Connect with us

Gulf

റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനായി ഖത്വര്‍ ടീം പരിശീലനം പുനരാരംഭിച്ചു

Published

|

Last Updated

ഖത്വര്‍ ഫുട്‌ബോള്‍ ടീം

ദോഹ: റഷ്യയില്‍ നടക്കുന്ന ലോക കപ്പ് ഫുട്ബാളില്‍ പങ്കെടുക്കാനായി ഖത്വര്‍ ടീം പരിശീലനം പുനരാരംഭിച്ചു. ഏഷ്യന്‍ മേഖലാ യോഗ്യതാ മൂന്നാം റൗണ്ട് മത്സരങ്ങള്‍ സെപ്തംബര്‍ ഒന്നിന് തുടങ്ങാനിരിക്കെ പരിശീലനം പുനരാരംഭിച്ചതായി ഖത്വര്‍ ഒളിംപിക് കമ്മിറ്റി അറിയിച്ചു.
സൗഹൃദ മത്സരങ്ങളില്‍ വിജയിക്കാനായതും ഫിഫ റാങ്കിംഗ് ഉയര്‍ത്തിയതും ടീമിന് കരുത്തും പ്രതീക്ഷയും നല്‍കുന്നു. സെപ്തംബര്‍ ഒന്നിന് ടെഹ്‌റാനില്‍ ഇറാനെതിരെയാണ് മൂന്നാം റൗണ്ടിലെ ഖത്വറിന്റെ ആദ്യ മത്സരം. ഇതിനു മുന്നോടിയായി ടീം മൂന്നു സൗഹൃദമത്സരങ്ങളാണ് കളിച്ചത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കു മുന്നോടിയായി ഖത്വര്‍ ദേശീയ ടീമിന്റെ അന്തിമ പരിശീലനത്തിന്റെ ഒന്നാം ഘട്ടം ഈ മാസം പത്തു മുതല്‍ ഇരുപത് വരെ സൂറിച്ചില്‍ നടന്നിരുന്നു. സൂറിച്ചിലെ പരിശീലനക്യാമ്പിനു മുന്നോടിയായി ആഗസ്ത് എട്ടിന് ഇറാഖിനെതിരെ നടന്ന ആദ്യ സൗഹൃദമത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഖത്വര്‍ ജയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ പരിശീലനത്തിന്റെ ഭാഗമായായിരുന്നു മറ്റു സൗഹൃദമത്സരങ്ങള്‍. റിയല്‍ ബെറ്റീസ് ക്ലബ്, ജോര്‍ദാന്‍ ടീമുകള്‍ക്കെതിരെ നന്നായി കളിച്ച ഖത്വര്‍ ജോര്‍ദാനെ 2-3 നാണ് പരാജയപ്പെടുത്തിയത്. സെപ്തംബര്‍ ആറിന് ഉസ്ബക്കിസ്ഥാനെതിരെ രണ്ടാം മത്സരം നടക്കും. ലോക റാങ്കിംഗില്‍ 39ാം സ്ഥാനത്തുള്ള ഇറാനെതിരെ ആദ്യമത്സരം ഖത്വറിന് വെല്ലു വിളിയാകുമെന്നാണ് വിലയിരുത്തല്‍. അവരുടെ നാട്ടിലാണ് മത്സരമെന്നതും പ്രശ്‌നമാണ്. കളി ജയചിച്ചാല്‍ ഖത്വറിന് കരുത്തു കൂടും. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറാന്‍, ദക്ഷിണകൊറിയ, ചൈന, ഉസ്ബക്കിസ്ഥാന്‍, സിറിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഖത്വര്‍. 12 ടീമുകളാണ് മൂന്നാം റൗണ്ടില്‍ മത്സരിക്കുക. ഇതില്‍ നിന്ന് അഞ്ചു ടീമുകളാണ് 2018 ലോകകപ്പില്‍ ഏഷ്യയെ പ്രതിനിധീകരിക്കുക. മൂന്നാം റൗണ്ടില്‍ ആറു വീതം ടീമുകള്‍ ഉള്‍പ്പെട്ട രണ്ടു ഗ്രൂപ്പുകളിലെയും ഓരോ ടീമും എതിരാളികള്‍ക്കെതിരെ സ്വന്തം നാട്ടിലും അവരുടെ നാട്ടിലും കളിക്കണം. ഓരോ ടീമിനും പത്ത് മത്സരങ്ങള്‍ കളിക്കാനാകും. രണ്ടു ഗ്രൂപ്പുകളിലുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ ലോകകപ്പിന് യോഗ്യത നേടും. ഏഷ്യയില്‍ നിന്ന് അഞ്ചു ടീമുകള്‍ക്കാണ് സാധ്യത എന്നതിനാല്‍ ശേഷിക്കുന്ന ഒരു ടീമിനെ കണ്ടെത്താന്‍ നാലാം റൗണ്ട് ഉണ്ടാകും. പ്ലേ ഓഫിലൂടെയാണ് അഞ്ചാം ടീമിനെ തെരഞ്ഞെടുക്കുക. ആഗസ്ത് 25ന് തായ്‌ലാന്‍ഡിനെതിരെയാണ് ഖത്വറിന്റെ അവസാന സൗഹൃദമത്സരം.
ഖത്തര്‍ ടീം: ക്ലൗദ് അമിന്‍, ഖാലിദ് മുഫ്ത, അഹ്മദ് യാസിര്‍, മുഹമ്മദ് മൂസ, അബ്ദുറഹ്മാന്‍ മുഹമ്മദ്, ഇസ്മാഈല്‍ മുഹമ്മദ്, ലൂയി മാര്‍ട്ടിന്‍, മുഹമ്മദ് അബ്ദുല്ല, മുഹമ്മദ് മുന്‍ദാരി, കരീം ബുദിയാഫ്, മുഈസ് അലി, ഹസന്‍ അല്‍ ഹെയ്ദൂസ്, സഅദ് അല്‍ഷീബ്, കരീം ഹസന്‍, അലി അസദ്, മുഹമ്മദ് കസൂല, ഇബ്രാഹിം മാജിദ്, പെദ്രോ മിഗ്വേല്‍, സെബാസ്റ്റ്യന്‍ സോറിയ, ഉമര്‍ ബാരി, റോഡിഗ്രോ തബാത, അഹമ്മദ് അലാ, അബ്ദുറഹ്മാന്‍ അബ്കര്‍, അഹമ്മദ് അബ്ദല്‍ മക്‌സൂദ്, ഖലീഫ അബൂബക്കര്‍, ബൗലിം ഖൗഖി, മെഷാല്‍ അബ്ദുല്ല, അക്‌റം അഫീഫ്.

Latest