Connect with us

Gulf

ശീശ ഉപയോഗം പലവിധ അര്‍ബുദങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

Published

|

Last Updated

ഡോ. രവീന്ദര്‍ മമ്താനിയും ഡോ. സുഹൈല ചീമയും

ദോഹ: ശീശ വലിക്കുന്നത് വിവിധ തരത്തിലുള്ള അര്‍ബുദങ്ങള്‍ക്ക് കാരണമാകുമെന്ന് വീല്‍ കോര്‍ണല്‍ മെഡിസിന്‍ ഖത്വറിലെ രണ്ട് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ കണ്ടെത്തിയ അര്‍ബുദങ്ങള്‍ക്ക് സമാനമാണ് ശീശ വലിക്കാരിലും കണ്ടെത്തിയത്. ഡോ. രവീന്ദര്‍ മമ്താനിയും ഡോ. സുഹൈല ചീമയുമാണ് പഠനം നടത്തിയത്.
പ്രസിദ്ധീകരിച്ച 28 ശാസ്ത്രീയ പഠനങ്ങള്‍ വിലയിരുത്തുകയും ശീശ വലിയും വിവിധ തരത്തിലുള്ള അര്‍ബുദങ്ങള്‍ തമ്മിലുള്ള ബന്ധവും പരിശോധിക്കുകയായിരുന്നു ഇവര്‍. തല, കഴുത്ത്, അന്നനാളി, ഉദരം, ശ്വാസകോശം, മൂത്രാശയം എന്നവക്ക് വരുന്ന അര്‍ബുദങ്ങളാണ് പഠനവിധേയമാക്കിയത്. ശീശ വലിക്കുന്നതിലൂടെ തല, കഴുത്ത്, അന്നനാളി, ശ്വാസകോശം എന്നിവക്ക് അര്‍ബുദം പിടിപെടാനുള്ള സാധ്യത 95 ശതമാനമാണെന്ന് പഠനം വ്യക്തമാക്കുന്നു. ഉദരം, മൂത്രനാളി എന്നിവക്ക് കാന്‍സര്‍ പിടിപെടാനുള്ള സാധ്യത തുലോംകുറവാണെങ്കിലും തള്ളിക്കളയാവതല്ല. പ്രത്യേകിച്ചും യുവതലമുറയിലും സ്ത്രീകളിലും ശീശ ഉപയോഗം ഈയടുത്ത് വര്‍ധിച്ചതിനാല്‍ ഇത്തരമൊരു പഠനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഡബ്ല്യു സി എം- ക്യു ഗ്ലോബല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് ഡീന്‍ ആയ ഡോ. മമ്താനി പറഞ്ഞു.
സിഗരറ്റിനേക്കാള്‍ കൂടുതല്‍ പുക ശീശ വഴി ഉള്ളിലെത്തുന്നുണ്ട്. കൂടുതല്‍ അളവ് പുക ഉള്ളിലേക്ക് വലിക്കുകയും കൂടുതല്‍ സമയം ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെയാണിത്. ശീശയിലെ വെള്ളം പുകയിലടങ്ങിയ വിഷാംശങ്ങളെ അരിച്ചെടുക്കുന്നുണ്ട് എന്ന മിഥ്യാധാരണയിലാണ് പലരും ശീശ സുരക്ഷിതമാണെന്ന് കരുതുന്നത്. യഥാര്‍ഥത്തില്‍ പുകയെ തണുപ്പിക്കുക മാത്രമാണ് വെള്ളമെന്നും വിഷാംശങ്ങളെ വേര്‍തിരിക്കുന്നില്ലെന്നും ഡോ. മമ്താനി ചൂണ്ടിക്കാട്ടി. ഖത്വറില്‍ 15നും 18നും പ്രായമുള്ളവരില്‍ നടത്തിയ സര്‍വേ പ്രകാരം 13 ശതമാനം സിഗരറ്റ് ഇടക്കിടെ ഉപയോഗിക്കുന്നവരാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ ശീശ ഉപയോഗിക്കുന്നവരുടെ എണ്ണം 22 ശതമാനമായിരുന്നു. കോളജ് വിദ്യാര്‍ഥികളില്‍ 27 ശതമാനം പേര്‍ സ്ഥിരമായി സിഗരറ്റ് വലിക്കുന്നവരും 32 ശതമാനം സ്ഥിരമായി ശീശ ഉപയോഗിക്കുന്നവരുമാണ്. മിഡില്‍ ഈസ്റ്റില്‍ സുഹൃദ്‌വേദികളിലും മറ്റും ഒരുമിച്ചിരുന്ന് ശീശ വലിക്കുന്നത് സര്‍വസാധാരണമാണ്.