Connect with us

Malappuram

തിരഞ്ഞെടുപ്പ് കാര്‍ഡ് ശുദ്ധീകരണത്തിന് ഇന്ന് തുടക്കം

Published

|

Last Updated

അരീക്കോട്: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കാര്‍ഡ് ശുദ്ധീകരണത്തിന് ഇന്ന് തുടക്കമാകുന്നു. ഒരാള്‍ക്ക് ഒന്നിലധികം സ്ഥലത്ത് തിരഞ്ഞെടുപ്പ് കാര്‍ഡ് ഉണ്ടെന്ന കമ്മീഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ശുദ്ധീകരണം നടത്തുന്നത്. നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള ബൂത്തുകളിലെ വോട്ടര്‍ പട്ടികയിലുള്ളവരുടെ പേരാണ് ഇലക്ഷന്‍ കമ്മീഷന്‍ അതാത് ബി എല്‍ ഒമാര്‍ക്ക് നല്‍കുന്നത്. ഒന്നിലധികം കാര്‍ഡുള്ളവരെ കണ്ടെത്തി അവയില്‍ ഒന്ന് നില നിര്‍ത്തുക, മരിച്ചവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുക, സ്ഥലം മാറി പോയവര്‍ക്ക് ഷിഫ്റ്റ് നോട്ടീസ് നല്‍കുക, വിവാഹിതരായവരെ ഒഴിവാക്കുക എന്നിവയാണ് പ്രധാനം. നിലവിലുള്ള കാര്‍ഡില്‍ പേര്, വീട്ട് പേര് എന്നിവയില്‍ മാറ്റം ഉള്ളവര്‍ക്ക് ഇതോടൊപ്പം തിരുത്താവുന്നതാണ്. ഒരേ വീട്ടിലുള്ളവരുടെ പേരും മറ്റ് വിവരങ്ങളും അടങ്ങിയ വിവരങ്ങള്‍ സഹിതം ബി എല്‍ ഒമാര്‍ വീടുകളില്‍ നേരിട്ട് എത്തി പരിശോധിച്ച് കുടുംബത്തിലെ ഒരംഗത്തെ കൊണ്ട് ഒപ്പ് വെപ്പിക്കണമെന്നാണ് വ്യവസ്ത. മാറ്റങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക നോട്ടീസ് നല്‍കുകയും വേണം.

വോട്ടറുടെ യഥാര്‍ഥമായ വിലാസം കണ്ടെത്തി കാര്‍ഡുകള്‍ ഏകീകരിക്കുകയെന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ഇതോടെ വ്യാജന്മാരെ തടയാനും സാധിക്കും.
ഇന്ന് മുതല്‍ ഒരു മാസമാണ് കാലാവധി. അടുത്ത മാസം ധാരാളം ഒഴിവ് വരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. 1500 വരെ വോട്ടര്‍മാരാണ് ഒരു ബൂത്തില്‍ ഉണ്ടാവുക. 400 മുതല്‍ 500വരെ വീടുകള്‍ ഉണ്ടാകും. ഡ്യൂട്ടി ലീവ് അനുവദിക്കാതെ അവധി ദിവസങ്ങളില്‍ വീടുകളില്‍ കയറി പരിശോധന നടത്താനാണ് നിര്‍ദേശം. എന്നാല്‍ ഇത് അത്ര പ്രായോഗികകരമല്ലന്നാണ് ബി എല്‍ ഒമാര്‍ പറയുന്നത്. ബി എല്‍ ഒമാരില്‍ അധികവും അധ്യാപകരാണ്. അടുത്ത ആഴ്ച ഓണ പരീക്ഷ ആരംഭിക്കാനിരിക്കെ തിരക്കിട്ട് വോട്ടര്‍ പട്ടിക ശരിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് പലരും പറയുന്നത്. ക്യാമ്പുകള്‍ നടത്താന്‍ പാടില്ലെന്നും കമ്മീഷന്‍ നിഷ്‌കര്‍ശിക്കുന്നുണ്ട്.
എന്നാല്‍ വിലാസ മാറ്റം, ഫോട്ടോ മാറ്റല്‍ എന്നിവ നടക്കുകയില്ല. ഇതിനായി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. 2017 ജനുവരിയില്‍ 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും ബന്ധപെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ അതാത് താലൂക്ക് ഓഫീസില്‍പെട്ട ബി എല്‍ ഒമാര്‍ ശേഖരിച്ച് പരിശോധന നടത്തുന്നതാണ്.