Connect with us

Articles

മലയാളികളുടെ ആത്മഹത്യകള്‍ക്ക് പിന്നാമ്പുറ വിശേഷങ്ങളുണ്ട്

Published

|

Last Updated

അധ്വാനിക്കാതെ ഏതു സാധനവും എന്ത് വില കൊടുത്തും വാങ്ങിക്കൂട്ടുക മലയാളിയുടെ ജീവിത ശൈലിയായി മാറിക്കഴിഞ്ഞു. ഇങ്ങനെ മലയാളിയെ കൊഴുപ്പിക്കാന്‍ സ്വര്‍ണം മുതല്‍ ഇലക്‌ട്രോണിക് സാമഗ്രികളുടെയും ആഡംബര കാറുകളുടെയുമടക്കം ബഹുരാഷ്ട്ര/ദേശീയ കമ്പനികളുടെ മികച്ച കമ്പോളമായി മാറി കേരളം. ഇതില്‍ കൈ കോര്‍ക്കാന്‍ തുച്ചമായ വരുമാനമുള്ളവര്‍ക്കും സ്ഥിരമായ വരുമാനമുള്ളവര്‍ക്കും കമ്പനികള്‍ വഴിയൊരുക്കുന്നു. കാരണം ലോണുകളും കൊട്ടിഘോഷിക്കുന്ന “പൂജ്യം” ശതമാന പലിശനിരക്ക് വായ്പാ വ്യവസ്ഥയും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രത്യേക മുതല്‍മുടക്കൊന്നുമില്ലാതെ തന്നെ എന്തും വാങ്ങിക്കാം എന്ന സ്ഥിതി സംജാതമാക്കിക്കഴിഞ്ഞു. 80കളിലും 90കളിലുമായി സംഭവിച്ച മാധ്യമങ്ങളുടെ വ്യാപനവും ഇന്റര്‍നെറ്റിന്റെ സ്വാധീനവും ലോകത്തിലെവിടെയുമുള്ള ഉത്പന്നങ്ങളെ കേരളീയര്‍ക്ക് നിത്യപരിചിതമാക്കി. ഉയര്‍ന്ന ജീവിതനിലവാരം എത്തിപ്പിടിക്കാനുള്ള ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലാതായതോടെ, നിത്യജീവിതം ദാരിദ്ര്യത്തിലായാല്‍ പോലും മലയാളികള്‍ ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടാനും, സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ഉയര്‍ന്ന പലിശക്ക് കടമെടുക്കാനും സന്നദ്ധമായി. അത് തിരിച്ചടക്കാനാകാതെ കടക്കെണിയില്‍ അകപ്പെട്ടവരുടെ എണ്ണം വലുതായിരുന്നു. സാമ്പത്തിക പരാധീനതമൂലം ആത്മഹത്യ ചെയ്തു എന്ന് പത്രമാധ്യമങ്ങളില്‍ ലളിതവത്കരിക്കപ്പെട്ട് നാം വായിച്ചുതള്ളിയ ആത്മഹത്യാ വാര്‍ത്തകളുടെ പിന്നാമ്പുറ വിശേഷങ്ങള്‍ ഒരുപക്ഷേ ഇതൊക്കെയാകാം.
കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസ നിരക്കും ബഹുജന മാധ്യമങ്ങളുടെ വ്യാപനവും സ്വാധീനവും വേഗത്തിലാക്കി. പത്രങ്ങളുടെയും മാസികകളുടെയും സര്‍ക്കുലേഷന്‍ വര്‍ധനവിനോടൊപ്പം 80കളില്‍ ടെലിവിഷനും കേരളത്തില്‍ കടന്നുവന്നു. 90കളോടെ കേബിള്‍ ടി വിയും കേരളത്തില്‍ വ്യാപകമായി. 2000 ത്തോടെ ലോകത്തിലെവിടെയുമുള്ള ചാനലുകള്‍ വീക്ഷിക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞു. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെയും സ്വാധീനവും ഇതിനൊക്കെ പുറമെയാണ്.
സിനിമ അതിന്റെ ആരംഭം മുതലേ ജനപ്രിയ മാധ്യമമെന്ന നിലയില്‍ പ്രഥമ സ്ഥാനത്തായിരുന്നു. ആത്മഹത്യയെ ആദര്‍ശവത്കരിച്ചുകൊണ്ടുള്ള സിനിമയും സാഹിത്യവും നേടുന്ന വ്യാപകമായ ജനപ്രീതി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന മലയാളിയുടെ ഇച്ഛാശക്തിയെയാണ് വരച്ചിട്ടത്. തങ്ങളുടെ മരണത്തിലൂടെ ആത്മഹത്യയെ ആദര്‍ശവത്കരിച്ചവരാണ് ഇടപ്പള്ളി രാഘവന്‍ പിള്ളയും കഥാകാരി രാജലക്ഷ്മിയും നന്തനാരും, ടി പി കിഷോറും, സുബ്രമണ്യദാസും. ആത്മഹത്യയല്ലാതെ ജീവിത്തില്‍ മറ്റൊരു വഴിയില്ല എന്ന് മരണത്തിലൂടെ പ്രഖ്യാപിച്ച സിനിമാനടികളാണ് വിജയശ്രീയും ശോഭയും സില്‍ക്ക് സ്മിതയും. അവര്‍ക്കുണ്ടായിരുന്ന മാധ്യമ ശ്രദ്ധകൊണ്ട്തന്നെ അവരുടെ ആത്മഹത്യയും “മികച്ച” മാതൃകയായി മലയാളി മനസ്സില്‍ നിറഞ്ഞു.

