Connect with us

Gulf

മെഗാ വൈദ്യുത പദ്ധതിയുടെ അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും

Published

|

Last Updated

ദോഹ: ഖത്വറിന്റെ ബൃഹത്തായ വൈദ്യുതി പ്രസരണ, വിതരണ പദ്ധതിയുടെ അടുത്ത ഘട്ടം നടപ്പുപാദവര്‍ഷത്തില്‍ ആരംഭിക്കും. രണ്ട് ബില്യന്‍ ഡോളര്‍ ചെലവ് കണക്കാക്കിയ ഖത്വര്‍ വൈദ്യുതി പ്രസരണ സംവിധാന വിപുലീകരണം പദ്ധതിയുടെ പതിമൂന്നാം ഘട്ടമാണ് അടുത്തതുതന്നെ തുടങ്ങുക. 2018 അവസാനപാദത്തില്‍ പദ്ധതി പൂര്‍ത്തിയാക്കും.
രാജ്യത്തിന്റെ വൈദ്യുതി മേഖലയുടെ പരിഷ്‌കരണത്തിനും വിപുലീകരണത്തിനും പത്ത് ബില്യന്‍ ഡോളറിന്റെ ദീര്‍ഘകാല നിക്ഷേപ പദ്ധതികള്‍ക്ക് തീരുമാനമെടുത്തിട്ടുണ്ട്. വന്‍തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വിദേശതൊഴിലാളികളും പ്രവാസികളും വര്‍ധിച്ച പശ്ചാത്തലത്തില്‍ വൈദ്യുതോപയോഗവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തെ തിരക്കേറിയ സമയത്തെ വൈദ്യുതോപയോഗം പ്രതിദിനം 7000 മെഗാവാട്ടും ജലോപയോഗം 330 മില്യന്‍ ഗാലനുമായിരുന്നു. ഇത് ആറ് മുതല്‍ എട്ട് വരെ ശതമാനം വരുംവര്‍ഷങ്ങളില്‍ വര്‍ധിക്കും. ഫിഫ ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കും വന്‍തോതില്‍ വൈദ്യുതി ചെലവുണ്ട്. ഉം അല്‍ ഹൗല്‍ നിലയം പുര്‍ത്തിയാകുന്നതോടെ 11000 മെഗാവാട്ട് വൈദ്യുതി ലഭിക്കും.
നാല് വര്‍ഷത്തിനുള്ളില്‍ 76.8 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് ജി സി സി തയ്യാറെടുത്തിട്ടുണ്ട്. ജി സി സി രാഷ്ട്രങ്ങള്‍ 50 ബില്യന്‍ ഡോളര്‍ പുതിയ വൈദ്യുതോത്പാദനങ്ങള്‍ക്കായി ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020ഓടെ മേഖലയുടെ വൈദ്യുതോപയോഗം 856 ടിറാവാട്ട് മണിക്കൂര്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ 100 ജിഗാവാട്ട് അധികം വൈദ്യുതി വേണ്ടിവരും. ഗള്‍ഫ് രാഷ്ട്രങ്ങളിലെ തീവ്രമായ വ്യവസായവത്കരണ പദ്ധതികളും പ്രത്യേക സാമ്പത്തിക മേഖലകളും വ്യവസായ പാര്‍ക്കുകളും വേര്‍ഹൗസ് കോംപ്ലക്‌സുകളും വൈദ്യുതോപയോഗത്തെ കുതിച്ചുയര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വൈദ്യുതി മേഖലയുടെ അടിസ്ഥാനസൗകര്യ വികസനവും ജി സി സി രാഷ്ട്രങ്ങള്‍ നടത്തുന്നുണ്ട്. ഗള്‍ഫ് മേഖലയുടെ വൈദ്യുതി ശൃംഖലയുടെ വികസനത്തിന് സംയുക്ത ഗള്‍ഫ് പവര്‍ ഗ്രിഡ് എന്ന പദ്ധതിയുമുണ്ട്. മൂന്ന് ബില്യന്‍ ഡോളറിന്റെ നിക്ഷേപം പദ്ധതിക്കുണ്ട്.

Latest