Connect with us

Gulf

കേരളത്തിലേക്ക് നിക്ഷേപം ഒഴുകട്ടെ

Published

|

Last Updated

തിരുവനന്തപുരത്ത് നിര്‍മിക്കുന്ന ലുലു മാളിന്റെയും അനുബന്ധ പദ്ധതികളുടെയും തറക്കല്ലിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ലുലു ഗ്രൂപ്പ് എം ഡി എം എ യൂസുഫലി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, മന്ത്രി ഇ ചന്ദ്രശേഖരന്‍, ശശി തരൂര്‍ എം പി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഒ രാജഗോപാല്‍ തുടങ്ങിയവര്‍

ഗള്‍ഫ് മേഖലകളിലെ സമ്പന്നരായ മലയളികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ യാതൊരു മടിയും കാണിക്കുന്നില്ല. ലുലു ഗ്രൂപ്പ് മേധാവി എം എ യൂസുഫലിയാണ് മുന്‍പന്തിയില്‍. തിരുവനന്തപുരത്ത് ലുലുമാള്‍ ഉള്‍പെടെ പണിയാന്‍ 2,000 കോടി രൂപയാണ് യൂസുഫലി നീക്കിവെച്ചത്. ആഡംബര ഹോട്ടല്‍, സമ്മേളന സ്ഥലം തുടങ്ങിയവ മാളിന് അനുബന്ധമായുണ്ട്. 2019 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവരും വ്യത്യസ്ത പദ്ധതികളുമായി രംഗത്തുണ്ട്. വിദേശ നിക്ഷേപം സംബന്ധിച്ച് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സംസ്ഥാനം ഭരിച്ചവരുടെയും ജനങ്ങളുടെയും മനോഭാവം അനുകൂലമായി മാറിയത് പ്രതീക്ഷ നല്‍കുന്നു. ലുലു മാളിന്റെ തറക്കല്ലിടലില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിച്ചു. നാട്ടില്‍ തൊഴിലവസരങ്ങള്‍ വേണമെങ്കില്‍ സംരംഭങ്ങള്‍ ധാരാളം വരണമെന്ന് ഏവര്‍ക്കും അറിയാം. വന്‍കിട സംരംഭങ്ങള്‍, ചെറുകിടക്കാരെ ബാധിക്കുമെങ്കിലും കാലത്തിന്റെ മാറ്റം കാണാതിരുന്നുകൂടാ. സമൂഹത്തില്‍ ഉപഭോഗം വര്‍ധിച്ചതിനാല്‍ “”സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും”” ലഭിക്കുക തന്നെ ചെയ്യും.
ലുലു മാള്‍ തുടങ്ങിയതിന് ശേഷം കൊച്ചിയുടെ പ്രൗഢി ഒന്നുകൂടി വര്‍ധിച്ചിട്ടുണ്ട്. മെട്രോ റെയില്‍ യാഥാര്‍ഥ്യമാകുന്നതോടെ ലോക നിലവാരത്തിലേക്ക് കൊച്ചി നഗരം മാറും. ദുബൈ പോലെ, ലോക സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമാകും. പശ്ചാത്തല സൗകര്യ വികസനം കൊച്ചിയില്‍ ത്വരിത ഗതിയിലാണ്. സഞ്ചാരികളെ വീണ്ടും ആകര്‍ഷിക്കുന്ന സൗകര്യങ്ങളിലേക്കാണ് കൊച്ചിയുടെ പ്രയാണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാളുകളും മറ്റുമായി ലുലു ശ്രദ്ധേയമാണ്. അതിനപ്പുറം 31,000 ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന ഗ്രൂപ്പാണത്. ഇതില്‍ 24,000ത്തോളം മലയാളികള്‍. കേരളീയര്‍ക്ക് തൊഴിലവസരം നല്‍കാന്‍ എം എ യൂസുഫലി പ്രത്യേകം ഔത്സുക്യം കാണിക്കുന്നു. അധ്വാനത്തില്‍, മറ്റുള്ളവരേക്കാള്‍ മെച്ചമൊന്നുമല്ല, ഇപ്പോഴത്തെ കേരളീയര്‍. എന്നിരുന്നാലും നാട്ടുകാര്‍ക്ക് മുന്‍ഗണന നല്‍കുന്നത് നാടിനോടുള്ള ഇഷ്ടം കൊണ്ടുതന്നെ. ഇതുവഴി, നിരവധി കുടുംബങ്ങള്‍ കരപറ്റിയിട്ടുണ്ട്.
പശ്ചാത്തല സൗകര്യത്തിന്റെ അഭാവമാണ് കേരളത്തെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ നിന്ന് പിന്നോട്ടടുപ്പിക്കുന്നത്. കടലും കായലും പച്ചപ്പും പര്‍വതവും കൈകോര്‍ത്തു പിടിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ സഞ്ചാരികള്‍ക്ക് കൊതിയുണ്ട്. പക്ഷേ, മികച്ച ഗതാഗത സൗകര്യങ്ങളില്ലാത്തതുകൊണ്ട്, ഒരു തവണ വന്നവര്‍ രണ്ടാമത് വരില്ല. മികച്ച ഹോട്ടലുകളും ആശുപത്രികളും സമ്പന്നരായ യാത്രക്കാര്‍ക്ക് അനിവാര്യം.
ഇതിനു പുറമെ ആഗോള സമ്മേളനങ്ങള്‍ നടത്താന്‍ വിശാലമായ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ വേണം. ദുബൈയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് സമ്മേളനങ്ങളാണ്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിനോടനുബന്ധിച്ചുള്ള സെന്ററില്‍ തിരക്കൊഴിഞ്ഞ നാളുകളില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടേക്ക് ആളുകള്‍ ഒഴുകിയെത്താറുണ്ട്. ഇത്തരം മേഖലകള്‍ കണ്ടറിഞ്ഞ് സമ്പന്നര്‍ നിക്ഷേപം നടത്തണം. ആര്‍ജവമുള്ള, ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളാണ് കേരളത്തിലേതെന്നത് അനുകൂല ഘടകമാണ്.

---- facebook comment plugin here -----

Latest