തൊഴിലില്ലായ്മ
സാക്ഷരതയിലും അഭ്യസ്ഥവിദ്യയിലും ഏറ്റവും മുന്നില്‍നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും ഏകദേശം അഞ്ച് ലക്ഷത്തോളം തൊഴിലന്വേഷകര്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. ആര്‍ജിച്ച വിദ്യാഭ്യാസത്തിന് അനുസരിച്ച് തൊഴില്‍ ലഭിക്കാത്തതും കേരളത്തിലെ യുവാക്കളെ നിരാശരാക്കുന്നു. അതൊടൊപ്പം തന്നെ കാര്‍ഷിക മേഖലയിലും പരമ്പരാഗത തൊഴില്‍ മേഖലയിലും ഉള്ള താല്പര്യക്കുറവും ഗള്‍ഫ് നാടുകളില്‍നിന്ന് തൊഴിലില്ലാതെ തിരിച്ചു വരുന്നവരുടെ എണ്ണവും കണക്കാക്കിയാല്‍ ദിനംതോറും തൊഴില്‍ രഹിതരുടെ എണ്ണം ഭീമമായി കൂടിവരുന്നതായി കാണുന്നു. നമ്മുടെ സേവനമേഖലയിലെ പരിമിതമായ അവസരങ്ങള്‍കൊണ്ട് നികത്താവുന്ന വിടവല്ല ഇതെന്നോര്‍ക്കണം. സാമ്പത്തിക പ്രതിസന്ധിക്കപ്പുറം ഗുരുതരമായ ജീവിതപ്രതിസന്ധിയിലേക്കാണ് ഈ അവസ്ഥ കേരളത്തിലെ ജനതയെ കൊണ്ടെത്തിക്കുന്നത്.

