Connect with us

Editorial

പട്ടിയും മനുഷ്യനും

Published

|

Last Updated

“പട്ടി മനുഷ്യനെ കടിക്കുന്നതല്ല, മനുഷ്യന്‍ പട്ടിയെ കടിക്കുന്നതാണ് വാര്‍ത്ത” എന്ന പാഠം തിരുത്തിക്കൊണ്ട് നായയുടെ ആക്രമണം നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കഴിഞ്ഞ ദിവസം വിഴിഞ്ഞം പുല്ലുവിളയില്‍ വയോധിക തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ച സംഭത്തിന്റെ പിറകെ കൊട്ടാരക്കരയില്‍ കടിയേറ്റയാള്‍ പേയിളകി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിക്കുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ അടിയന്തര നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. സെപ്തംബര്‍ ഒന്നുമുതല്‍ വന്ധ്യംകരണം ആരംഭിക്കാനും ഒക്ടബോര്‍ മുതല്‍ നിയമാനുസൃത നിയന്ത്രണ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിരിക്കുകയാണ്. അക്രമകാരികളായ പട്ടികളെ കൊല്ലുന്നതിന് നിയമതടസ്സമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി കെ ടി ജലീല്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് സൂചന നല്‍കി.
പട്ടികളുടെ പരാക്രമങ്ങള്‍ മുമ്പും ഉണ്ടാകാറുണ്ടെങ്കിലും അത് ഇത്ര രൗദ്രരൂപം പ്രാപിച്ചത് ഈയിടെയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നായ പിടുത്തം നിലച്ചതും തെരുവു പട്ടികള്‍ വളരാനിടയുള്ള സാഹചര്യം വര്‍ധിച്ചതുമെല്ലാം ഇതിന് കാരണമായി. പട്ടികളെ കൊല്ലുന്നതിനെതിരെ ചിലര്‍ കോടതികളെ സമീപിച്ചതാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ഈ ദൗത്യത്തില്‍ നിന്ന് പിറകോട്ടടിപ്പിച്ചത്. മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് ചില നിയമങ്ങള്‍ നിലവിലുണ്ട് എന്നത് ശരിയാണ്. അവ ചിലപ്പോള്‍ അനിവാര്യവുമായിരിക്കാം. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം അതിന്റെ പ്രയോഗം. കാരണം, മൃഗക്ഷേമം മാത്രം കേമമായാല്‍ പോരല്ലോ നമ്മുടെ നാട്ടില്‍; മനുഷ്യര്‍ക്കും ജീവിക്കേണ്ടേ? പേ ഇളകിയ പോത്തുകളെ വെടിവെച്ചു കൊല്ലാം. മദമിളകിയ ആനകളെ വെടിവെക്കാം. രോഗം പരത്തുന്ന താറാവുകളെയും കോഴികളെയും കൂട്ടത്തോടെ ചുട്ടെരിക്കാം. പട്ടികളെ മാത്രം തൊട്ടുപോകരുതെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? ഈ ഗുണകാംക്ഷ അത്ര നിഷ്‌കളങ്കമാണെന്ന് വിശ്വസിക്കുക പ്രയാസമാണ്.
തെരുവുപട്ടികള്‍ക്ക് വക്കാലത്തുമായി കോടതയില്‍ കയറിയിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. അത്തരം കടലാസ് സംഘടനകള്‍ക്ക് ലഭിക്കുന്ന ഫണ്ടുകളെക്കുറിച്ച് അന്വഷിക്കണം. കോടികള്‍ മറിയുന്ന ബിസിനസ്സാണിന്ന് ഔഷധ വ്യവസായ രംഗം. ചില മൃഗസ്‌നേഹികള്‍ക്ക് വാക്‌സിന്‍ കുത്തകകളുമായുള്ള തുരങ്കസൗഹൃദമുണ്ടെന്നും മരുന്നുലോബിയാണ് പട്ടികളെ കൊല്ലുന്നതിനെതിരെ ചരടുവലിക്കുന്നതെന്നും സംസാരമുള്ള സാഹചര്യത്തില്‍ അതിന്റെ സത്യാവസ്ഥ പുറത്ത് വരട്ടെ. വര്‍ഷം ലക്ഷത്തില്‍ പരം പേരാണ് കേരളത്തില്‍ പട്ടി കടിച്ച് ചികിത്സ തേടിയെത്തുന്നത് എന്നതില്‍ നിന്ന് തന്നെ ഇതിന്റെ സാധ്യതകള്‍ വ്യക്തമാണല്ലോ. നായക്ക് വേണ്ടി വാദിക്കുന്നവരില്‍ പലരും ആ മൃഗത്തിന് അസുഖമാകുകയോ പ്രായമാകുകയോ ചെയ്താല്‍ തെരുവില്‍ തള്ളാറാണുള്ളത് എന്നതും സത്യമാണ്.
പട്ടികളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ പൊതുവെ സമൂഹത്തിലെ സാധാരണക്കാരും ദുര്‍ബലരുമാണ് എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. കാല്‍നട യാത്രക്കാര്‍, ഇരു ചക്രവാഹനത്തില്‍ പോകുന്നവര്‍, കുട്ടികള്‍, വികലാംഗര്‍, സ്ത്രീകള്‍, തെരുവിലും ചേരികളിലും കഴിയുന്നവര്‍, ശൗചാലയ സൗകര്യമില്ലാത്തവര്‍, തെരുവു കച്ചവടക്കാര്‍ തുടങ്ങിയവരാണ് കൂടുതലും ഇരകള്‍ എന്ന് കാണാം. പുല്ലുവിളയില്‍ തന്നെ ശൗചാലയ സൗകര്യമില്ലാത്തതിനാല്‍ വെളിയില്‍ പോയപ്പോഴാണല്ലോ സ്ത്രീയെ നായ കടിച്ചു കൊന്നത്.
ഈ സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി മേനകാ ഗാന്ധി നടത്തിയ പ്രതികരണം ക്രൂരമായിപ്പോയി. വെറുതെ കടിക്കില്ല; മാംസാവശിഷ്ടവുമായി പോയതുകൊണ്ടാകാം അതെന്നുമാണ് അവര്‍ പറഞ്ഞത്. അപ്പോഴും കുറ്റം കടിയേറ്റയാള്‍ക്ക് തന്നെ. ഇങ്ങനെ തെരുവു പട്ടികളെ കുറ്റവിമുക്തമാക്കേണ്ട വല്ല കാര്യവുമുണ്ടോ ഒരു ജനപ്രതിനിധിക്ക്? ആ കുടുംബത്തെ കൂടുതല്‍ വേദനിപ്പിക്കുന്നതല്ലേ അത്? കേരളത്തിലെ കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും അവര്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്. അങ്ങനെ ആരുടെയെങ്കിലും വ്യക്തിഗതമായ ചോദനകള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും ബലിയൊടുക്കേണ്ടവരാണോ ഈ നാട്ടിലെ പൗരന്മാര്‍? അത്തരം അഭീഷ്ടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങരുത്.
നിയമത്തിന്റെ കാര്‍ക്കശ്യമുള്ളതുകൊണ്ടാകണം വന്ധ്യംകരണത്തെക്കുറിച്ചാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ആത്യന്തികമായ അക്രമകാരികളായ നായ്ക്കളെ കൊല്ലുക തന്നെയാണ് പരിഹാരം. ഒരു കടി വേണ്ടിടത്ത് അത് തന്നെ വേണമല്ലോ.