ല്‍ ചെറിയ രീതിയിലായിരുന്നു. കഠിനാധ്വാനത്തിലൂടെയാണ് ഇത്രയധികം വളര്‍ച്ച നേടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 156 ശാഖകളുണ്ട്. ഇന്ത്യക്ക് പുറത്ത് 65ഓളം ശാഖകളുണ്ട്. 1,800ഓളം നിക്ഷേപകരുള്ള കമ്പനിയാണിത്. ഓഫീസ് ബോയ് വരെ നിക്ഷേപകരായി ഉണ്ട്. നിരവധി ജീവകാരുണ്യ പദ്ധതി ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. ഭവന നിര്‍മാണം, ദരിദ്രര്‍ക്ക് സൗജന്യ ഔഷധ വിതരണം തുടങ്ങിയവ നടത്തുന്നു. പതിനായിരാമത്തെ ഭവനം അടുത്ത മാസം കോഴിക്കോട്ട് വെച്ച് കൈമാറുന്നുണ്ട്. കര്‍ണാടകയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം ചെയ്യുന്നതുള്‍പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത്തരമൊരു കമ്പനിയെ നശിപ്പിക്കാനാണ് ശ്രമമെന്ന് സംശയമുണ്ട്. ഗള്‍ഫിലുള്ള ചില പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്കന്‍ ആഘോഷങ്ങളില്‍ പങ്കാളിത്തം വഹിക്കാറുണ്ട്. ഫിലിപ്പൈന്‍ ദേശീയദിനം മലബാര്‍ ഗോള്‍ഡ് ആഘോഷിച്ചു വരുന്നു. അതിലാരും കുറ്റം കാണുന്നില്ല.
പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മലബാര്‍ ഗോള്‍ഡിന് വേണ്ടി പരിപാടി ആസൂത്രണം ചെയ്തത് ഒരു പി ആര്‍ കമ്പനിയാണ്. പാക്കിസ്ഥാനികളെ മാത്രം ലക്ഷ്യമാക്കിയുള്ള ഒരു ഫേസ്ബുക്ക് പ്രചാരണമായിരുന്നു അത്. അതിനെ ദേശവിരുദ്ധമെന്ന തരത്തില്‍ പ്രചാരണം നടത്തിയതില്‍ അത്യധികം ദുഃഖമുണ്ടെന്നും അബ്ദുസ്സലാം പറഞ്ഞു. മലബാര്‍ ഗോള്‍ഡിനെതിരെ ബിനീഷ് നടത്തിയ കുറ്റത്തിനെതിരെ സിവില്‍ കേസും ഫയല്‍ ചെയ്യും. കേരളത്തിലും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അവിടേയും താമസിയാതെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, അബ്ദുസ്സലാം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബ്രാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി സലീഷ് മാത്യു, ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ സി എം സി അമീര്‍ എന്നിവരും പങ്കെടുത്തു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്