Connect with us

Gulf

പതിനഞ്ച് റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ലൈസന്‍സ് തൊഴില്‍ മന്ത്രാലയം റദ്ദാക്കി

Published

|

Last Updated

ദോഹ: നിയമം ലംഘിച്ചതിന് രാജ്യത്തെ 15 റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ലൈസന്‍സ് തൊഴില്‍ മന്ത്രാലയം റദ്ദാക്കി. മന്ത്രാലയത്തിലെ മാന്‍പവര്‍ ഏജന്‍സീസ് വകുപ്പ് 57 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍, വീട്ടുജോലിക്കാര്‍ എന്നിവരുമായി ബന്ധപ്പെട്ട മുന്നൂറിലേറെ പരാതികള്‍ ലഭിച്ചതായും ഇവയെല്ലാം പരിഹരിച്ചതായും വകുപ്പ് മേധാവി ഫാരിസ് അല്‍ കഅബി അറിയിച്ചു.
തൊഴിലുടമകളും വീട്ടുജോലിക്കാരും കരാറില്‍ ഒപ്പിടണമെന്നും അത് പാലിക്കണമെന്നും റിക്രൂട്ട്‌മെന്റിന്റെ ബില്ലുകള്‍ സൂക്ഷിച്ച് വെക്കണമെന്നും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ സ്‌നാപ്ചാറ്റ് പോസ്റ്റില്‍ കഅബി പറഞ്ഞു. വീട്ടുജോലിക്കാരെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളും മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കണം. പ്രധാനമായും നാല് കാരണങ്ങള്‍ കൊണ്ടാണ് തൊഴിലുടമകള്‍ വീട്ടുജോലിക്കാരെ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ അടുത്തേക്ക് തിരിച്ചയക്കുന്നത്. ജോലി ചെയ്യാന്‍ വിസമ്മതിക്കുക (ഇത് തെളിവുസഹിതം രേഖപ്പെടുത്തണം), ആരോഗ്യസ്ഥിതി മോശമാവുക, ഉന്നയിച്ച യോഗ്യതകള്‍ ഇല്ലാതിരിക്കുക, പുതിയ ജോലിക്കാരന് അധികൃതര്‍ താമസാനുമതി നല്‍കാതിരിക്കുക തുടങ്ങിയവയാണ് കാരണങ്ങള്‍.
നിയമം ലംഘിച്ചെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ വകുപ്പ് അന്വേഷണം നടത്തും. നിയമലംഘനം വ്യക്തമായാല്‍ ഏജന്‍സിയില്‍ നിന്ന് വിശദീകരണം തേടും. തൃപ്തികരമായ വിശദീകരണം നല്‍കാതിരുന്നാലോ സഹകരിക്കാതിരുന്നാലോ നിയമനടപടി സ്വീകരിക്കുകയാണ് പതിവ്. ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കുക, യോഗ്യതയില്ലാത്ത വീട്ടുജോലിക്കാരനെ തിരിച്ചയക്കുക എന്നിവ ഉള്‍പ്പെടുന്നതാണ് നിയമനടപടികള്‍. വീട്ടുജോലിക്കാരെ നല്‍കുന്നതിനുള്ള കാലയളവും കാലതാമസമുണ്ടായാല്‍ ഈടാക്കാവുന്ന പിഴയും കരാറില്‍ വ്യക്തമാക്കണം. മറ്റ് യോഗ്യതകളും മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തണം. കാലതാമസമുണ്ടായാല്‍ തൊഴിലുടമക്ക് കരാര്‍ പ്രകാരമുള്ള പിഴ ലഭിക്കാന്‍ അര്‍ഹതയുണ്ട്. കരാറില്‍ തൊഴിലാളിയും ഒപ്പുവെക്കണം. നിയമപരിരക്ഷ ലഭിക്കാന്‍ കരാര്‍ മന്ത്രാലയം സര്‍ട്ടിഫൈ ചെയ്യണം.

Latest