Connect with us

Gulf

ദോഹയില്‍ 11,722 ഹോട്ടല്‍ മുറികള്‍ നിര്‍മാണത്തില്‍

Published

|

Last Updated

ദോഹ: നഗരത്തില്‍ 11,722 മുറികളുള്ള 41 ഹോട്ടല്‍ പദ്ധതികള്‍ നിര്‍മാണം നടന്നു വരുന്നു. ദുബൈയില്‍ നടക്കുന്ന ഹോട്ടല്‍ ഷോ 2016നു വേണ്ടി ടോപ്പ് ഹോട്ടല്‍ പ്രോജക്ട്‌സ് തയാറാക്കിയ ദോഹ ഹോട്ടല്‍ കണ്‍സ്ട്രക്ഷന്‍ ഓവര്‍വ്യൂ റിപ്പോര്‍ട്ടിലാണ് ഹോട്ടലുകളുടെയും മുറികളുടെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹോട്ടല്‍ നിര്‍മാണ രംഗത്ത് മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ മേഖലയിലെ തിരക്കേറിയ മൂന്നാമത് നഗരമാണ് ദോഹ. ദുബൈ ആണ് ഒന്നാംസ്ഥാനത്ത്. ഇവിടെ 133 പദ്ധതികള്‍ നടന്നു വരുന്നു. രണ്ടാംസ്ഥാനത്തുള്ള റിയാദില്‍ 47 പദ്ധതികളാണ് നിര്‍മാണത്തിലുള്ളത്.
ദോഹയില്‍ അടുത്ത വര്‍ഷം 17 ഹോട്ടലുകളാണ് തുറക്കുക. ഒരു വര്‍ഷം ഇത്രയധികം ഹോട്ടലുകള്‍ തുറക്കുന്നത് ചരിത്രത്തില്‍ ഇടം പിടിച്ചേക്കും. 468 റൂമുകളുള്ള വെസ്റ്റ് ബേയിലെ പുള്‍മന്‍ ദോഹ, 297 റൂമുകളുമായി മാരിയറ്റ്, 225 റൂമുകളുള്ള അല്‍ സദ്ദിലെ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍, 232 മുറികളുള്ള മില്ലേനിയം പ്ലാസ ദോഹ എന്നിവ അടുത്ത വര്‍ഷം തുറക്കുന്ന പ്രധാന ഹോട്ടലുകളാണ്. മൂന്നു ഹോട്ടല്‍ പദ്ധതികളാണിപ്പോള്‍ തങ്ങള്‍ക്ക് ദോഹയിലുള്ളതെന്നും ഹോട്ടല്‍ വ്യവസായ രംഗത്ത് സുരക്ഷിതമായ നഗരമായി ദോഹ വളരുകയാണെന്നും അടുത്ത വര്‍ഷം ആദ്യം തുറക്കാനിരിക്കുന്ന മില്ലേനിയം ആന്‍ഡ് കോപത്രോണ്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക സി ഇ ഒ ഫ്രാന്‍കോയിസ് കസബ് പറഞ്ഞു.
ഖത്വര്‍ ടൂറിസം അതോറ്റിയുടെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിയ സന്ദര്‍ശകര്‍ 30 ലക്ഷമാണ്. 2020 ആകമ്പോഴേക്കും 40 ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ടൂറിസത്തിലൂടെ ആഭ്യന്തര വരുമാനം ഉയര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. ഒരു പതിറ്റാണ്ടിനിടെ രാജ്യത്ത് ടൂറിസം മേഖലയില്‍ 4000 മുതല്‍ 4500 വരെ കോടി ഡോളര്‍ നിക്ഷേപം വരുമെന്നാണ് കണക്കു കൂട്ടല്‍. ലോകോത്തര ടൂറിസം ഹബ്ബായി മാറുന്നതിനുസരിച്ചുള്ള ഹോട്ടല്‍ സൗകര്യങ്ങളാണ് രാജ്യത്ത് നിലവില്‍ വരുന്നതെന്നതെന്നും കസബ് പറഞ്ഞു. സാംസ്‌കാരിക ടൂറിസം, കുടുംബങ്ങള്‍, ബിസിനസ് സഞ്ചാരികള്‍ തുടുങ്ങിയ വ്യത്യസ്ത വിഭാഗങ്ങളെ രാജ്യം ആകര്‍ഷിക്കുന്നു. വിവിധ വിഭാഗങ്ങളെ ആകര്‍ഷിക്കുന്നതിനായി മില്ലേനിയം, മില്ലേനിയം പ്ലാസ, കോപ്‌ത്രോണ്‍, കിംഗ്‌സ്‌ഗേറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഹോട്ടലുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഹ നഗരഹൃദയത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഫൈവ് സ്റ്റാര്‍ മില്ലേനിയം പ്ലാസ പുതിയ ബര്‍വ അല്‍ സദ്ദ് ഡവലപ്‌മെന്റിന്റെ ഭാഗമായി വൈകാതെ തുറക്കും. നാലു ഉയരമുള്ള ടവറുകളിലായി നിലവില്‍ വരുന്ന പദ്ധതിയില്‍ കൊമേഴ്‌സ്യല്‍, റസിഡന്‍ഷ്യല്‍, കോഫി സ്‌പെയ്‌സ് എന്നിവ ഉണ്ടാകും. റസ്റ്റോറന്റുകള്‍, ഷോപ്പുകള്‍, റിക്രിയേഷനുകള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി.

---- facebook comment plugin here -----

Latest