മദ്യാസക്തി
ഏറ്റവും ഉയര്‍ന്ന മദ്യാസക്തി പ്രകടിപ്പിക്കുന്ന സമൂഹമാണ് കേരളത്തിലേത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നതിന് പകരം കേരളത്തെ മദ്യത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നിലയിലെത്തിയിട്ടുണ്ട് ഈ ജനതയുടെ മദ്യാസക്തി. ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ആളോഹരി പ്രതിവര്‍ഷ മദ്യ ഉപയോഗം 8.3 ലിറ്ററാണ്. നമ്മുടെ സംസ്ഥാന ജനസംഖ്യയില്‍ 15ശതമാനം പേരെങ്കിലും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മദ്യപാനം നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം തന്നെ അമിത മദ്യപാനം വലിയൊരു വിഭാഗം ആളുകളെ ജീവിത നൈരാശ്യത്തിലേക്ക് എടുത്തെറിയുന്നു. ഇത്തരക്കാരില്‍ 100ല്‍ 15 പേരെങ്കിലും ആത്മഹത്യ ചെയ്യുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യാസക്തര്‍ ചെറുപ്പക്കാരാണെന്നതും ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്നതും ആത്മഹത്യ ചെയ്യുന്ന സമയത്ത് ബഹുഭൂരിപക്ഷവും മദ്യം കഴിച്ചിരുന്നു എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ട കാര്യങ്ങളാണ്. മദ്യം തലച്ചോറിലെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും തലച്ചോറിലെ സിറടോണിന്റെ അളവ് കുറക്കുകയും ചെയ്യുമ്പോള്‍ ആത്മഹത്യാവാസന ഉടലെടുക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ കുടുംബ ആത്മഹത്യകളുടെയും സ്ത്രീകളുടെ ആത്മഹത്യകളുടെയും കാരണങ്ങള്‍ അവലോകനം ചെയ്യുമ്പോഴും ഭര്‍ത്താവിന്റെ അമിത മദ്യപാനമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് കേരളത്തില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ കുടുംബബന്ധങ്ങളുടെ ശൈഥില്യത്തിലേക്കും അരാജകത്വത്തിലേക്കുമാണ് മദ്യപാന പ്രവണത കൊണ്ടെത്തിക്കുന്നത്.

ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം
വികസിത രാജ്യങ്ങളോട് കിടപിടിക്കുമാറ് കേരള ജനതയുടെ ആയുര്‍ദൈര്‍ഘ്യം ഇന്ന് 70 വയസ്സിന് മേലെയാണ്. എന്നാല്‍ വാര്‍ധക്യത്തില്‍ പിടിപെടുന്ന രോഗങ്ങളെയും മറ്റ് സാമൂഹിക മാനസിക പ്രശ്‌നങ്ങളെയും കണ്ടുപിടിക്കാനും പരിഹരിക്കാനുമുള്ള വിഭവശേഷിയോ പരിജ്ഞാനമോ ഇന്നും കേരളം പൂര്‍ണാര്‍ഥത്തില്‍ ആര്‍ജിച്ചിട്ടില്ല. മാത്രമല്ല ഇവര്‍ക്ക് വേണ്ട ശുശ്രൂഷയും പരിരക്ഷയും ഇന്നത്തെ അണുകുടുംബങ്ങളില്‍നിന്ന് ഇവര്‍ക്ക് കിട്ടുന്നുമില്ല.
വിലക്കയറ്റം മൂര്‍ധന്യാവസ്ഥയില്‍ എത്തിയതോടെ സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്തവിധം വിലകൂടിയതായി ഇന്നത്തെ ആരോഗ്യമേഖല. വാര്‍ധക്യത്തില്‍ ഉണ്ടാകാവുന്ന വിഷാദരോഗം, റിട്ടയര്‍മെന്റ്, വിട്ടുമാറാത്ത ശാരീരിക രോഗങ്ങള്‍, അമിത രക്തസമ്മര്‍ദം, പ്രമേഹം, വാതരോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവ, ഉറ്റവരുടെയും ഉടയവരുടെയും മരണം, മക്കള്‍ ജോലിക്കായി വീടുവിട്ടുപോകുക എന്നിവ വൃദ്ധജനങ്ങളിലും ആത്മഹത്യാപ്രവണത വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ മേഖലയിലെ വൃദ്ധപരിപാലന കേന്ദ്രങ്ങളുടെ അഭാവവും കുടുംബത്തിലെ ഒറ്റപ്പെടലും ആത്മഹത്യാ പ്രവണതക്ക് ആക്കം കൂട്ടുന്നു. ചുരുക്കത്തില്‍ ആയുര്‍ദൈര്‍ഘ്യം ഉറപ്പാക്കുന്നതിനോടൊപ്പം ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവര്‍ക്ക് ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുന്നതില്‍ നമുക്ക് നേരിട്ട പരാജയം സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
ആഗോളവത്കരണം
1990കളോടെ കേരളത്തില്‍ ഉണ്ടായ സാമ്പത്തിക പരിഷ്‌കരണവും അത് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും ആത്മഹത്യാ നിരക്കിലുള്ള വര്‍ധനവും തമ്മില്‍ പ്രകടമായ ബന്ധമുണ്ട്. കാര്‍ഷികമേഖലയിലും തോട്ടം മേഖലയിലും പരമ്പരാഗത വ്യവസായ മേഖലകളിലും വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ ചൂണ്ടിക്കാണിക്കുന്നത് ഈ മേഖലകളില്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന വിവിധ നയങ്ങളുടെ പരാജയത്തെയാണ്. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലും സ്വകാര്യ മേഖല പിടിമുറുക്കിയതോടെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്തവിധം ദുരിതമേറിയതായി മാറിയിട്ടുണ്ട് ജീവിതം. അനുദിനം വര്‍ധിച്ചുവരുന്ന പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള സാമ്പത്തിക അന്തരവും ആഡംബര ജീവിതത്തോടുള്ള അടക്കാത്ത അഭിനിവേശവും ഇവ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും ആത്മഹത്യയെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള എളുപ്പമാര്‍ഗമായി കണക്കാക്കാന്‍ കേരളീയ കുടുംബങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. ഒറ്റക്കുള്ള ആത്മഹത്യകളില്‍നിന്ന് സമീപകാലങ്ങളില്‍ കൂട്ട ആത്മഹത്യ/കുടുംബ ആത്മഹത്യകളിലേക്കുള്ള ചുവടുമാറ്റം സാമ്പത്തികരംഗത്തെ അച്ചടക്കരാഹിത്യത്തിന്റെയും സാംസ്‌കാരിക മൂല്യച്യുതിയുടെയും തെറ്റായ മാധ്യമ സ്വാധീനത്തിന്റെയും ഉപോത്പന്നമായി കണക്കാക്കാം. സാമൂഹിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോരാട്ടത്തിന്റെ ഫലമായി നടപ്പാക്കപ്പെട്ട സാമൂഹിക സുരക്ഷാപദ്ധതികള്‍ ദുര്‍ബലമാകുകയും ജനങ്ങള്‍ ആശയര്‍പ്പിച്ചിരുന്ന ബഹുജന പ്രസ്ഥാനങ്ങളും ട്രേഡ് യൂനിയനുമടങ്ങുന്ന സാമൂഹിക നിര്‍മിതികള്‍ അവരവരുടെ പങ്ക് ശരിയാംവിധം നിര്‍വഹിക്കാതിരിക്കുകയും ചെയ്തതോടെ ഭൂരിപക്ഷ ജനങ്ങളുടെയും ജീവിതം നിലനില്‍പ്പിനുള്ള പോരാട്ടമായി മാറിയിരിക്കുന്നു. കുടുംബ ബന്ധങ്ങളിലെ ശൈഥില്യങ്ങളും വ്യക്തിജീവിത സംഘര്‍ഷങ്ങളും കൂടി ഇതിന്റെ ഭാഗമാകുമ്പോള്‍ ആത്മഹത്യ ഒരുപക്ഷേ ഇതില്‍നിന്നെല്ലാമുള്ള ഒളിച്ചോട്ടത്തിനുള്ള മാര്‍ഗമായി കാണുന്നവര്‍ കുറവല്ലെന്നാണ് വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ ചൂണ്ടിക്കാണിക്കുന്നത്. മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമാണെന്ന് ആത്മഹത്യകളെ സംബന്ധിച്ചുള്ള പത്രവാര്‍ത്തകള്‍ നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

(ലേഖകന്‍ കോഴിക്കോട് കെ എം സി ടി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറാണ്)

Latest