Connect with us

Gulf

സഊദി- ഖത്വര്‍ പാലം നിര്‍മാണം വൈകാതെ ആരംഭിക്കും

Published

|

Last Updated

ദോഹ: സഊദിക്കും ഖത്വറിനുമിടയില്‍ നിലവില്‍ വരുന്ന പാലത്തിന്റെ നിര്‍മാണ ജോലികള്‍ വൈകാതെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. അല്‍ അഹ്‌സ വഴി ഖത്വറിനെ ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ റോഡ് പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സഊദി പത്രമായ അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സഊദിയില്‍ നിന്നും ബഹ്‌റൈനിലേക്കും പാലം നിര്‍മിക്കുന്നുണ്ട്. അല്‍ അഹ്‌സയില്‍ നിന്നും 40 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരിക്കും ഈ പാലം. ഇരു പാലങ്ങളും ഒന്നിച്ചായിരിക്കും നിര്‍മാണം ആരംഭിക്കുക. നിലവിലുള്ള സഊദി-ബഹ്‌റൈന്‍ കോസ്‌വേയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെയാണ് നിര്‍ദിഷ്ട ബഹ്‌റൈന്‍ പാലം. റിയാദില്‍ നിന്നും 380 കിലോമീറ്റര്‍ ദൂരവും ഈ പാലത്തിലേക്കുണ്ടാകും. എന്നാല്‍ നിര്‍ദിഷ്ട ബഹ്‌റൈന്‍ പാലത്തില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരെയായിരിക്കും ഖത്വറിലേക്കുള്ള പാലം. റിയാദില്‍ നിന്നും 425 കിലോമീറ്റര്‍ വിദൂരത്തുമായിരിക്കും ഖത്വര്‍ പാലം.
പാലം നിര്‍മാണത്തിനു വേണ്ടി രേഖാപരമായ തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി വരികയാണെന്നും വൈകാതെ നിര്‍മാണം ആരംഭിക്കുമെന്നും അല്‍ അഹ്‌സ റീജ്യന്‍ സെക്രട്ടറി ആദില്‍ ബിന്‍ മുഹമ്മദ് അല്‍ മല്‍ഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലും സഞ്ചാരവും വ്യാപാര ഇടപാടുകളും വര്‍ധിപ്പിക്കുന്നതായിരിക്കും പാലങ്ങള്‍. ഗള്‍ഫിലെ വലിയ രാജ്യമായ സഊദി അറേബ്യയുമായുള്ള കരമാര്‍ഗം ബഹ്‌റൈനും സഊദിക്കും ഏറെ ഗുണം ചെയ്യും.
ഖത്വറും സഊദിയും തമ്മില്‍ നിലവില്‍ അതിര്‍ത്തി പങ്കിടകയും റോഡു മാര്‍ഗം ഗതാഗതം നടന്നു വരികയും ചെയ്യുന്നുണ്ട്. എന്നാല്‍ നിര്‍ദിഷ്ട പാലം യാഥാര്‍ഥ്യമായാല്‍ അല്‍ അഹ്‌സയിലേക്കുള്ള യാത്രാ ദൈര്‍ഘ്യം അര മണിക്കൂറായി ചുരുങ്ങും.
സഊദി അറേബ്യെയും ബഹ്‌റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലം നിര്‍മിക്കുന്നതു സംബന്ധിച്ച് ഒരു വര്‍ഷം മുമ്പു തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. പ്രസിദ്ധമായി കിംഗ് ഫഹദ് കോസ്‌വേയാണ് നിലവിലുള്ളത്. 25 കിലോമീറ്ററാണ് ഈ പാലത്തിന്റെ ദൈര്‍ഘ്യം.
പാലം സംബന്ധിച്ചുള്ള സാധ്യതാ പഠനം സെപ്തംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. പുതിയ പാലങ്ങള്‍ റോഡിനു പുറമേ സഊദി അറേബ്യയുമായ റയില്‍ ലൈനിനെയും ബന്ധിപ്പിക്കുന്നതാകുമെന്നും സൂചനയുണ്ട്.

Latest