Connect with us

Gulf

കുട്ടികള്‍ക്കു വേണ്ടിയുള്ള മ്യൂസിയം നിര്‍മാണത്തിന് നടപടികള്‍ ആരംഭിച്ചു

Published

|

Last Updated

ദോഹ: ദീര്‍ഘനാളുകളായി ചര്‍ച്ച ചെയ്തു വരുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രത്യേക മ്യൂസിയം പദ്ധതിയുടെ നിര്‍മാണത്തിന് നടപടികള്‍ ആരംഭിച്ചു. പദ്ധതിക്ക് പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സിനെ ക്ഷണിച്ചു കൊണ്ട് ഇന്നലെ പത്രങ്ങളില്‍ ടെന്‍ഡര്‍ പരസ്യം പ്രത്യക്ഷപ്പെട്ടു. ഖത്വര്‍ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി. രൂപകല്പനക്കും നിര്‍മാണത്തിനും വേണ്ടിയാണ് കമ്പനികളെ ക്ഷണിച്ചിരിക്കുന്നത്.
അടുത്ത മാസം 29നകം പ്രാഥമിക ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കണമെന്ന് പരസ്യത്തില്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. നഗരത്തില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള പാര്‍ക്ക് ആസൂത്രണം ചെയ്തിട്ട് വര്‍ഷങ്ങളായിരുന്നു. എന്നാല്‍ ഖത്വര്‍ മ്യൂസിയം അധികൃതര്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇതുവരെ സന്നദ്ധമായിരുന്നില്ല. മ്യൂസിയം നിലവില്‍ വരുന്ന സ്ഥലമോ തുറക്കാനുദ്ദേശിക്കുന്ന സമയമയോ വെളിപ്പെടുത്തിയിട്ടില്ലെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിഷ്വല്‍, പെര്‍ഫോമിംഗ് ആര്‍ട്ട്, പരിസ്ഥിതി അടിസ്ഥാനപ്പെടുത്തിയുള്ള ഫാമിലി മ്യൂസിയം ആരംഭിക്കുമെന്ന് നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു.
എണ്ണവിലക്കുറവിന്റ പശ്ചാത്തലത്തില്‍ സ്വീകരിച്ച ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായി മ്യൂസിയം പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവക്ക് തുക അനുവദിക്കുന്നത് കുറച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രഖ്യാപിത പദ്ധതികള്‍ നടക്കാതെ പോകുകയോ വൈകുകയോ ചെയ്‌തെന്നു കരുതുന്നു. കുട്ടികളുടെ മ്യൂസിയം പദ്ധതി ചെലവു ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി നിര്‍ത്തിവെച്ചുവെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു. പുതിയ സൗകര്യങ്ങളുള്ള മൂന്നു പുതിയ മ്യൂസിയങ്ങളിലൊന്ന് അടുത്ത വര്‍ഷങ്ങളില്‍ തുറക്കുമെന്ന് ഒരു വര്‍ഷം മുമ്പ് ഖത്വര്‍ മ്യൂസിയം അധ്യക്ഷ ശൈഖ മയാസ പറഞ്ഞിരുന്നു. ഖത്വര്‍ ഒളിംപിസ് ആന്‍ഡ് സ്‌പോര്‍ട്‌സ് മ്യൂസിയവും ഓറിയന്റലിസ്റ്റ് മ്യൂസിയവുമാണ് മറ്റു രണ്ടെണ്ണം.
ഖലീഫ സ്റ്റേഡിയത്തോടു ചേര്‍ന്നാണ് സ്‌പോര്‍ട്‌സ് മ്യൂസിയം ഒരുക്കുന്നത്. 2022ലെ ലോകകപ്പോടുകൂടി ഈ മ്യൂസിയം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ കായിക ചരിത്രവും കായിക മേഖലയില്‍ രാജ്യം നേടിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയും അടയാളപ്പെടുത്തുന്നതായിരിക്കും മ്യൂസിയം.