Connect with us

National

ഇരുപത് മേഖലയിലേക്കുകൂടി ആധാര്‍ വ്യാപിപ്പിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി:കൂടുതല്‍ മേഖലകളിലേക്ക് അധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പാസ്പോര്‍ട്ട്, സിം കാര്‍ഡ്, വസ്തുക്കളുടേയും വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍, കമ്പനികളുടേയും എന്‍ ജി ഒകളുടേയും ഇന്‍ഷ്വറന്‍സ്, മത്സര പരീക്ഷകള്‍ എന്നീ മേഖലകളടക്കം പ്രധാന 20 സേവനങ്ങള്‍ക്ക് കൂടി ആധാര്‍ നിര്‍ബന്ധമാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ആധാര്‍ കാര്‍ഡ് ഉറപ്പുവരുത്താന്‍ ആധാര്‍ കാര്‍ഡ് അതോറിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

രാജ്യത്തെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കുമെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് വീണ്ടും കൂടുതല്‍ മേഖലകളിലേക്ക് അധാര്‍ നിര്‍ബന്ധമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതിയും മുമ്പ് വിധി പുറപ്പെടുവിച്ചിരുന്നു. ഇവ നിലനില്‍ക്കെയാണ് സേവന മേഖലകളല്ലാത്ത മറ്റു മേഖലകളിലേക്കുകൂടി ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം.
കമ്പനികളുടെ രജിസ്‌ട്രേഷന്‍, ബേങ്ക് അക്കൗണ്ട്, ക്ഷാമബത്ത, പാസ്പോര്‍ട്ട്, വാഹന-വസ്തു രജിസ്‌ട്രേഷന്‍, ഇന്‍ഷ്വറന്‍സ്, സിം കാര്‍ഡ്, കേന്ദ്ര സര്‍വീസുകളിലേക്കുള്ള മത്സര പരീക്ഷ എന്നിവയടക്കം 20 പുതിയ മേഖലാണ് പരിഗണിക്കുന്നത്. കൂടാതെ സര്‍വശിക്ഷ അഭിയാന്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി എന്നിവ അടക്കമുള്ള കുട്ടികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികള്‍ക്കും സ്‌കൂളുകള്‍ മുഖേന ആധാര്‍ ബന്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

പദ്ധതി പ്രാബല്യത്തില്‍ കൊണ്ടു വരുന്നതിന് അടുത്ത മാസത്തോടെ രാജ്യത്ത് 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന് അധാര്‍ അതോറിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആറ് മേഖലകളില്‍ മാത്രമാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
പാചക വാതക കണക്ഷനും, റേഷന്‍ കാര്‍ഡും, തൊഴിലുറപ്പ് തൊഴിലാളികളേയും ഇതിനോടകം ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞുട്ടുണ്ട്. ആധാറില്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും കൂടുതല്‍ മേഖലകളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

Latest